ഭര്‍ത്താവിന് സഹോദരിയുമായി അവിഹിത ബന്ധം, ഗാര്‍ഹിക പീഡന കേസില്‍ വ്യാജ ആരോപണവുമായി യുവതി, ഭാര്യയ്ക്ക് വൻതുക പിഴയിട്ട് കോടതി

ഭർത്താവിന് സഹോദരിയുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച്‌ തുടർച്ചയായി കോടതി നടപടികള്‍ തടസപ്പെടുത്താൻ ശ്രമിച്ച യുവതിക്ക് അരലക്ഷം രൂപ പിഴയിട്ട് കോടതി.നിയമ നടപടിയെ തെറ്റായ ആരോപണങ്ങളുയർത്തി ദുരുപയോഗം ചെയ്യാൻ ശ്രമിച്ചെന്ന് വിശദമാക്കിയാണ് കോടതി നടപടി. സഹോദര ബന്ധത്തില്‍ അനാവശ്യമായി വ്യാജ ആരോപണങ്ങളുയർത്തി വിള്ളല്‍ വരുത്താൻ യുവതി ശ്രമിച്ചെന്നും അലഹബാദ് ഹൈക്കോടതി നിരീക്ഷിച്ചു. ആരോപണം പിൻ വലിക്കാൻ അവസരം നല്‍കിയിട്ടും യുവതി വഴങ്ങാതെ വന്നതോടെയാണ് കോടതി പിഴയിട്ടത്. പരിഗണിച്ചുകൊണ്ടിരിക്കുന്ന ക്രിമിനല്‍ കേസ് മാറ്റണമെന്ന യുവതിയുടെ അപേക്ഷ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് സുഭാഷ് വിദ്യാർത്ഥിയുടെ നടപടി.ഭർത്താവിന്റെ സ്വന്തം സഹോദരിയെ അദ്ദേഹത്തിന്റെ വെപ്പാട്ടിയായി ചിത്രീകരിച്ചുകൊണ്ട്, സഹോദരൻ അനിയത്തി എന്ന പവിത്രമായ ബന്ധത്തെപ്പോലും അപകീർത്തിപ്പെടുത്താൻ ഒരു സ്ത്രീക്ക് ഇത്രത്തോളം തരം താഴാൻ കഴിയുമെന്നത് കോടതിയെ ഞെട്ടിക്കുന്നതാണെന്നും കോടതി നിരീക്ഷിച്ചു. ഗാർഹിക പീഡനവും നഷ്ടപരിഹാരവും ആവശ്യപ്പെട്ടാണ് യുവതി കോടതിയെ സമീപിച്ചത്. വിവാഹജീവിതം നിലനില്‍ക്കുന്ന കാലയളവില്‍ തന്റെ ഭർത്താവ് മറ്റൊരു സ്ത്രീയെ കൂടെ താമസിപ്പിച്ചിരുന്നുവെന്നും, താൻ ഭർത്താവിന്റെ വീട്ടില്‍ പോയ സമയത്ത് ഈ സ്ത്രീ തന്നെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്തുവെന്നും അവർ ആരോപിച്ചു. ഈ വിഷയത്തില്‍ അന്വേഷണത്തിന് ശേഷം കുറ്റപത്രം സമർപ്പിച്ചിട്ടുണ്ടെന്നും, അന്നുമുതല്‍ കേസ് കോടതിയുടെ പരിഗണനയിലാണെന്നും കോടതിയെ ബോധിപ്പിച്ചു.കേസിന്റെ കോടതി നടപടികളില്‍ പങ്കെടുക്കാൻ തനിക്ക് ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്ന് ഹർജിക്കാരി വാദിച്ചു. പ്രതികള്‍ തന്നെ ഭീഷണിപ്പെടുത്തിയതായും അവർ അവകാശപ്പെട്ടു. തന്റെ ഗാർഹിക പീഡന, ജീവനാംശ കേസുകള്‍ ഇതിനകം തന്നെ മറ്റൊരു കോടതിയിലേക്ക് മാറ്റിയിട്ടുള്ളതിനാല്‍, ഈ ക്രിമിനല്‍ കേസും അവിടേക്ക് മാറ്റണമെന്ന് അവർ വാദിച്ചു.എന്നാല്‍, കേസ് മാറ്റാനുള്ള ഈ അപേക്ഷയെ മറുഭാഗം ശക്തമായി എതിർത്തു. ആരോപണവിധേയയായ സ്ത്രീ യഥാർത്ഥത്തില്‍ ഹർജിക്കാരിയുടെ ഭർത്താവിന്റെ സ്വന്തം സഹോദരിയാണെന്നും, ഭർത്താവിനെയും കുടുംബത്തെയും മനഃപൂർവ്വം കുടുക്കാൻ വേണ്ടിയാണ് ഹർജിക്കാരി ഇത്തരമൊരു വ്യാജവും ദ്രോഹപരവുമായ ആരോപണം ഉന്നയിച്ചതെന്നും അവർ കോടതിയില്‍ ബോധിപ്പിച്ചു.ഇതിന് പിന്നാലെയാണ് കോടതി പരാതിക്കാരിക്ക് പിഴയിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *