വ്യവസായി ഗൗതം അദാനിക്കെതിരായ ക്രിമിനല്‍ കുറ്റങ്ങള്‍ പിന്‍വലിച്ച നടപടിയില്‍ അമേരിക്കന്‍ ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റിനോട് വിശദീകരണം തേടി യുഎസ് കോടതി.അദാനിക്കെതിരായ കേസ് ഉടന്‍ തള്ളാന്‍ കഴിയില്ലെന്ന് ബ്രൂക്ലിന്‍ ഡിസ്ട്രിക്‌ട് ജഡ്ജി നിക്കോളാസ് ഗരൗഫിസ് വ്യക്തമാക്കി. കേസ് പൂര്‍ണ്ണമായും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് അദാനിയുടെ അഭിഭാഷകര്‍ കഴിഞ്ഞ ദിവസം കോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോടതിയുടെ സുപ്രധാന നടപടിയെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.എന്തുകൊണ്ട് കേസ് പിന്‍വലിക്കുന്നു?കഴിഞ്ഞ മാസമാണ് അദാനിക്കെതിരായ പ്രോസിക്യൂഷന്‍ നടപടികളുമായി മുന്നോട്ടുപോകില്ലെന്ന് യുഎസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കിയത്. എന്നാല്‍, കേസ് ഉപേക്ഷിക്കാനുള്ള കാരണം എന്താണെന്ന് അധികൃതര്‍ കൃത്യമായി വിശദീകരിച്ചിട്ടില്ലെന്ന് ജഡ്ജി നിക്കോളാസ് ഗരൗഫിസ് തന്റെ ഉത്തരവില്‍ ചൂണ്ടിക്കാട്ടി. യാതൊരു വ്യക്തതയുമില്ലാത്ത വെറുമൊരു പ്രസ്താവനയുടെ അടിസ്ഥാനത്തില്‍ മാത്രം കോടതിക്ക് കേസ് തള്ളിക്കളയാനാകില്ലെന്നും വിഷയത്തില്‍ വിശദമായ പരിശോധന ആവശ്യമാണെന്നും ജഡ്ജി നിരീക്ഷിച്ചു. ഇക്കാര്യത്തില്‍ കൂടുതല്‍ വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ ജൂലൈ 13 വരെയാണ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റിന് കോടതി സമയം അനുവദിച്ചിരിക്കുന്നത്. അതേസമയം, കുറ്റപത്രം സമര്‍പ്പിച്ച ബ്രൂക്ലിനിലെ യുഎസ് അറ്റോര്‍ണി ഓഫീസ് പ്രതിനിധികള്‍ ഇതിനോട് പ്രതികരിച്ചിട്ടില്ല.അദാനിയുടെ വാദംഈ കേസ് അമേരിക്കന്‍ നിയമത്തിന്റെ പരിധിയില്‍ വരുന്ന കാര്യമല്ലെന്നും, ആരോപണങ്ങള്‍ തെളിയിക്കാന്‍ പ്രോസിക്യൂട്ടര്‍മാര്‍ക്ക് കഴിഞ്ഞിട്ടില്ലെന്നും ചൂണ്ടിക്കാണിച്ച് അദാനിയുടെ അഭിഭാഷകനായ റോബര്‍ട്ട് ജിയുഫ്ര ജഡ്ജിക്ക് കത്ത് നല്‍കിയിരുന്നു. ബുധനാഴ്ചയാണ് കേസ് ഔദ്യോഗികമായി തള്ളണമെന്ന് അദാനിയുടെ അഭിഭാഷകര്‍ കോടതിയോട് ആവശ്യപ്പെട്ടത്.
ഗൗതം അദാനിക്ക് അമേരിക്കയില്‍ കനത്ത തിരിച്ചടി; എല്ലാം അവസാനിച്ചെന്ന് കരുതി നില്‍ക്കെ, കേസ് തള്ളാനാവാത്തതെന്ന് ബ്രൂക്ലിന്‍ കോടതി; വിശദീകരണം തേടി
