അതിവേഗം ക്യാമറയിൽ പതിഞ്ഞാൽ നടപടിയെന്ത്? സൂപ്പർ കാറുകളെ നിയന്ത്രിക്കാൻ സംവിധാനമില്ലേയെന്ന് ഹൈക്കോടതി

കൊച്ചി: അതിവേഗത്തിൽ പോകുന്ന വാഹനങ്ങളെ കണ്ടെത്താനും നടപടി സ്വീകരിക്കാനും എന്തു സംവിധാനമാണുള്ളതെന്ന് ഹൈക്കോടതി. അത്തരമൊരു സംവിധാനം വേണ്ടേ? നെടുമ്പാശ്ശേരിയിൽ അതിവേഗത്തിൽ കാറോടിച്ച് മൂന്നുപേരുടെ ജീവൻകവർന്ന ചെറുപ്പക്കാരൻ മുൻപ് 240 കിലോമീറ്റർ വേഗത്തിൽവരെ വാഹനം ഓടിച്ചിട്ടുണ്ട്. അതു കണ്ടെത്തി നടപടി സ്വീകരിച്ചിരുന്നെങ്കിൽ അപകടം ഒഴിവാക്കാനാകുമായിരുന്നില്ലേ -കോടതി ചോദിച്ചു. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് വി. രാജ വിജയരാഘവനും ജസ്റ്റിസ് കെ.വി. ജയകുമാറും അടങ്ങിയ ഡിവിഷൻ ബെഞ്ച്.80 കിലോമീറ്ററിലധികം വേഗത്തിൽ പോകരുതെന്ന, രാത്രിയിൽ കാണാൻ കഴിയുന്ന ബോർഡ് ദേശീയപാതയിൽ എവിടെയെങ്കിലും ഉണ്ടോ? രാത്രി 12 കഴിഞ്ഞാൽ സൂപ്പർ കാറുമായി ചെറുപ്പക്കാർ കൊച്ചി നഗരത്തിലടക്കം ഇറങ്ങുകയാണ്. ആറു സെക്കൻഡ് മതി അവ നൂറുകിലോമീറ്റർ വേഗത്തിലെത്താൻ. സൂപ്പർ ബൈക്കുകൾക്ക് മൂന്ന് സെക്കൻഡും. ഇവയൊന്നും നിയന്ത്രിക്കാൻ സംവിധാനമില്ല. നൂറുകിലോമീറ്റർ വേഗത്തിൽ പായുന്ന കാർ ബ്രേക്ക് ചെയ്താലും നിൽക്കാൻ നൂറുമീറ്ററോളം മുന്നോട്ടുപോകും.ബാറുകളിൽനിന്ന് മദ്യം കഴിച്ചിറങ്ങിയ യുവാവാണ് നെടുമ്പാശ്ശേരിയിൽ അപകടത്തിനിടയാക്കിയത്. 23 വയസ്സിൽ താഴെയുള്ളവർക്ക് മദ്യം കൊടുക്കരുതെന്ന നിയമം പാലിക്കുന്നില്ല. അതിവേഗം നിയന്ത്രിക്കുന്നകാര്യത്തിൽ ഹൈക്കോടതിയുടെ വിവിധ ബെഞ്ചുകൾ ഒട്ടേറെ ഉത്തരവുകൾ പാസാക്കിയതാണ്. പക്ഷേ, ഫലപ്രദമായ നടപടിയുണ്ടാകുന്നില്ല. തമിഴ്നാട്ടിലൊക്കെ റോഡുകളിൽ കൃത്യമായി ലൈൻമാർക്കിങ് ഉണ്ട്. ഇവിടെ അതൊന്നുമില്ല. മൂന്നാർ പാതയിൽ മാത്രമാണ് ലൈൻമാർക്കിങ് കണ്ടത്.ഏത് ലൈനിലൂടെയാണ് വേഗത്തിൽ ഓടിക്കേണ്ടതെന്നും ഡ്രൈവർമാർക്ക് അറിയില്ല. യുദ്ധത്തിൽപ്പോലും ഇത്രയധികംപേർ മരിക്കുന്നില്ല. വെറുതേ ക്യാമറവെച്ചാൽപ്പോരാ. അത് കൃത്യമായി റിപ്പോർട്ട് ചെയ്ത് നടപടി സ്വീകരിക്കുന്ന സംവിധാനം വേണം. റോഡ് സേഫ്റ്റി ഫണ്ടിൽ ആവശ്യത്തിന് തുകയുണ്ട്. അതിവേഗം കണ്ടെത്തി റിപ്പോർട്ട് ചെയ്ത എത്ര കേസുകളുണ്ടെന്ന് അറിയിക്കാൻ സർക്കാരിനടക്കം നിർദേശം നൽകി. ട്രാൻസ്പോർട്ട് കമ്മിഷണർ ഓൺലൈനിൽ വരണം. വാഹനാപകടത്തിൽ ഉറ്റവർ മരിക്കുമ്പോൾമാത്രമേ വേദനയറിയൂ. ഗുരുതരമായ വിഷയമാണിത്. കുട്ടികളും സ്ത്രീകളുമാണ് മരിക്കുന്നത്. റോഡരികിൽ തടസ്സമായിനിൽക്കുന്ന ട്രാൻസ്ഫോർമറുകൾ മാറ്റണം. സ്വകാര്യ ബസുകാരെയും കേൾക്കും. ലൈൻ തെറ്റിച്ച് ബസ് ഓടിക്കാനാകില്ല. ഹൈവേയിൽ വാഹനങ്ങൾ പാർക്കുചെയ്യാൻ അനുവദിക്കരുത്. റോഡ് സേഫ്റ്റി കമ്മിഷനെയടക്കം കേൾക്കുമെന്നും കോടതി പറഞ്ഞു. വിഷയം പിന്നീട് പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *