തൃശൂർ തേക്കിൻകാട് മൈതാനത്ത് രാഷ്ട്രീയ പരിപാടികൾക്ക് ഹൈക്കോടതി പൂർണ വിലക്കേർപ്പെടുത്തി

തൃശൂർ വടക്കുംനാഥ ക്ഷേത്ര മൈതാനമായ തേക്കിൻകാട് മൈതാനത്ത് രാഷ്ട്രീയ യോഗങ്ങളും പ്രതിഷേധങ്ങളും പൂർണ്ണമായി നിരോധിച്ച് കേരള ഹൈക്കോടതി ഉത്തരവിട്ടു. ക്ഷേത്ര മൈതാനത്തിന്റെ പവിത്രത കാത്തുസൂക്ഷിക്കണമെന്നും മുൻ ഉത്തരവുകൾ ലംഘിച്ച് ഇവിടെ രാഷ്ട്രീയ യോഗങ്ങളും മറ്റ് പരിപാടികളും നടത്തുന്നുവെന്നും കാണിച്ച് തൃശൂർ സ്വദേശി സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ നിർണ്ണായക വിധി. ജസ്റ്റിസുമാരായ വി. രാജ വിജയരാഘവൻ, കെ.വി. ജയകുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. കൊച്ചിൻ ദേവസ്വം ബോർഡിന്റെ സാമ്പത്തിക പ്രതിസന്ധിയും ഭക്തരുടെ വികാരങ്ങളും കണക്കിലെടുത്തുള്ള സന്തുലിത സമീപനമാണ് കോടതി സ്വീകരിച്ചത്. മൈതാനം മുഴുവനായി വെറുതെയിടുന്നത് ദേവസ്വം ബോർഡിന്റെ വരുമാനത്തെ ബാധിക്കുമെന്ന വാദം അംഗീകരിച്ച കോടതി, കർശന നിബന്ധനകൾക്ക് വിധേയമായി മതപരമല്ലാത്ത ചില ആവശ്യങ്ങൾക്ക് മൈതാനം താൽക്കാലികമായി വിട്ടുനൽകാൻ ദേവസ്വം ബോർഡിന് അനുമതി നൽകിയിട്ടുണ്ട്.ക്ഷേത്രാരാധനകളിൽ രാഷ്ട്രീയത്തിന് യാതൊരു പങ്കുമില്ലെന്ന് മുൻകാല വിധിന്യായങ്ങൾ ചൂണ്ടിക്കാട്ടി കോടതി ഓർമ്മിപ്പിച്ചു. രാഷ്ട്രീയ പാർട്ടികളുടെ യാതൊരുവിധ പ്രതിഷേധങ്ങൾക്കോ കൂട്ടായ്മകൾക്കോ ഇനി മൈതാനം നൽകാൻ പാടില്ല. കൂടാതെ സംസ്ഥാന സർക്കാരിന്റെ പൊതു പരിപാടികൾക്കും അതിനോടനുബന്ധിച്ചുള്ള വാഹന പാർക്കിങ്ങിനുമായി മൈതാനം അനുവദിക്കരുതെന്നും വിധിയിലുണ്ട്. മുൻകൂർ അനുമതിയില്ലാതെ ക്ഷേത്ര മൈതാനത്ത് സ്ഥിരമോ താൽക്കാലികമോ ആയ നിർമ്മാണ പ്രവർത്തനങ്ങളോ സൗന്ദര്യവൽക്കരണ പദ്ധതികളോ നടത്താൻ പാടില്ലാത്തതാണ്.അതേസമയം, സാംസ്കാരിക പരിപാടികൾക്ക് അനുമതി നൽകാൻ ദേവസ്വം ബോർഡിന് അധികാരമുണ്ടായിരിക്കും. മറ്റ് ദേവസ്വം ബോർഡുകളുടെ കീഴിലുള്ള പരിപാടികൾക്ക് വാടകയില്ലാതെ അനുമതി നൽകാം. കോടതി വിലക്കിയ രാഷ്ട്രീയ യോഗങ്ങൾ ഒഴികെയുള്ള നിശ്ചിത പരിപാടികൾക്ക് ന്യായമായ വാടക ഈടാക്കി, കർശന വ്യവസ്ഥകളോടെ അനുമതി നൽകാൻ ബോർഡിന് ഇനി മുതൽ കോടതിയെ സമീപിക്കേണ്ടതില്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.മൈതാനം വിവിധ പരിപാടികൾക്കായി വിട്ടുനൽകുമ്പോൾ ഒപ്പുവെക്കുന്ന വാടകക്കരാറിൽ കർശനമായ നിബന്ധനകൾ ഉൾപ്പെടുത്തണമെന്ന് കോടതി നിർദ്ദേശിച്ചിട്ടുണ്ട്. മൈതാനത്ത് സസ്യാഹാരേതര ഭക്ഷണങ്ങളുടെ വിൽപനയും ഉപഭോഗവും പൂർണ്ണമായും നിരോധിക്കേണ്ടതാണ്. പരിപാടി കഴിഞ്ഞയുടൻ പ്രദേശം പൂർവ്വസ്ഥിതിയിലാക്കേണ്ടത് സംഘാടകരുടെ ഉത്തരവാദിത്തമാണ്. പ്ലാസ്റ്റിക്, ഫ്ലെക്സ് ബോർഡുകൾ, ബയോ-ഡീഗ്രേഡബിൾ അല്ലാത്ത മറ്റ് വസ്‌തുക്കൾ എന്നിവയുടെ ഉപയോഗം ഇവിടെ പൂർണ്ണമായി നിരോധിച്ചു. ജല, മണ്ണ് മലിനീകരണവും സസ്യങ്ങൾക്കോ ക്ഷേത്ര സ്വത്തുക്കൾക്കോ ഉള്ള നാശനഷ്ടങ്ങളും കർശനമായി തടയേണ്ടതുണ്ട്. കൂടാതെ, ഉച്ചഭാഷിണികളും ആംപ്ലിഫയറുകളും അനുവദനീയമായ ഡെസിബെൽ പരിധികൾ പാലിച്ചും ശബ്ദമലിനീകരണം ഉണ്ടാക്കാത്ത രീതിയിലും മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂവെന്നും ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *