സുരക്ഷിതമായ നടപ്പാതകളിലൂടെ നടക്കാനുള്ള അവകാശം മൗലികാവകാശമാണെന്ന് സുപ്രീം കോടതി

ഡൽഹി: സുരക്ഷിതമായ നടപ്പാതകളിലൂടെ നടക്കാനുള്ള അവകാശം ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശമാണെന്ന് സുപ്രീം കോടതി. ഈ അവകാശം നിയമവിധേയമാക്കാനും, കാൽനടയാത്രക്കാർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിച്ച് സംരക്ഷിക്കേണ്ടത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും മുൻസിപ്പാലിറ്റികളുടെയും കടമയാണെന്ന് വ്യക്തമാക്കാനും കേന്ദ്ര സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു.ഭരണഘടനയുടെ മൂന്നാം ഭാഗം അനുസരിച്ച് നടക്കാനുള്ള അവകാശം ഒരു മൗലികാവകാശമാണ്. അനുച്ഛേദം 19(1)(ഡി) ഉറപ്പുനൽകുന്ന സഞ്ചാര സ്വാതന്ത്ര്യത്തിന്റെ ഭാഗമാണിത്. ഇത് അനുച്ഛേദം 19(1)(എ), (ബി), (സി), അനുച്ഛേദം 21 (ജീവിക്കാനുള്ള അവകാശം) എന്നിവയുമായി ചേർത്തു വായിക്കേണ്ടതാണ്. കൃത്യമായി വേർതിരിച്ച ഫുട‌്പാത്തുകളിലൂടെ നടക്കാനുള്ള അവകാശവും ഇതിൽ ഉൾപ്പെടുന്നു. മോട്ടോർ വാഹനങ്ങളുടെ സഞ്ചാരത്തേക്കാൾ മുൻഗണന കാൽനടയാത്രക്കാരുടെ പ്രാഥമിക അവകാശങ്ങൾക്കായിരിക്കണമെ്ന് ജസ്റ്റിസുമാരായ പി.എസ് നരസിംഹ, അതുൽ എസ്. ചന്ദൂർക്കർ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

കൃത്യമായി വേർതിരിച്ച നടപ്പാതകളിലൂടെ നടക്കാനുള്ള മൗലികാവകാശത്തിന് അനുബന്ധമായി അധികാരികൾക്ക് ചില കടമകളുമുണ്ടെന്ന് കോടതി ഓർമ്മിപ്പിച്ചു. ഒരു റോഡ് നിലവിലുണ്ടെങ്കിൽ, അവിടെ യാത്രക്കാർക്കായി കൃത്യമായി നിർമ്മിച്ചതും നന്നായി പരിപാലിക്കുന്നതുമായ നടപ്പാതകൾ ഉണ്ടെന്ന് ഉറപ്പാക്കേണ്ടത് അധികൃതരുടെ കടമയാണ്. നഗരവികസന അതോറിറ്റികൾ, മുൻസിപ്പൽ കോർപ്പറേഷനുകൾ, മുൻസിപ്പാലിറ്റികൾ, ഗ്രാമപഞ്ചായത്തുകൾ എന്നിവരാണ് ഈ കടമ നിർവ്വഹിക്കേണ്ടത്. നടക്കുക എന്നത് ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് ബെഞ്ച് നിരീക്ഷിച്ചു.ഈ അവകാശം ലംഘിക്കപ്പെട്ടാൽ പൗരന്മാർക്ക് നഷ്ടപരിഹാരത്തിനായി ഭരണഘടനാപരവും നിയമപരവുമായ മാർഗ്ഗങ്ങൾ തേടാമെന്നും കോടതി കൂട്ടിച്ചേർത്തു. മോട്ടോർ വാഹന നിയമം നൽകുന്ന പരിഹാരങ്ങൾക്ക് പുറമെയായിരിക്കും ഇതെന്നും കോടതി വ്യക്തമാക്കി.അഞ്ചുവയസ്സുകാരന്റെ മരണവുമായി ബന്ധപ്പെട്ട മോട്ടോർ അപകട നഷ്ടപരിഹാരക്കേസിലാണ് സുപ്രീം കോടതിയുടെ സുപ്രധാന വിധി. അച്ഛനൊപ്പം സ്കൂളിലേക്ക് നടന്നുപോവുകയായിരുന്ന കുട്ടിയെ പിന്നിൽ നിന്നെത്തിയ ടാങ്കർ ലോറി ഇടിക്കുകയായിരുന്നു. കുട്ടിയുടെ അരക്കെട്ടിലൂടെയും ശരീരത്തിലൂടെയും ലോറി കയറിയിറങ്ങുകയും ഗുരുതര പരിക്കുകളോടെ കുട്ടി മരണപ്പെടുകയുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *