പൊതുസ്ഥലത്തുവെച്ച് സമ്മതമില്ലാതെ സ്ത്രീയുടെ ഫോട്ടോ എടുത്താൽ ‘ലൈംഗിക കുറ്റകൃത്യം’ ആകില്ല! സുപ്രീം കോടതി

ഡല്‍ഹി: സ്വകാര്യ സാഹചര്യത്തിൽ അല്ലാത്ത സമയത്ത് സ്ത്രീയുടെ ഫോട്ടോയോ വീഡിയോയോ ചിത്രീകരിക്കുന്നത് ലൈംഗിക കുറ്റകൃത്യമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. വസ്തു തർക്കവുമായി ബന്ധപ്പെട്ട കേസിൽ, ഫോട്ടോയും വീഡിയോയും എടുത്തതിലൂടെ തന്റെ സ്വകാര്യതയിലേക്ക് കടന്നുകയറുകയും അന്തസ്സിന് കളങ്കമുണ്ടാക്കുകയും ചെയ്തു എന്ന് ആരോപിച്ച് ബംഗാൾ സ്വദേശിനിയായ യുവതി നൽകിയ പരാതി പരിഗണിക്കവെയാണ് കോടതിയുടെ ഈ സുപ്രധാന നിരീക്ഷണം. ഈ കേസിൽ ആരോപണവിധേയനായ വ്യക്തിയെ കോടതി കുറ്റവിമുക്തനാക്കി. യുവതി നൽകിയ പരാതി, ഇന്ത്യൻ ശിക്ഷാനിയമത്തിലെ (IPC) 354 സി വകുപ്പ് പ്രകാരമുള്ള കുറ്റകൃത്യമല്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. യുവതിയുടെ പരാതി ഇപ്രകാരമായിരുന്നു, താനും സുഹൃത്തുക്കളും ജോലിക്കാരും ഒരു കെട്ടിടത്തിലേക്ക് പ്രവേശിക്കുന്നത് ആരോപണവിധേയനായ വ്യക്തി തടയുകയും, തത്സമയം ഫോട്ടോയും വീഡിയോയും ചിത്രീകരിക്കുകയും ചെയ്തു.“സ്വകാര്യ സ്ഥലങ്ങളിൽ നിന്ന് സ്ത്രീയുടെ നഗ്നമായതോ അർദ്ധനഗ്നമായതോ ആയ ചിത്രങ്ങൾ, അല്ലെങ്കിൽ ശൗചാലയം ഉപയോഗിക്കുന്നതോ ലൈംഗിക പ്രവൃത്തികളിൽ ഏർപ്പെടുന്നതോ ആയ ദൃശ്യങ്ങൾ ചിത്രീകരിക്കുന്നതാണ് കുറ്റകരമാവുക.” എന്ന് കോടതി വ്യക്തമാക്കി.അതുകൊണ്ടുതന്നെ, പൊതുസ്ഥലത്തോ സ്വകാര്യ സാഹചര്യത്തിൽ അല്ലാത്ത സമയത്തോ ഒരു സ്ത്രീയുടെ സമ്മതമില്ലാതെ ഫോട്ടോയോ വീഡിയോയോ പകർത്തിയാൽ അത് ലൈംഗിക കുറ്റകൃത്യമായി കാണാനാവില്ലെന്നാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.

Leave a Reply

Your email address will not be published. Required fields are marked *