കൊച്ചി:എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ് അന്വേഷണത്തിൽ കടുത്ത അതൃപ്തിയുമായി ഹൈക്കോടതി. അന്തിമ റിപ്പോർട്ട് നൽകാൻ അന്വേഷണ ഉദ്യോഗസ്ഥൻ സമയം നീട്ടിച്ചോദിച്ചതാണ് വിമർശനത്തിന് ഇടയാക്കിയത്. മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കിയില്ലെങ്കില്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റുമെന്നും കോടതി മുന്നറിയിപ്പ് നല്കി. എസ്.പി, എസ്. ശശിധരനെയാണ് കോടതി രൂക്ഷമായി വിമർശിച്ചത്. എസ് ശശിധരനെ മാറ്റി മറ്റൊരു ഉദ്യോഗസ്ഥനെ അന്വേഷണത്തിന് നിയോഗിക്കും എന്നും കോടതി പറഞ്ഞു.നിരന്തരം നിര്‍ദ്ദേശിച്ചിട്ടും എസ്പി എസ് ശശിധരന് അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് നല്‍കിയില്ല. മൈക്രോ ഫിനാന്‍സ് കേസ് കൈകാര്യം ചെയ്യാന്‍ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല. അന്വേഷണ ഉദ്യോഗസ്ഥന് കോടതിയെ കളിയാക്കരുതെന്നും കോടതി വ്യക്തമാക്കി. അന്വേഷണ ഉദ്യോഗസ്ഥന് മേല്‍ സമ്മര്‍ദം കാണുമായിരിക്കുമെന്നും ജസ്റ്റിസ് എ ബദറുദ്ദീന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് നിരീക്ഷിച്ചു. കേസിൽ കഴിഞ്ഞ ഫെബ്രുവരിയിൽ വെള്ളാപ്പള്ളി നടേശനെ വിജിലൻസ് വീട്ടിലെത്തി ചോദ്യം ചെയ്തിരുന്നു. 2016ലാണ് വി എസ് അച്യുതാനന്ദന്റെ പരാതിയിൽ വെള്ളാപ്പള്ളി നടേശനെതിരെ കേസ് അന്വേഷണം തുടങ്ങിയത്. സ്ത്രീകളുടെ പേരിൽ വ്യാജ പദ്ധതിയിലൂടെ പിന്നോക്ക വികസന കോർപ്പറേഷനിൽ നിന്ന് കോടികൾ വായ്പയെടുത്തതിലാണ് അഴിമതി ആരോപണം.
വെള്ളാപ്പള്ളി പ്രതിയായ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ്; ഹൈക്കോടതിയ്ക്ക് അതൃപ്തി
