ക്രിമിനൽ കേസുകളിൽ ജാമ്യാപേക്ഷ സമർപ്പിക്കുന്നവർക്ക് ഇനി മുതൽ തങ്ങളുടെ പേരിൽ നിലവിലുള്ള മറ്റ് ക്രിമിനൽ കേസുകളുടെ വിവരങ്ങൾ വെളിപ്പെടുത്തുന്നത് നിർബന്ധമാക്കുന്നു. സുപ്രീം കോടതിയുടെ ഉത്തരവിനെത്തുടർന്ന് സംസ്ഥാനത്തെ കോടതികളിലും ഈ പുതിയ സംവിധാനം നടപ്പാക്കിത്തുടങ്ങി. ഇത് സംബന്ധിച്ച് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിമാർക്ക് ഹൈക്കോടതി നിർദ്ദേശം നൽകിക്കഴിഞ്ഞു.ജാമ്യാപേക്ഷ സമർപ്പിക്കുന്ന കുറ്റാരോപിതൻ കുറച്ച് വിവരങ്ങൾ വ്യക്തമാക്കണം, സ്വന്തം പേരിലുള്ള മറ്റ് ക്രിമിനൽ കേസുകളുടെ പൂർണ്ണ വിവരങ്ങൾ. മുൻ കേസുകളിൽ ശിക്ഷിക്കപ്പെട്ടോ അതോ വിട്ടയച്ചോ എന്ന വിവരം, വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ടോ അല്ലെങ്കിൽ പ്രഖ്യാപിത കുറ്റവാളിയാണോ എന്ന കാര്യം, നിലവിലെ കേസിന്റെ സ്ഥിതി (അന്വേഷണം, കുറ്റപത്രം, വിചാരണ എന്നിവ ഏത് ഘട്ടത്തിലാണ്), മുൻ കേസുകൾ നിലവിൽ ഏത് ഘട്ടത്തിലാണ് എന്ന വിവരം.കോടതി നിശ്ചയിക്കുന്ന രീതിയിൽ സത്യവാങ്മൂലം മുഖേനയോ മറ്റ് അംഗീകൃത മാർഗങ്ങളിലൂടെയോ വേണം ഈ വിവരങ്ങൾ സമർപ്പിക്കാൻ. ബാർ അസോസിയേഷനുകൾക്ക് ജഡ്ജിമാർ ഔദ്യോഗികമായി അറിയിപ്പ് നൽകുന്നതോടെ പുതിയ നിയമം പൂർണ്ണമായി പ്രാബല്യത്തിൽ വരും. ക്രിമിനൽ പശ്ചാത്തലമുള്ളവർ ജാമ്യം നേടുന്നത് കൂടുതൽ നിരീക്ഷിക്കാനും നിയമനടപടികൾ സുതാര്യമാക്കാനും ഈ നീക്കം സഹായിക്കും.
ജാമ്യം വേണോ? ഇനി പഴയ കേസുകളും പറയണം; ക്രിമിനൽ കോടതികളിൽ പുതിയ നിബന്ധന വരുന്നു
