ക്രൈസ്തവ വിവാഹമോചന നിയമം ഭേദഗതി ചെയ്യണം; കേരള ഹൈക്കോടതി

കൊച്ചി: ക്രൈസ്തവ വിവാഹമോചന നിയമവും മറ്റു വ്യക്തിനിയമങ്ങളും തമ്മിലുള്ള വ്യത്യാസം ചൂണ്ടിക്കാട്ടി, 1869 ലെ ഇന്ത്യൻ ഡിവോഴ്സ് ആക്ടിൽ ഭേദഗതി വരുത്താൻ പാർലമെന്റിനോട് ആവശ്യപ്പെട്ട് കേരള ഹൈക്കോടതി. ക്രൈസ്തവ സ്ത്രീകൾക്ക് അവർ നിലവിൽ താമസിക്കുന്ന സ്ഥലത്തെ കുടുംബകോടതികളിൽ വിവാഹമോചന ഹർജി സമർപ്പിക്കാൻ അനുവാദം നൽകുന്ന രീതിയിൽ നിയമം പരിഷ്കരിക്കണമെന്നാണ് ഹൈക്കോടതിയുടെ ആവശ്യം.ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഉൾപ്പെട്ട സിംഗിൾ ബെഞ്ചാണ് ജൂൺ 30 ന് സുപ്രധാന നിരീക്ഷണം നടത്തിയത്. ഭാര്യ താമസിക്കുന്ന സ്ഥലത്ത് ഹർജി നൽകാൻ അനുമതി നൽകുന്ന ഒരു വ്യവസ്ഥ നിലവിൽ നിയമത്തിൽ ഇല്ല. അതിനാൽ, ഈ നിയമത്തിന്റെ പരിധിയിൽ വരുന്ന സ്ത്രീകളുടെ താല്പര്യം മുൻനിർത്തി, ഹർജി ഫയൽ ചെയ്യുന്ന സമയത്ത് തങ്ങൾ താമസിക്കുന്ന അധികാരപരിധിയിലുള്ള കോടതിയെ സമീപിക്കാൻ സ്ത്രീകൾക്ക് അവകാശം നൽകുന്ന രീതിയിൽ ഒരു ഭേദഗതി കൊണ്ടുവരുന്ന കാര്യം പാർലമെന്റ് ഗൗരവമായി പരിഗണിക്കേണ്ടതുണ്ടെന്ന് കോടതി വ്യക്തമാക്കി.നിയമത്തിൽ ഈ വ്യവസ്ഥ ഇല്ലാത്തതിന് ന്യായമായ കാരണങ്ങളൊന്നുമില്ലെന്നും, എന്നാൽ നിയമം നിർമ്മിക്കുകയോ ഭേദഗതി ചെയ്യുകയോ ചെയ്യുന്നത് കോടതിയുടെ പരിധിയിൽ വരുന്ന കാര്യമല്ലെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.കൽപ്പറ്റ കുടുംബ കോടതി നിരസിച്ച ഒരു വിവാഹ മോചന കേസാണ് ഹൈക്കോടതിയുടെ നിരീക്ഷണത്തിന് ആധാരം. ഹർജിക്കാരിയായ യുവതിയുടെ വിവാഹം 2011 ൽ കാസർഗോഡ് വെച്ചാണ് നടന്നത്. ഭർതൃവീട്ടിൽ കടുത്ത ഗാർഹിക പീഡനം നേരിട്ടതിനെ തുടർന്ന് 2023 ൽ തൊണ്ടർനാട് പൊലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു. തുടർന്ന് ഭർതൃവീട് ഉപേക്ഷിച്ച യുവതി വയനാട്ടിലുള്ള സ്വന്തം മാതാപിതാക്കളുടെ അടുത്തേക്ക് മാറിത്താമസിച്ചു.വിവാഹമോചനത്തിനായി യുവതി വയനാട്ടിലെ കൽപ്പറ്റ കുടുംബ കോടതിയെ സമീപിച്ചെങ്കിലും, ഡിവോഴ്സ് ആക്ടിലെ സെക്ഷൻ 3(3) പ്രകാരമുള്ള പ്രാദേശിക അധികാരപരിധി ഇല്ലെന്ന് ചൂണ്ടിക്കാട്ടി കോടതി ഹർജി മടക്കി. ഇതിനെതിരെയാണ് യുവതി ഹൈക്കോടതിയെ സമീപിച്ചത്. ഭാര്യ താമസിക്കുന്ന ജില്ല കൂടി സെക്ഷൻ 3(3) ന്റെ പരിധിയിൽ ഉൾപ്പെടുത്തി വ്യാഖ്യാനിക്കണമെന്നായിരുന്നു യുവതിയുടെ ആവശ്യം.ഇന്ത്യയിൽ ഹിന്ദുക്കൾ, ബുദ്ധമതക്കാർ, ജൈനന്മാർ, സിഖുകാർ എന്നിവർക്ക് 1955 ലെ ഹിന്ദു വിവാഹ നിയമവും, അന്തർമത വിവാഹങ്ങൾക്കും സിവിൽ വിവാഹങ്ങൾക്കും 1954 ലെ പ്രത്യേക വിവാഹ നിയമവും ബാധകമാണ്. എന്നാൽ ക്രൈസ്തവർക്ക് കൊളോണിയൽ കാലത്തെ 1869 ലെ ഡിവോഴ്സ് ആക്ടാണ് ബാധകം. 2001 ൽ ഈ നിയമത്തിൽ വലിയ ഭേദഗതികൾ വരുത്തി ലിംഗവിവേചനം ഒഴിവാക്കിയിരുന്നെങ്കിലും, കോടതികളുടെ അധികാരപരിധി നിശ്ചയിക്കുന്ന സെക്ഷൻ 3 ൽ മാറ്റമൊന്നും വരുത്തിയിരുന്നില്ല.സെക്ഷൻ 3(3) പ്രകാരം വിവാഹമോചന ഹർജി നൽകാൻ മൂന്ന് വ്യവസ്ഥകളാണുള്ളത്. വിവാഹം നടന്നതോ അല്ലെങ്കിൽ ദമ്പതികൾ ഒന്നിച്ച് താമസിച്ചതോ ആയ ജില്ലയിലെ കോടതിയിൽ മാത്രമേ ഹർജി നൽകാൻ കഴിയൂ. ഹിന്ദു, സിവിൽ വിവാഹ നിയമങ്ങളിൽ 2003 ൽ തന്നെ ഈ പോരായ്മ പാർലമെന്റ് പരിഹരിച്ചിരുന്നെങ്കിലും ക്രൈസ്തവ നിയമത്തിൽ ഇതുവരെ ഭേദഗതി വരുത്തിയിട്ടില്ല.നിലവിലെ നിയമത്തിലെ വ്യവസ്ഥകൾ ലളിതവും വ്യക്തവുമാണെന്നും, അതിൽ മാറ്റം വരുത്താൻ കോടതികൾക്ക് അധികാരമില്ലെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് വ്യക്തമാക്കി. നിയമത്തിലെ വാക്കുകൾ വ്യക്തമായിരിക്കുമ്പോൾ, അതിന്റെ അനന്തരഫലങ്ങൾ നോക്കാതെ അത് നടപ്പിലാക്കാൻ കോടതികൾ ബാധ്യസ്ഥരാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വ്യത്യസ്ത മതവിഭാഗങ്ങളുടെ വ്യക്തിനിയമങ്ങൾ പരസ്പരം വ്യത്യാസപ്പെട്ടിരിക്കാമെന്നതിനാൽ, ഈ നിയമപരമായ പോരായ്മ ഭരണഘടനാ വിരുദ്ധമായ വിവേചനമായി കണക്കാക്കാൻ കഴിയില്ലെന്ന് പറഞ്ഞ് യുവതിയുടെ വാദം കോടതി തള്ളി.എന്നിരുന്നാലും, ഇത്തരം സാഹചര്യങ്ങളിൽ സ്ത്രീകൾ പൂർണ്ണമായും നിസ്സഹായരല്ലെന്ന് കോടതി നിരീക്ഷിച്ചു. സിവിൽ നടപടിക്രമം സെക്ഷൻ 24 പ്രകാരം കേസ് തങ്ങൾക്ക് സൗകര്യപ്രദമായ മറ്റൊരു കോടതിയിലേക്ക് മാറ്റാൻ അപേക്ഷ നൽകാൻ ഹർജിക്കാരിക്ക് അവകാശമുണ്ട്. സെക്ഷൻ 3(3) കേസ് ആദ്യം എവിടെ ഫയൽ ചെയ്യണം എന്ന് മാത്രമാണ് നിശ്ചയിക്കുന്നത്, കേസ് എവിടെ തുടരണം എന്ന് നിർബന്ധിക്കുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *