വിവാഹേതര ബന്ധം ആരോപിക്കപ്പെട്ട പങ്കാളിക്ക് സ്വകാര്യതയ്ക്കുള്ള അവകാശം കവചമായി ഉപയോഗിക്കാനാവില്ല: സുപ്രീം കോടതി

വിവാഹേതര ബന്ധം ആരോപിക്കപ്പെട്ട പങ്കാളിക്ക്, തന്റെ ഫോണ്‍ കോള്‍ വിവരങ്ങളും ഹോട്ടല്‍ താമസ രേഖകളും കോടതിയില്‍ ഹാജരാക്കുന്നത് തടയാൻ ഭരണഘടന ഉറപ്പുനല്‍കുന്ന ‘സ്വകാര്യതയ്ക്കുള്ള അവകാശം’ കവചമായി ഉപയോഗിക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി.തന്റെ സ്വകാര്യ വിവരങ്ങള്‍ കോടതിയില്‍ വെളിപ്പെടുത്തുന്നത് മൗലികാവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ഒരു ഭർത്താവ് സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ ഈ സുപ്രധാന നിരീക്ഷണം. ജസ്റ്റിസുമാരായ മൻമോഹൻ, കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഡല്‍ഹി ഹൈക്കോടതിയുടെ മുൻ ഉത്തരവ് ശരിവെച്ചത്.പൊതുതാല്‍പ്പര്യ കേസുകളില്‍ സ്വകാര്യതയ്ക്കുള്ള അവകാശം പരമമല്ലെന്നും അതില്‍ ന്യായമായ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്താമെന്നുമുള്ള ഹൈക്കോടതി നിരീക്ഷണം സുപ്രീം കോടതി അംഗീകരിച്ചു. ഭരണഘടനയുടെ 21-ാം അനുച്ഛേദപ്രകാരമുള്ള സ്വകാര്യതയ്ക്കുള്ള അവകാശം പൊതുതാല്‍പ്പര്യം മുൻനിർത്തി നിയന്ത്രിക്കാവുന്നതാണ്. ന്ദു വിവാഹ നിയമപ്രകാരം വിവാഹേതര ബന്ധം വിവാഹമോചനത്തിനുള്ള വ്യക്തമായ കാരണമായി അംഗീകരിക്കുന്നുണ്ട്. വിവാഹബന്ധം നിലനില്‍ക്കെ മറ്റ് സ്ത്രീകളുമായി ലൈംഗികബന്ധത്തില്‍ ഏർപ്പെടുന്ന ഒരു പുരുഷനെ, സ്വകാര്യതയുടെ പേരില്‍ സംരക്ഷിക്കുന്നത് പൊതുതാല്‍പ്പര്യത്തിന് നിരക്കുന്നതല്ലെന്നും കോടതി വ്യക്തമാക്കി.1998ല്‍ വിവാഹിതരായ ദമ്പതികളുടെ കേസിലാണ് ഈ വിധി. ഭർത്താവിന് മറ്റൊരു സ്ത്രീയുമായി അവിഹിത ബന്ധമുണ്ടെന്നും അവർ ജയ്പൂരിലെ ഒരു ഹോട്ടലില്‍ ഒന്നിച്ച്‌ താമസിച്ചുവെന്നും ഭാര്യ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഭാര്യ വിവാഹമോചനക്കേസ് ഫയല്‍ ചെയ്യുകയും, ഭർത്താവിന്റെ കോള്‍ റെക്കോർഡുകളും ഹോട്ടല്‍ ബുക്കിംഗ് വിവരങ്ങളും ഹാജരാക്കണമെന്ന് കുടുംബ കോടതിയില്‍ ആവശ്യം ഉന്നയിച്ചു. കുടുംബ കോടതിയും പിന്നീട് ദില്ലി ഹൈക്കോടതിയും വിവരങ്ങള്‍ ഹാജരാക്കാൻ ആവശ്യപ്പെട്ടു. തുടർന്നാണ് ഭർത്താവ് സുപ്രീം കോടതിയെ സമീപിച്ചത്. ഹൈക്കോടതി വിധിയില്‍ യാതൊരു തെറ്റുമില്ലെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി ഭർത്താവിന്റെ അപ്പീല്‍ പൂർണ്ണമായും തള്ളുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *