നവകേരള സദസിനിടെ ആലപ്പുഴയില്‍ വെച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥർ മർദ്ദിച്ചെന്ന ‘രക്ഷാപ്രവർത്തന’ കേസില്‍ പ്രതികളായ അഞ്ച് ഗണ്മാൻമാരുടെ മുൻകൂർ ജാമ്യാപേക്ഷയില്‍ ആലപ്പുഴ ജില്ലാ സെഷൻസ് കോടതി വിശദമായ വാദം കേള്‍ക്കുന്നു.ജില്ലാ സെഷൻസ് കോടതി ജഡ്ജി ഹണി എം വർഗീസാണ് കേസ് പരിഗണിച്ചത്. ഔദ്യോഗിക കൃത്യനിർവഹണത്തിന്റെ ഭാഗമായി സുരക്ഷാ ചുമതല മാത്രമാണ് തങ്ങള്‍ നിർവഹിച്ചതെന്നായിരുന്നു പ്രതിഭാഗത്തിന്റെ പ്രധാന വാദം. കരിങ്കൊടി ഉയർത്തി വാഹനത്തിന് മുന്നിലേക്ക് ചാടിയടുത്ത പ്രതിഷേധക്കാരില്‍ നിന്നും മുഖ്യമന്ത്രിയെ സംരക്ഷിക്കേണ്ട ചുമതല സുരക്ഷാ ജീവനക്കാർക്കായിരുന്നുവെന്നും, ആ സമയം മുഖ്യമന്ത്രി വലിയ സുരക്ഷാഭീഷണി നേരിട്ടിരുന്നതായും വ്യക്തമാക്കുന്ന അന്നത്തെ ഇന്റലിജൻസ് റിപ്പോർട്ട് പ്രതിഭാഗം കോടതിയില്‍ ഹാജരാക്കി. നിലവില്‍ പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പൂർണ്ണമല്ലെന്നും മർദ്ദനത്തിന് തൊട്ടുമുമ്പുള്ള കാര്യങ്ങള്‍ അതിലില്ലെന്നും പരാതിക്കാരും പ്രോസിക്യൂഷനും ഈ വിഷ്വല്സിനെ മാത്രമാണ് ആശ്രയിക്കുന്നതെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിക്ക് സുരക്ഷാ ഭീഷണിയുണ്ടായാല്‍ വാഹനത്തില്‍ നിന്ന് ഇറങ്ങാമെന്നും അക്രമികളെ നേരിടാമെന്നും വ്യക്തമാക്കുന്ന 2011 ലെ സർക്കുലറും പ്രതിഭാഗം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി.ഐ പി സി 308 ചോദ്യം ചെയ്ത് പ്രതിഭാഗംകേസില് പ്രതികള്‍ക്കെതിരെ നരഹത്യശ്രമം (ഐ പി സി 308) ചുമത്തിയതിനെ പ്രതിഭാഗം ശക്തമായി ചോദ്യം ചെയ്തു. കൃത്യമായ തെളിവുകളില്ലാതെയാണ് ഈ വകുപ്പ് ചുമത്തിയതെന്നും, അടിക്കും മുൻപ് തലയില്‍ കൈ വെച്ചില്ലായിരുന്നുവെങ്കില്‍ മരണം സംഭവിക്കുമായിരുന്നു എന്ന വാദം വെറും ഭാവനാസൃഷ്ടി മാത്രമാണെന്നും അവർ വാദിച്ചു. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ് ഐ ടി) റിപ്പോർട്ടിലെ വൈരുധ്യങ്ങളും പ്രതിഭാഗം ചൂണ്ടിക്കാട്ടി. മെയ് 30 ന് രാവിലെയാണ് ഐ പി സി 308 ചേർത്ത് എസ് ഐ ടി കോടതിയില്‍ റിപ്പോർട്ട് നല്‍കിയത്, എന്നാല്‍ ആക്രമിക്കാൻ ഉപയോഗിച്ച ആയുധം പരിശോധിച്ചത് അന്നേ ദിവസം വൈകുന്നേരമാണ്. ആയുധം പരിശോധിക്കുന്നതിന് മുൻപ് എങ്ങനെ നരഹത്യശ്രമം ചുമത്തി റിപ്പോർട്ട് നല്കാൻ കഴിയുമെന്നും പ്രതിഭാഗം കോടതിയില്‍ ചോദിച്ചു. അന്ന് ഇല്ലാത്ത പല കാര്യങ്ങളും ഇപ്പോള്‍ അഭിഭാഷകരുടെ സഹായത്തോടെ പൊലിപ്പിച്ച് ആരോപിക്കുകയാണെന്നും പരിക്കേറ്റവർ മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയിട്ടില്ലെന്നും ജനറല്‍ ആശുപത്രിയിലാണ് പോയതെന്നും പ്രതിഭാഗം വ്യക്തമാക്കി.കോടതിയുടെ സുപ്രധാന ചോദ്യങ്ങള്വാദം കേള്‍ക്കുന്നതിനിടെ കോടതിയുടെ ഭാഗത്തുനിന്നും സുപ്രധാനമായ ചോദ്യങ്ങളും നിരീക്ഷണങ്ങളും ഉണ്ടായി. ഗണ്മാൻമാരുടെ ചുമതല മുഖ്യമന്ത്രിയുടെ സുരക്ഷ ഉറപ്പാക്കല്‍ മാത്രമല്ലേയെന്നും പുറത്തെ പ്രതിഷേധങ്ങളെ നേരിടാൻ അങ്ങനെയൊരു പ്രോട്ടോക്കോള്‍ ഉണ്ടോയെന്നും കോടതി പ്രതിഭാഗത്തോട് ചോദിച്ചു. എന്നാല്‍ അന്വേഷണം നടക്കുന്നതേയുള്ളൂവെന്നും ഫൈനല്‍ റിപ്പോർട്ട് ആയിട്ടില്ലല്ലോ എന്നും കോടതി ഓർമ്മിപ്പിച്ചു. തുടർന്ന് വാദിഭാഗത്തോട് ചോദ്യങ്ങള്‍ ഉന്നയിച്ച കോടതി, പരിക്കുകള്‍ നിസ്സാരമല്ലേയെന്ന് ആരാഞ്ഞു. ആദ്യ മെഡിക്കല്‍ റിപ്പോർട്ടില്‍ ഗുരുതര പരിക്കുകള്‍ ഉള്ളതായി പരാമർശമില്ലെന്നും തലയില്‍ ഏത് ഭാഗത്താണ് മുറിവെന്ന് വ്യക്തമല്ലെന്നും കോടതി നിരീക്ഷിച്ചു. സുരക്ഷാ ജീവനക്കാർ പുറത്തിറങ്ങിയത് ജോലിയുടെ ഭാഗമായാണെന്നും മർദ്ദിക്കാൻ ഉപയോഗിച്ചത് അവർക്ക് അനുവദിച്ചു നല്കിയ വസ്തുവാണെന്നും പറഞ്ഞ കോടതി, മരണം സംഭവിച്ചേക്കാവുന്ന തരത്തിലുള്ള മർദ്ദനമാണെന്ന് ഡോക്ടർ അന്ന് എന്തുകൊണ്ട് പറഞ്ഞില്ലെന്നും ചോദിച്ചു. അത് ഡോക്ടർ മറച്ചുവെച്ചതാണെങ്കില്‍ ഡോക്ടർക്കെതിരെ നടപടിയെടുക്കേണ്ടതല്ലേ എന്നും, നിലവിലെ പരാതി അഭിഭാഷക സഹായത്തോടെ പൊലിപ്പിച്ച നിലയിലാണെന്ന തരത്തിലും കോടതി പരാമർശം നടത്തി.
ഐപിസി 308 ല്‍ രൂക്ഷവാദം, മരണം സംഭവിക്കാവുന്ന മര്‍ദ്ദനമെന്ന് ഡോക്ടര്‍ ആദ്യ റിപ്പോര്‍ട്ടില്‍ കുറിച്ചില്ലല്ലോ? ഗണ്മാൻ കേസില്‍ സുപ്രധാന ചോദ്യങ്ങളുമായി കോടതി
