സ്റ്റോപ്പ് മെമ്മോ മറികടന്ന് നിർമാണം: കാസർകോട്ടെ സേവാഭാരതി ഓഡിറ്റോറിയം പൊളിച്ചുനീക്കണമെന്ന് ഹൈക്കോടതി

കാസർകോട്: കാസർകോട് പൊതുമരാമത്ത് വകുപ്പിന്റെ പുറമ്പോക്ക് ഭൂമിയിൽ സേവാഭാരതി നടത്തിയ അനധികൃത നിർമാണ പ്രവർത്തനങ്ങൾ അടിയന്തരമായി പൊളിച്ചുമാറ്റാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. മുസ്‌ലിം യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം ജനറൽ സെക്രട്ടറി മജീദ് പച്ചമ്പള സമർപ്പിച്ച പൊതുതാത്പര്യ ഹരജിയിലാണ് ചീഫ് ജസ്റ്റിസ് സൗമൻ സെൻ, ജസ്റ്റിസ് ശ്യാം കുമാർ വി.എം എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ സുപ്രധാന വിധി.ജോഡുകല്ല് ഗ്രാമീണ ബാങ്കിന് സമീപമുള്ള പിഡബ്ല്യുഡി പുറമ്പോക്ക് ഭൂമിയിലാണ് യാതൊരു അനുമതിയും കൂടാതെ സ്ഥിരം നിർമാണ പ്രവൃത്തികൾ നടത്തിയത്. ഏകദേശം 21,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള കൂറ്റൻ ഓഡിറ്റോറിയമാണ് നിർമിക്കുന്നത്. ഇതിൻ്റെ നിർമാണ പ്രവൃത്തികൾ 90 ശതമാനത്തോളം പൂർത്തിയായിട്ടുണ്ട്. റോഡ് നവീകരണത്തിനായി മാറ്റിവെച്ച സർക്കാർ ഭൂമി ഉൾപ്പെടെ കയ്യേറിയാണ് ഓഡിറ്റോറിയം നിർമിക്കുന്നതെന്നായിരുന്നു പരാതി. 2026 ജൂലൈ 22ന് മംഗൽപാടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി നിർമാണം തടഞ്ഞുകൊണ്ട് സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. എന്നാൽ സ്റ്റോപ്പ് മെമ്മോ അവഗണിച്ച് നിർമാണ പ്രവർത്തനങ്ങൾ തുടരുകയായിരുന്നു.പഞ്ചായത്തിന്റെ സ്റ്റോപ്പ് മെമ്മോ നിലനിൽക്കെ നിർമാണം തുടർന്നത് ചൂണ്ടിക്കാട്ടിയ കോടതി, നിയമപ്രകാരം മുഴുവൻ അനധികൃത നിർമാണങ്ങളും അടിയന്തരമായി നീക്കം ചെയ്യാൻ സർക്കാരിനോടും ബന്ധപ്പെട്ട അധികാരികളോടും നിർദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *