ലഖ്‌നൗ: പശുവിറച്ചി കടത്തിയെന്നാരോപിച്ച് മതിയായ തെളിവുകളില്ലാതെ വാഹനം പിടിച്ചെടുത്ത ഉത്തർപ്രദേശ് സർക്കാരിന്റെ നടപടിയിൽ വടിയെടുത്ത് അലഹബാദ് ഹൈക്കോടതി. നിയമവിരുദ്ധമായി വാഹനം പിടിച്ചെടുത്തതിന് പരാതിക്കാരന് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു. ഏഴ് ദിവസത്തിനുള്ളിൽ ഈ തുക കൈമാറണമെന്നാണ് ജസ്റ്റിസ് സന്ദീപ് ജെയിൻ ഉത്തരവിട്ടത്.2024 ഒക്ടോബറിൽ ബാഗ്‌പത് പൊലീസാണ് മുഹമ്മദ് ചാന്ദ് എന്ന വ്യക്തിയുടെ വാഹനം പിടിച്ചെടുത്തത്. പശുവിറച്ചി കടത്തിയെന്ന് ആരോപിച്ച് ഉത്തർപ്രദേശ് ഗോവധ നിരോധന നിയമപ്രകാരമായിരുന്നു നടപടി. തുടർന്ന് ബാഗ്‌പത് ജില്ലാ മജിസ്‌ട്രേറ്റും മീററ്റ് ഡിവിഷണൽ കമ്മീഷണറും വാഹനം കണ്ടുകെട്ടാൻ ഉത്തരവിട്ടു. ഈ ഉത്തരവുകളെ ചോദ്യം ചെയ്തുകൊണ്ടാണ് മുഹമ്മദ് ചാന്ദ് ഹൈക്കോടതിയെ സമീപിച്ചത്.കേസ് പരിഗണിച്ച കോടതി സർക്കാരിന്റെയും ഉദ്യോഗസ്ഥരുടെയും നടപടികളെ രൂക്ഷമായി വിമർശിച്ചു. പിടിച്ചെടുത്ത ഇറച്ചി പശുവിറച്ചിയാണെന്ന് സ്ഥിരീകരിക്കുന്ന ലാബ് റിപ്പോർട്ടുകളൊന്നും ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. മൃഗഡോക്ടറുടെ റിപ്പോർട്ടിൽ ഇത് പശുവിറച്ചിയാണെന്ന് “സംശയിക്കുന്നു” എന്ന് മാത്രമാണ് രേഖപ്പെടുത്തിയിരുന്നത്.പശുവിറച്ചിയാണെന്ന് ശാസ്ത്രീയമായി തെളിയിക്കാതെ വാഹനം കണ്ടുകെട്ടാൻ നിയമപരമായി കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.വാഹനം പിടിച്ചെടുത്തത് വഴി പരാതിക്കാരന് വലിയ സാമ്പത്തിക നഷ്ടമുണ്ടാകുകയും അദ്ദേഹത്തിന്റെ ഉപജീവനമാർഗ്ഗം തടസ്സപ്പെടുകയും ചെയ്തുവെന്ന് കോടതി ചൂണ്ടിക്കാട്ടി. ഹരജിക്കാരന് നൽകേണ്ട രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരത്തുക ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്ന് ഈടാക്കാൻ സർക്കാരിന് അനുമതി നൽകിയിട്ടുണ്ട്. മീററ്റ് ഡിവിഷണൽ കമ്മീഷണർ, ബാഗ്‌പത് ജില്ലാ മജിസ്‌ട്രേറ്റ്, ബന്ധപ്പെട്ട സ്റ്റേഷൻ ഹൗസ് ഓഫീസർ എന്നിവരിൽ നിന്ന് ഈ തുക ഈടാക്കാമെന്ന് കോടതി വ്യക്തമാക്കി.മൂന്ന് ദിവസത്തിനുള്ളിൽ വാഹനം വിട്ടുനൽകാനും ജില്ലാ മജിസ്‌ട്രേറ്റിന്റെയും കമ്മീഷണറുടെയും മുൻ ഉത്തരവുകൾ റദ്ദാക്കാനും കോടതി നിർദ്ദേശിച്ചു. ഭരണകൂടത്തിന്റെ ഏകപക്ഷീയമായ നടപടികൾക്കുള്ള ശക്തമായ തിരിച്ചടിയായാണ് ഈ വിധി വിലയിരുത്തപ്പെടുന്നത്.
പശുവിറച്ചി കടത്തിയെന്നാരോപിച്ച് വാഹനം പിടിച്ചെടുത്തു; ഉത്തർപ്രദേശ് സർക്കാരിന് 2 ലക്ഷം രൂപ പിഴ ചുമത്തി അലഹബാദ് ഹൈക്കോടതി
