ഷുഹൈബ് വധക്കേസില്‍ കോടതി മാറ്റണമെന്ന പ്രതി ഭാഗത്തിന്‍റെ ഹരജി വീണ്ടും തള്ളി. തലശ്ശേരി പ്രിൻസിപ്പല്‍ സെഷൻസ് കോടതിയാണ് ഹരജി തള്ളിയത്.കേസിലെ വിചാരണാ നടപടികള്‍ നീട്ടിക്കൊണ്ടുപോകാൻ പ്രതിഭാഗം മനഃപൂർവം ശ്രമിക്കുകയാണെന്ന ആക്ഷേപങ്ങള്‍ക്കിടയിലാണ് കോടതി മാറ്റ ഹരജി സമർപ്പിക്കപ്പെട്ടത്. പ്രതിഭാഗം അഭിഭാഷകൻ സമർപ്പിച്ച ഈ ഹരജി മുൻപ് പരിഗണിച്ച സെഷൻസ് കോടതി, അഡീഷണല്‍ സെഷൻസ് കോടതിയിലെ വിചാരണ നടപടികള്‍ താല്‍ക്കാലികമായി സ്റ്റേ ചെയ്തിരുന്നു. കോടതി മാറ്റത്തിനുള്ള ഹരജി നിലനില്‍ക്കുന്നതിനാല്‍ സാക്ഷി വിസ്താരവുമായി സഹകരിക്കാൻ പ്രതിഭാഗം അഭിഭാഷകർ തയ്യാറായിരുന്നില്ല.സാക്ഷി വിസ്താരം തടസപ്പെടുത്തുന്നതും വിചാരണ നീട്ടിക്കൊണ്ടുപോകുന്നതുമായ പ്രതിഭാഗത്തിന്റെ നീക്കങ്ങളെ വിചാരണ കോടതി കർശനമായിട്ടാണ് നേരിട്ടത്. പ്രതികള്‍ മനഃപൂർവം വിചാരണ വൈകിപ്പിക്കുകയാണെന്ന് നിരീക്ഷിച്ച അഡീഷണല്‍ സെഷൻസ് കോടതി, കേസിലെ 17 പ്രതികളുടെയും ജാമ്യം റദ്ദാക്കി ഉത്തരവിട്ടിരുന്നു. എന്നാല്‍, ഈ ഉത്തരവിനെതിരെ പ്രതികള്‍ ഹൈക്കോടതിയെ സമീപിക്കുകയും ഹൈക്കോടതി വിചാരണ കോടതിയുടെ വിധി സ്റ്റേ ചെയ്ത് പ്രതികള്‍ക്ക് വീണ്ടും ജാമ്യം അനുവദിക്കുകയുമാണുണ്ടായത്.
ഷുഹൈബ് വധക്കേസ്; കോടതി മാറ്റണമെന്ന പ്രതി ഭാഗത്തിന്‍റെ ഹർജി വീണ്ടും തള്ളി
