കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് ചട്ടങ്ങൾ കാറ്റിൽപ്പറത്തി ബാർ ലൈസൻസുകൾ പുതുക്കി നൽകിയ നടപടിയിൽ കോടതി മേൽനോട്ടത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. കൊല്ലം ഡി.സി.സി സെക്രട്ടറി എം.എം. സഞ്ജീവ് ആണ് ഹൈക്കോടതിയിൽ സുപ്രധാനമായ പൊതുതാൽപര്യ ഹർജി ഫയൽ ചെയ്തത്. മുൻ എക്സൈസ് മന്ത്രിയുടെ ഓഫീസും ഹോട്ടലുടമകളും ഉന്നത ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയ വൻ കോഴയിടപാടുകളും ഗൂഢാലോചനയുമാണ് ലൈസൻസ് പുതുക്കലിന് പിന്നിലെന്ന് ഹർജിയിൽ വ്യക്തമാക്കുന്നു.തുറന്നുപ്രവർത്തിക്കാൻ യാതൊരു യോഗ്യതയുമില്ലാത്ത ബാറുകൾക്കാണ് കഴിഞ്ഞ സർക്കാർ വഴിവിട്ട സഹായം നൽകിയത്. തരംതിരിവ് വ്യക്തമാക്കുന്ന സ്റ്റാർ ക്ലാസിഫിക്കേഷൻ സർട്ടിഫിക്കറ്റ് പോലുമില്ലാത്ത ഹോട്ടലുകൾക്ക് ബാർ ലൈസൻസ് പുതുക്കി നൽകി. വെറും അപേക്ഷ നൽകി എന്ന സാങ്കേതിക കാരണം മാത്രം മുൻനിർത്തിയാണ് മാനദണ്ഡങ്ങൾ മറികടന്ന് ഉദ്യോഗസ്ഥർ ലൈസൻസുകൾ അനുവദിച്ചതെന്നും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.ലൈസൻസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് എക്സൈസ് കമ്മിഷണർ മുൻപ് പുറപ്പെടുവിച്ചിരുന്ന കർശനമായ സർക്കുലറുകളെല്ലാം ഈ അഴിമതിക്ക് വേണ്ടി അട്ടിമറിക്കപ്പെട്ടു. ഇതിനെല്ലാം പുറമേ, വിവാദമായ ഈ ബാർ ലൈസൻസുകൾ യാതൊരു കാരണവശാലും പുതുക്കി നൽകരുതെന്ന സി.എ.ജി (CAG) റിപ്പോർട്ടിലെ കർശന നിർദ്ദേശങ്ങൾ പോലും എൽ.ഡി.എഫ് സർക്കാർ ബോധപൂർവ്വം അവഗണിക്കുകയായിരുന്നു. ബാർ മാഫിയയെ സഹായിക്കാൻ മുൻ മന്ത്രിയുടെ ഓഫീസും ഉന്നത ഉദ്യോഗസ്ഥരും ഒത്തുകളിച്ച ഈ ആസൂത്രിത അഴിമതിയുടെ യഥാർത്ഥ വിവരങ്ങൾ പുറത്തുകൊണ്ടുവരാൻ സി.ബി.ഐ അന്വേഷണം അടിയന്തരമായി പ്രഖ്യാപിക്കണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം.
എൽ.ഡി.എഫിന്റെ ബാർ ലൈസൻസ് പുതുക്കലിൽ വൻ അഴിമതി; കോടതി മേൽനോട്ടത്തിൽ സി.ബി.ഐ അന്വേഷണം വേണമെന്ന് ഹൈക്കോടതിയിൽ ഹർജി
