തിടുക്കപ്പെട്ട് വധശ്രമം ചുമത്തിയതെന്തിന്; ‘രക്ഷാപ്രവർത്തന’ കേസിൽ കോടതി

ആലപ്പുഴ: ‘രക്ഷാപ്രവർത്തന’ കേസിൽ പോലീസ് ചിത്രീകരിച്ച സംഭവദൃശ്യങ്ങളും അതിന്റെ ഫൊറൻസിക് പരിശോധനാഫലവും ഹാജരാക്കാൻ ആലപ്പുഴ ജില്ല സെഷൻസ് കോടതി നിർദേശം. സംഭവത്തിൽ പ്രതികളായ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാരടക്കം അഞ്ചു പോലീസുകാരുടെ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് ജഡ്ജി ഹണി എം. വർഗീസ് ഇക്കാര്യം വ്യക്തമാക്കിയത്. വിശദവാദം കേൾക്കാൻ കേസ് ആറിലേക്കു മാറ്റി. കേസ് മാറ്റിയതിന്റെ ആനുകൂല്യമുപയോഗിച്ച് പ്രതികളെ അറസ്റ്റുചെയ്യരുതെന്നും കോടതി നിർദേശിച്ചു.പ്രോസിക്യൂഷൻ ഹാജരാക്കിയ മർദനദൃശ്യങ്ങളിൽ പ്രതിഭാഗം സംശയം പ്രകടിപ്പിച്ചു. ആധികാരികത ഉറപ്പാക്കാൻ സംഭവസമയത്ത് പോലീസ് ക്യാമറമാൻ ചിത്രീകരിച്ച വീഡിയോ ദൃശ്യങ്ങളും കോടതിയിൽ വാദികൾ ഹാജരാക്കിയ നാലു ദൃശ്യങ്ങളും അവയുടെ ഫൊറൻസിക് ഫലവും ഹാജരാക്കാനാണ് കോടതി നിർദേശിച്ചത്. ദൃശ്യങ്ങൾ ആറിനു കോടതി കാണും.ജാമ്യാപേക്ഷയിൽ ബുധനാഴ്ച ഒന്നരമണിക്കൂറിലേറെ നീണ്ട ചൂടേറിയ വാദപ്രതിവാദമാണു നടന്നത്. മുഖ്യമന്ത്രിയുടെ ജീവനടക്കം ഭീഷണിയുണ്ടായ സാഹചര്യത്തിൽ ഗൺമാൻമാർ സുരക്ഷയൊരുക്കുക മാത്രമാണു ചെയ്തതെന്ന് പ്രതിഭാഗം അഭിഭാഷകൻ വാദിച്ചു. പരിക്ക് ഗുരുതരമല്ലാത്തതിനാൽ വധശ്രമമെന്ന 308-ാം വകുപ്പ് ഉൾപ്പെടെയുള്ളവ നിലനിൽക്കില്ലെന്നായിരുന്നു പ്രധാന വാദം.കെ.എസ്.യു.-യൂത്ത് കോൺഗ്രസ് നേതാക്കളെ അടിക്കാൻ ഉപയോഗിച്ച വടി സംബന്ധിച്ച് മെഡിക്കൽ ബോർഡ് പ്രത്യേക അന്വേഷണ സംഘത്തിന് (എസ്.ഐ.ടി.) റിപ്പോർട്ട് നൽകിയിരുന്നു. അതുകൊണ്ടടിച്ചാൽ ജീവൻപോലും നഷ്ടപ്പെടാമെന്ന് ബോർഡിനെ ഉദ്ധരിച്ചാണ് എസ്.ഐ.ടി. കോടതിയിൽ റിപ്പോർട്ട് നൽകിയത്. എന്നാൽ, മെഡിക്കൽ റിപ്പോർട്ട് കിട്ടുംമുൻപ് വധശ്രമത്തിനുള്ള വകുപ്പുകൾ ഉൾപ്പെടുത്തി എസ്.ഐ.ടി. കേസെടുത്തത് എന്തിനാണെന്ന് ജഡ്ജി ചോദിച്ചു. പ്രതിഭാഗത്തിന്റെ ഈ വാദം പരിശോധിക്കണമെന്നും കോടതി നിർദേശിച്ചു.2023 ഡിസംബർ 15-നാണ് കേസിനാസ്പദമായ സംഭവം. നവകേരള ബസിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പോയപ്പോൾ പ്രതിഷേധിച്ച കെ.എസ്.യു. ജില്ല പ്രസിഡന്റും ഇപ്പോൾ ആലപ്പുഴ എം.എൽ.എ.യുമായ എ.ഡി. തോമസ്, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജ്യുവൽ കുര്യാക്കോസ് എന്നിവരെ മുഖ്യമന്ത്രിയുടെ അംഗരക്ഷകർ ക്രൂരമായി മർദിക്കുകയായിരുന്നു. എസ്. അനിൽകുമാർ, എസ്. സന്ദീപ്, വി.കെ. ഷൈജു, ആർ. അരുൺ, വി.വി. വിപിൻ എന്നിവരെ പ്രതികളായാക്കിയാണു കേസ്.

Leave a Reply

Your email address will not be published. Required fields are marked *