ചെന്നൈ: യോഗ്യരായ അധ്യാപകര്‍ക്ക് പകരമാകാന്‍ എഐ ടൂളുകള്‍ക്കോ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കോ കഴിയില്ലെന്ന് മദ്രാസ് ഹൈക്കോടതി. ഹാജര്‍ കുറവുള്ള 3 നിയമവിദ്യാര്‍ത്ഥികള്‍ക്ക് ഇളവ് നല്‍കാനാകില്ലെന്നും കോടതി വ്യക്തമാക്കി. വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസം നല്‍കിയ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ തമിഴ്നാട് ഡോ. അംബേദ്കര്‍ ലോ യൂണിവേഴ്സിറ്റി സമര്‍പ്പിച്ച അപ്പീലുകള്‍ അനുവദിച്ചുകൊണ്ടാണ് ജസ്റ്റിസുമാരായ എസ്.എം. സുബ്രഹ്മണ്യം, എന്‍. സെന്തില്‍കുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് ഈ നിരീക്ഷണം നടത്തിയത്.പതിവായി ക്ലാസുകളില്‍ ഹാജരാകുന്നതിലൂടെ ചില പ്രത്യേക നേട്ടങ്ങളുണ്ട്. അത് കേവലം അറിവ് സമ്പാദിക്കുന്നതിനും അപ്പുറത്താണ്. അച്ചടക്കം, കൃത്യനിഷ്ഠ, ക്ലാസ് മുറികളിലെ സജീവമായ ഇടപെടലുകള്‍, നല്ല സാമൂഹിക പെരുമാറ്റങ്ങള്‍ തുടങ്ങിയ മൂല്യങ്ങള്‍ വളര്‍ത്തിയെടുക്കുന്നു. അതിനാല്‍, ക്ലാസ് മുറികള്‍ക്ക് പകരം വെക്കാന്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കാവില്ല. അതുപോലെ തന്നെ, യോഗ്യതയുള്ള ഒരു അധ്യാപകന് തുല്യമായി ചാറ്റ് ജിപിറ്റിയെയോ മറ്റ് എഐ ടൂളുകളെയോ ഒരിക്കലും കണക്കാക്കാനുമാകില്ല.’ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മനുഷ്യബുദ്ധിയോട് അടുത്തെത്തിയേക്കാമെങ്കിലും, നിയമരംഗത്തെ ധാര്‍മിക തൂണുകളായ സത്യസന്ധതയും ധാര്‍മ്മികതയും പഠിപ്പിക്കാന്‍ അതിന് കഴിയില്ലെന്നും ബെഞ്ച് കൂട്ടിച്ചേര്‍ത്തു.ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ റൂള്‍ 12 പ്രകാരം 70 ശതമാനം ഹാജര്‍ നിര്‍ബന്ധമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. മതിയായ കാരണം കാണിച്ചാല്‍ മാത്രമേ ഹാജര്‍ 65 ശതമാനം വരെ ഇളവ് ചെയ്യാന്‍ കഴിയൂ എന്നും കോടതി വ്യക്തമാക്കി. ഇതില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കുന്നത് ആ നിയമത്തിന്റെ തന്നെ ലക്ഷ്യത്തെ തകര്‍ക്കുമെന്നും കോടതി എടുത്തു പറഞ്ഞു. ഹാജര്‍ മാനദണ്ഡങ്ങളിലോ അധ്യാപന രീതികളിലോ എന്തെങ്കിലും പുനഃപരിശോധന നടത്തേണ്ടത് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ പോലുള്ള വിദഗ്ധ സമിതികളാണെന്ന് കോടതി പറഞ്ഞു. ഹാജര്‍ കുറവുണ്ടായിട്ടും ചില വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം ഇളവ് നല്‍കുന്നത്, കൃത്യമായി ക്ലാസുകളില്‍ പങ്കെടുക്കുന്ന മറ്റ് വിദ്യാര്‍ത്ഥികളോട് കാണിക്കുന്ന അനീതിയായിരിക്കുമെന്നും ബെഞ്ച് നിരീക്ഷിച്ചു.സാമ്പത്തികമായും സാമൂഹികമായും പിന്നാക്കാവസ്ഥയിലുള്ള പല വിദ്യാര്‍ത്ഥികള്‍ക്കും തങ്ങള്‍ക്ക് താല്‍പ്പര്യമുള്ള കോഴ്‌സുകള്‍ ലഭിക്കാത്തപ്പോള്‍ ലഭിച്ച സീറ്റുകളുടെ മൂല്യം നിയമവിദ്യാര്‍ത്ഥികള്‍ തിരിച്ചറിയണമെന്നും കോടതി ഓര്‍മ്മിപ്പിച്ചു. നിയമ വിദ്യാഭ്യാസം എന്നത് കേവലം പണം സമ്പാദിക്കാന്‍ മാത്രമുള്ളതല്ല, അതിനപ്പുറമുള്ള ഒന്നാണ്. അതിന് സമൂഹത്തോടും ഭരണഘടനയോടും ഒരു പ്രതിബദ്ധത ആവശ്യമാണ്, അതിനാല്‍ തന്നെ ക്ലാസ് മുറികളില്‍ വിദ്യാര്‍ത്ഥികളുടെ കൂട്ടായതും വ്യത്യസ്തവുമായ ശബ്ദങ്ങളുടെ സാന്നിധ്യം അനിവാര്യമാണ്, കോടതി കൂട്ടിച്ചേര്‍ത്തു.ആവശ്യമായ ഹാജര്‍ ഇല്ലാത്തതിനാല്‍ സെമസ്റ്റര്‍ പരീക്ഷ എഴുതാന്‍ അനുമതി നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് മൂന്ന് നിയമവിദ്യാര്‍ത്ഥികള്‍ റിട്ട് ഹര്‍ജി നല്‍കുകയായിരുന്നു. സര്‍വ്വകലാശാലയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് പരീക്ഷ എഴുതാനുള്ള അനുമതി തേടിയാണ് വിദ്യാര്‍ഥികള്‍ കോടതിയെ സമീപിച്ചത്. 2025 ഡിസംബര്‍ 17-ന് ഒരു സിംഗിള്‍ ബെഞ്ച് ഇവരുടെ ഹര്‍ജികള്‍ ഭാഗികമായി അനുവദിക്കുകയും, ലീഗല്‍ എഡ്യൂക്കേഷന്‍ ചട്ടങ്ങളിലെ 10, 12 നിയമങ്ങള്‍ പുനഃപരിശോധിക്കാന്‍ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയോട് നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. കൂടാതെ ഹാജര്‍ കുറവുള്ള വിദ്യാര്‍ത്ഥികള്‍ കോഴ്‌സ് വീണ്ടും ചെയ്യണമെന്ന നയം പുനഃപരിശോധിക്കാന്‍ സര്‍വ്വകലാശാലയോടും ആവശ്യപ്പെട്ടിരുന്നു.സിംഗിള്‍ ബെഞ്ച് വിദ്യാര്‍ത്ഥികള്‍ക്ക് കോഴ്‌സ് തുടരാനും എട്ടാം സെമസ്റ്റര്‍ ക്ലാസുകളില്‍ പങ്കെടുക്കാനും പരീക്ഷ എഴുതാനും അനുമതി നല്‍കിയിരുന്നു. ഏഴാം സെമസ്റ്ററിലെ കുറവുള്ള ഹാജര്‍, 2026 മെയ്, ജൂണ്‍ മാസങ്ങളിലെ അവധിക്കാലത്ത് ഫ്‌ലെക്‌സിബിള്‍ മാര്‍ഗ്ഗങ്ങളിലൂടെ നികത്താനും അനുവാദം നല്‍കിയിരുന്നു. എന്നാല്‍ ഡിവിഷന്‍ ബെഞ്ച് ഈ ഉത്തരവ് റദ്ദാക്കുകയാണുണ്ടായത്.
ഹാജര്‍ ഇല്ലാത്ത കുട്ടികള്‍ക്ക് ഇളവ് അനുവദിക്കാനാവില്ല: മദ്രാസ് ഹൈക്കോടതി
