എംഎസ്‌സി എൽസ 3 കപ്പലപകടം; മൂന്നു ജീവനക്കാര്‍ക്ക് രാജ്യം വിടാന്‍ ഹൈക്കോടതി അനുമതി

എറണാകുളം: എം.എസ്‌.സി എൽസ 3 കപ്പലപകടത്തെ തുടർന്ന് കേരളത്തിൽ കസ്റ്റഡിയിലുള്ള എഴു ജീവനക്കാരില്‍ മൂന്ന് നാവികർക്ക് കർശന ഉപാധികളോടെ രാജ്യം വിടാൻ കേരള ഹൈക്കോടതി അനുമതി നൽകി. കേസിൽ സാക്ഷി പറയുന്നതിന് വേണ്ടി മാത്രം നാവികരെ രാജ്യത്ത് തടഞ്ഞുവെക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. രാജ്യം വിട്ടുപോകാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നാവികർ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്‍റെ നിർണായക ഉത്തരവ്.കപ്പലിലെ ഇലക്ട്രോ ടെക്നിക്കൽ ഓഫീസറും യുക്രെയ്ന്‍ സ്വദേശിയുമായി ഹോർദിയേവ് വലേരി, കപ്പലിലെ ഡെക്ക് ജീവനക്കാരൻ കാസ്റ്റനെഡ റൊണാൾഡ് പുൻസലാൻ (ഫിലിപ്പീന്‍സ്), എഞ്ചിൻ റൂം ജീവനക്കാരൻ വെലാസ്കോ റയാൻ ഒന്‍റോളൻ (ഫീലിപ്പീന്‍സ്) എന്നിവര്‍ക്കാണ് രാജ്യം വിടാന്‍ കോടതി അനുമതി നല്‍കിയത്.നാവികർ ഓരോരുത്തരും 10 ലക്ഷം രൂപയുടെ ആൾജാമ്യവും ഒരു ലക്ഷം രൂപയുടെ ബാങ്ക് ഗ്യാരണ്ടിയും ഹാജരാക്കണം, കേസിന്‍റെ അന്വേഷണവുമായി പൂർണമായി സഹകരിക്കണം, തങ്ങളുടെ സ്ഥിരമായ മേൽവിലാസം, മൊബൈൽ നമ്പർ, ഇമെയിൽ വിലാസം എന്നിവ സത്യവാങ്മൂലമായി കോടതിയിൽ സമർപ്പിക്കണം, ആവശ്യമുള്ള ഘട്ടങ്ങളിൽ ഓൺലൈൻ വഴി ഹാജരാകണം എന്നിവയാണ് കോടതി മുന്നോട്ടുവെച്ച പ്രധാന ഉപാധികൾ. കപ്പലിലുണ്ടായിരുന്ന മറ്റ് നാല് നാവികരുടെ കാര്യത്തിൽ തോപ്പുംപടി മജിസ്‌ട്രേറ്റ് കോടതിയുടെ റിപ്പോർട്ട് കൂടി പരിഗണിച്ച ശേഷമായിരിക്കും ഹൈക്കോടതി അന്തിമ തീരുമാനമെടുക്കുക.അതേസമയം, കപ്പലപകടം പൂർണമായും സാങ്കേതിക പിഴവുകളും ഗുരുതരമായ സുരക്ഷാവീഴ്ചകളും മൂലമാണ് സംഭവിച്ചതെന്ന് ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങ് (DG Shipping) ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കപ്പലിന്‍റെ ബാലസ്റ്റ് വാട്ടർ സംവിധാനം ആദ്യം തന്നെ തകരാറിലായിരുന്നുവെന്നും മുൻപത്തെ യാത്രകളിൽ തന്നെ കപ്പലിന് ഒരു വശത്തേക്ക് ചരിവുണ്ടായിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്.വിഴിഞ്ഞം തുറമുഖത്ത് വെച്ച് കണ്ടെയ്‌നറുകൾ കയറ്റുന്ന സമയത്തുതന്നെ അധികൃതർ കപ്പലിന്‍റെ ചരിവിനെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. അപ്പോൾ കപ്പലിന് 5 ഡിഗ്രി ചരിവുണ്ടായിരുന്നുവെങ്കിലും കപ്പൽ അധികൃതർ ഈ മുന്നറിയിപ്പ് പൂർണമായും അവഗണിക്കുകയാണുണ്ടായത്. കപ്പലിന്‍റെ കഠിനമായ ചരിവും കണ്ടെയ്‌നറുകളുടെ അമിത ഭാരവും കപ്പലിന്‍റെ സ്ഥിരതയെ കൂടുതൽ അപകടത്തിലാക്കി. കപ്പലിന്‍റെ സുരക്ഷാ മാനേജ്‌മെന്റ് സംവിധാനം ഒട്ടും ഫലപ്രദമായിരുന്നില്ല. കടൽയാത്രയ്ക്ക് അനുയോജ്യമല്ലാത്ത വിധം നിരവധി ഘടനാപരമായ പ്രശ്നങ്ങൾ കപ്പലിനുണ്ടായിരുന്നു. 2016-ൽ ഉണ്ടായ ഒരു കൂട്ടിയിടിയിൽ കപ്പലിന് ഗുരുതരമായ കേടുപാടുകൾ സംഭവിച്ചിരുന്നുവെങ്കിലും ഇത് പരിഹരിക്കാനുള്ള യാതൊരു ശ്രമവും കപ്പൽ കമ്പനിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. കപ്പലിന്‍റെ കാലപ്പഴക്കവും ഈ അപകടത്തിന് പ്രധാന കാരണമായി.അന്വേഷണം പൂർത്തിയാകുന്നത് വരെ കപ്പൽ ജീവനക്കാരെ രാജ്യം വിടാൻ അനുവദിക്കരുതെന്ന് കേന്ദ്ര സർക്കാർ മുഖേന സമർപ്പിച്ച എതിർ സത്യവാങ്മൂലത്തിൽ ഡി.ജി ഷിപ്പിങ് ആവശ്യപ്പെട്ടിരുന്നു. കപ്പൽ കമ്പനിയുടെ ഗ്യാരണ്ടി മാത്രം കണക്കിലെടുത്ത് നാവികർക്ക് യാത്രാ അനുമതി നൽകുന്നത് തുടർന്നുള്ള ജുഡീഷ്യൽ നടപടികളെ ദോഷകരമായി ബാധിക്കുമെന്നും ഡി.ജി ഷിപ്പിങ് കോടതിയെ ബോധിപ്പിച്ചിരുന്നു. എന്നാൽ ഈ എതിർപ്പുകൾ മറികടന്നാണ് കർശനമായ വ്യവസ്ഥകളോടെ മൂന്ന് നാവികർക്ക് കോടതി ഇപ്പോൾ യാത്രാാനുമതി നൽകിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *