ന്യൂഡല്‍ഹി: വിവാഹ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ വലിയ തുക നേടിയെടുക്കുന്നതിന് വേണ്ടി ഭര്‍തൃവീട്ടുകാരെ നിര്ബന്ധിതരാക്കുക എന്ന ലക്ഷ്യത്തോടെ, സ്ത്രീകള്‍ ഗുരുതരമായ ലൈംഗിക അതിക്രമ ആരോപണങ്ങള്‍ ഉന്നയിക്കുന്ന ഒരു പ്രവണത വര്‍ദ്ധിച്ചുവരുന്നതായി ഡല്‍ഹി ഹൈക്കോടതി. ഭര്‍തൃസഹോദരന്‍മാര്‍ക്കെതിരെയുള്ള യുവതി കൊടുത്ത ബലാത്സംഗ കേസില്‍ വിചാരണക്കോടതി നടപടികള്‍ സ്റ്റേ ചെയ്തുകൊണ്ട് ജസ്റ്റിസ് ഗിരീഷ് കത്പാലിയയാണ് ഈ നിരീക്ഷണം നടത്തിയത്.ഭര്‍ത്താവിനെതിരെ ബലാത്സംഗവും ക്രൂരതയും ആരോപിച്ച് ഭാര്യ കേസ് കൊടുത്തിരുന്നു. സ്ത്രീധന പീഡനക്കേസുകളില്‍ ഉടനടിയുള്ള അറസ്റ്റുകള്‍ പലപ്പോഴും ഉണ്ടാവാറില്ല. ഇത്തരം സാഹചര്യത്തിലാണ് ലൈംഗിക പീഡനം പോലുള്ള ഗുരുതരമായ വകുപ്പുകള്‍ കേസുകളില്‍ കൂടുതലായി കാണുന്നതെന്ന വാദത്തില്‍ കഴമ്പുണ്ടെന്ന് കോടതി നിരീക്ഷിച്ചു.വിവാഹ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ വലിയ തുക നല്കാന് പരാതിക്കാരിയുടെ ഭര്‍തൃവീട്ടുകാരെ നിര്ബന്ധിതരാക്കുക എന്ന ലക്ഷ്യത്തോടെ മാത്രം, ബലാത്സംഗം പോലെയുള്ള മറ്റ് ഗുരുതരമായ ലൈംഗിക അതിക്രമങ്ങള്‍ ആരോപിക്കുന്ന ഒരു പ്രവണത കണ്ടുവരുന്നുവെന്നും കോടതി വ്യക്തമാക്കി.പിരിഞ്ഞു കഴിയുന്ന ഭാര്യ ബലാത്സംഗക്കുറ്റം ആരോപിച്ച് നല്കിയ എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഭര്‍ത്താവിന്റെ സഹോദരന്മാര് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. പരാതിക്കാരിയുടെ ഭര്‍ത്താവ് 2023 സെപ്റ്റംബറില്‍ വിവാഹമോചനത്തിന് അപേക്ഷ നല്‍കിയതായും, അതിനുശേഷം ഏഴ് മാസങ്ങള്‍ക്ക് കഴിഞ്ഞ് 2024 ഏപ്രിലിലാണ് ഭാര്യ പൊലീസില്‍ പരാതി നല്‍കിയതെന്നും പ്രതിഭാഗം വാദിച്ചു. ഈ എഫ്.ഐ.ആര് പൂര്‍ണ്ണമായും പ്രതികാരബുദ്ധിയോടെ ചെയ്തതാണെന്നും വാദിച്ചു. 2024 ഏപ്രിലില്‍ ആദ്യ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തപ്പോള്‍ ഭര്തൃസഹോദരന്മാര്ക്കെതിരെ ബലാത്സംഗ ആരോപണങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ രണ്ട് മാസങ്ങള്‍ക്ക് ശേഷം, സി.ആര്.പി.സി സെക്ഷന്‍ 164 പ്രകാരം മജിസ്ട്രേറ്റിന് മുന്നില്‍ മൊഴി രേഖപ്പെടുത്തുമ്പോള്‍, 2017-ല്‍ താന്‍ ബലാത്സംഗത്തിന് ഇരയായിട്ടുണ്ടെന്ന് ആദ്യമായി ആരോപിക്കുകയായിരുന്നു.കഴിഞ്ഞ ഏഴ് വര്‍ഷമായി ഈ ക്രൂരതയെക്കുറിച്ച് പരാതിക്കാരി എന്തുകൊണ്ട് നിശ്ശബ്ദത പാലിച്ചു എന്നതിന് യാതൊരു വിശദീകരണവുമില്ലെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു. കേസ് ഇനി 2026 നവംബര്‍ 17-ന് വീണ്ടും പരിഗണിക്കും.
വിവാഹ തര്‍ക്കങ്ങള്‍ പരിഹരിച്ച് വലിയ തുക നേടാന്‍ ബലാത്സംഗ പരാതികള്‍ നല്കുന്നു: ഡല്‍ഹി ഹൈക്കോടതി
