ഭോപ്പാൽ: ദമ്പതികൾ തമ്മിലുണ്ടാകുന്ന തര്‍ക്കത്തിനിടയിൽ ഉണ്ടാകുന്ന വാക്കേറ്റങ്ങളും അധിക്ഷേപങ്ങളും ക്രിമിനൽ നിയമപ്രകാരം കടുത്തതും പെട്ടെന്നുള്ളതുമായ പ്രകോപനമായി മാറുമോ? നിയമപരവും സാമൂഹികവുമായ ചർച്ചകൾക്ക് തിരികൊളുത്താൻ സാധ്യതയുള്ള ഒരു വിധിന്യായത്തിൽ, മധ്യപ്രദേശ് ഹൈക്കോടതി ഒരു പുരുഷന്‍റെ ജീവപര്യന്തം തടവ് ഏഴ് വർഷമായി കുറച്ചു.’നിന്നെപ്പോലെ 1000 ഭര്‍ത്താക്കൻമാരെ കിട്ടും’ എന്ന ഭാര്യയുടെ പരാമര്‍ശം അവരെ കൊലപ്പെടുത്തുന്നതിന് മുൻപ് അയാളുടെ ആത്മനിയന്ത്രണം നഷ്ടപ്പെടുത്തിയ ഗുരുതരമായതും പെട്ടെന്നുള്ളതുമായ പ്രകോപനമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് വിവേക് അഗർവാൾ, ജസ്റ്റിസ് അവനീന്ദ്ര കുമാർ സിംഗ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസിൽ ഭാഗികമായി ഇളവ് അനുവദിച്ച് ഉത്തരവിട്ടത്. 2021 ജൂലൈയിൽ ചിന്ദ്വാരയിലെ കുൽബഹേരി നദീതീരത്ത് വെച്ച് ഗർഭിണിയായ ഭാര്യ കിരണിനെ കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ വിചാരണ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച ശിവ എന്ന യുവാവിന്‍റെ അപ്പീലിലാണ് ഹൈക്കോടതിയുടെ ഈ വിധി.വിചാരണ കോടതി അദ്ദേഹത്തെ കുറ്റക്കാരനാണെന്ന് കണ്ടെത്തി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു.കേസിൽ കൊലപാതകം നടന്നു എന്നത് തർക്കമില്ലാത്ത കാര്യമാണെന്ന് വ്യക്തമാക്കിയ ഹൈക്കോടതി, എന്നാൽ കേസിന്‍റെ പശ്ചാത്തലം പരിശോധിക്കുമ്പോൾ പ്രതിക്ക് ജീവപര്യന്തം ശിക്ഷ നൽകുന്നത് നീതീകരിക്കാനാകില്ലെന്ന് നിരീക്ഷിച്ചു.കൊലപാതകം നടന്ന് അധികം താമസിയാതെ ശിവ തന്നെ കിരണിന്‍റെ ബന്ധുക്കളെ ഫോണിൽ വിളിച്ച് താൻ അവളെ കൊലപ്പെടുത്തിയെന്ന് സമ്മതിച്ചതായി പ്രോസിക്യൂഷൻ പറഞ്ഞു. കാരണം ചോദിച്ചപ്പോൾ ‘നിന്നെപ്പോലെ ആയിരം ഭര്‍ത്താക്കൻമാരെ സ്വന്തമാക്കാം’ എന്ന് കിരൺ പറഞ്ഞതായി ശിവ വെളിപ്പെടുത്തിയത്. ഇതിൽ പ്രകോപിതനായ ശിവ സമീപത്ത് കിടന്നിരുന്ന കല്ലെടുത്ത് ഭാര്യയെ ആക്രമിക്കുകയായിരുന്നു.കൊല്ലപ്പെടുമ്പോൾ ഏഴ് മാസം ഗര്‍ഭിണിയായിരുന്നു കിരൺ. മുഖത്ത് ഗുരുതരമായി പരിക്കേറ്റിരുന്നു. വാരിയെല്ലുകളും ബ്രെസ്റ്റ്ബോണും ഒടിഞ്ഞിരുന്നു. സുപ്രധാന അവയവങ്ങൾക്ക് ഗുരുതരമായി പരിക്കേറ്റതിനെത്തുടർന്ന് ഹൃദയ-ശ്വാസകോശ സ്തംഭനം മൂലമാണ് മരിച്ചതെന്നും പോസ്റ്റ്‌മോർട്ടത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കിരണിന്‍റെ മരണത്തിനുത്തരവാദി ശിവയാണെന്ന് സ്ഥിരീകരിച്ച് ആക്രമണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾക്ക് ഹൈക്കോടതി ഊന്നൽ നൽകുകയായിരുന്നു.പ്രതി മുൻകൂട്ടി ആസൂത്രണം ചെയ്ത കൊലപാതകമായിരുന്നെങ്കിൽ പൊലീസിനെയും ബന്ധുക്കളെയും അറിയിക്കുമായിരുന്നില്ലെന്നും ബെഞ്ച് നിരീക്ഷിച്ചു. കല്ല് കൊണ്ട് ആവര്‍ത്തിച്ച് ആക്രമിച്ചതിന്‍റെ തെളിവുകളില്ലെന്നും ചൂണ്ടിക്കാട്ടി. അതേസമയം സംഭവം നടന്ന സ്ഥലത്തെ പാറക്കെട്ടുകൾ നിറഞ്ഞ നദീതടത്തിൽ നിന്ന് ചില പരിക്കുകൾ ഉണ്ടായിരിക്കാമെന്നും കോടതി അഭിപ്രായപ്പെട്ടു. ഭാര്യ ഭർത്താവിനോട് ‘നിന്നെപ്പോലെ ആയിരം ഭർത്താക്കന്മാരെ വെക്കാൻ എനിക്ക് കഴിയും’ എന്ന് പറയുന്നത്, ഭർത്താവ് ഒന്നിനും കൊള്ളാത്തവനാണെന്ന പരോക്ഷമായ പരാമർശത്തിന് തുല്യമാണെന്ന് മധ്യപ്രദേശ് ഹൈക്കോടതി വ്യക്തമാക്കി.
നിന്നെപ്പോലെ 1000 ഭർത്താക്കന്മാരെ കിട്ടും’; ഭാര്യയുടെ പരിഹാസം കടുത്ത പ്രകോപനമെന്ന് കോടതി
