ന്യൂഡൽഹി: സുപ്രീം കോടതിയുടെ ഭരണവിഭാഗമായ രജിസ്ട്രിയുടെ പ്രവർത്തനങ്ങളിൽ വീണ്ടും അതൃപ്തി പരസ്യമാക്കി ചീഫ് ജസ്റ്റീസ്. അടിയന്തര പ്രധാന്യമുള്ള കേസ് ഫയൽ കാണാതായ സംഭവത്തിൽ ഉടൻ അന്വേഷണം നടത്താൻ ചീഫ് ജസ്റ്റിസ് സൂര്യകാന്തും ജസ്റ്റിസ് വി മോഹനയും അടങ്ങിയ ബെഞ്ച് ഉത്തരവിട്ടു.പഞ്ചാബ്-ഹരിയാന ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിനെതിരെ സമർപ്പിച്ച സ്പെഷ്യൽ ലീവ് പെറ്റീഷൻ രജിസ്ട്രി മുക്കിയെന്ന അഭിഭാഷക സുഭി ശിവാനി അഹമ്മദിന്റെ പരാതിയിലാണ് കോടതിയുടെ ഇടപെടൽ. കഴിഞ്ഞ ജൂൺ 8-ന് സമർപ്പിച്ച ഹർജി ഇതുവരെയും രജിസ്റ്റർ ചെയ്തിട്ടില്ലെന്നും, ഇതേക്കുറിച്ച് അന്വേഷിച്ചപ്പോൾ രജിസ്ട്രാറുടെ ഭാഗത്തുനിന്ന് മറുപടി ലഭിച്ചില്ലെന്നും അഭിഭാഷക കോടതിയെ ബോധിപ്പിച്ചു.”അടിയന്തര പ്രാധാന്യമുള്ള കേസുകളിൽ പോലും സുപ്രീം കോടതി രജിസ്ട്രി ഫയലുകൾ കാണാതാക്കുന്നു എന്നത് അതീവ ഗുരുതരമായ കാര്യമാണ്. കേസ് വെറുതെ ലിസ്റ്റ് ചെയ്യാൻ ഉത്തരവിട്ടതുകൊണ്ട് മാത്രം ഇതിന് പരിഹാരമാകില്ല. ഈ അനാസ്ഥയ്ക്ക് പിന്നിൽ ആരാണെന്ന് കണ്ടെത്തണം. ഇതിൽ ശക്തമായ നടപടിയുണ്ടാകും,” ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. കേസിനിടെ തന്നെ ഇതുമമായി ബന്ധപ്പെട്ട് തനിക്ക് നേരിട്ടോ ചേംബറിലോ പരാതി നൽകാൻ അഡ്വക്കേറ്റ്-ഓൺ-റെക്കോർഡിനോട് ചീഫ് ജസ്റ്റിസ് നിർദ്ദേശിക്കുകയും ചെയ്തു.
കേസ് ഫയൽ കാണാതായി; സുപ്രീം കോടതി രജിസ്ട്രിക്കെതിരെ അതൃപ്തി പ്രകടമാക്കി ചീഫ് ജസ്റ്റീസ്
