‘പൊതുജനാരോഗ്യം പ്രധാനം’;സ്വവര്‍ഗാനുരാഗികള്‍, ട്രാൻസ്‌ജെൻഡര്‍, ലൈംഗിക തൊഴിലാളികള്‍ എന്നിവര്‍ക്കുള്ള രക്തദാന നിരോധനം തുടരുമെന്ന് കേന്ദ്രം സുപ്രിംകോടതിയില്‍

സ്വവർഗാനുരാഗികള്‍, ട്രാൻസ്‌ജെൻഡർ വ്യക്തികള്‍, ലൈംഗികത്തൊഴിലാളികള്‍ എന്നിവർക്ക് രക്തം ദാനം ചെയ്യുന്നതിനായുള്ള വിലക്ക് തുടരുമെന്ന് കേന്ദ്ര സർക്കാർ സുപ്രിംകോടതിയെ അറിയിച്ചു.വിദഗ്ധ സമിതി വിഷയം വീണ്ടും പരിശോധിച്ചെന്നും എന്നാല്‍ പൊതുജനാരോഗ്യം മുൻനിർത്തി നിലവിലെ നിയന്ത്രണങ്ങള്‍ തുടരണമെന്നുമാണ് സർക്കാരിന്റെ നിലപാട്.കഴിഞ്ഞ വർഷം, നിരോധനം പുനഃപരിശോധിക്കാൻ കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. പൊതുതാല്‍പ്പര്യം മുൻനിർത്തി നിരോധനം അനിവാര്യമെന്ന് വിദഗ്ധർ പറഞ്ഞതായി കേന്ദ്രത്തിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റർ ജനറല്‍ ഐശ്വര്യ ഭാട്ടി കോടതിയെ അറിയിച്ചു. ഈ നിരോധനത്തില്‍ ഇളവ് വരുത്തുന്നത് അത് സ്വീകർത്താക്കള്‍ക്ക് ദോഷകരമാകുമെന്ന് വിദഗ്ധര്‍ക്ക് അഭിപ്രായമുണ്ടെന്നും ഭാട്ടി പറഞ്ഞു. കമ്മിറ്റിയുടെ ന്യായവാദം രേഖപ്പെടുത്തിയിട്ടില്ലെന്ന് ഹരജിക്കാർക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷക ജയ്ന കോത്താരി വാദിച്ചു. ലൈംഗിക സ്വത്വത്തിന്റെ അടിസ്ഥാനത്തില്‍ ഒരാളെ രക്തദാനത്തില്‍ നിന്ന് മാറ്റിനിർത്തുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ഹരജിക്കാർ വാദിച്ചു.ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഈ കേസ് പരിഗണിച്ചത്. രക്തം സ്വീകരിക്കുന്നവരുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന നല്‍കേണ്ടതെന്ന് കോടതി നിരീക്ഷിച്ചു. “അണുബാധ ഉണ്ടാകാൻ ഒരു ശതമാനം സാധ്യതയുണ്ടെങ്കില്‍ പോലും അത് അനുവദിക്കാനാവില്ല. സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടാൻ കഴിയാത്ത ദശലക്ഷക്കണക്കിന് ദരിദ്രരായ ആളുകളാണ് സർക്കാർ സംവിധാനങ്ങളിലെ രക്തദാനത്തെ ആശ്രയിക്കുന്നത്. അവരെ അപകടത്തിലാക്കാൻ കഴിയില്ലെന്നും എന്ന് കോടതി വ്യക്തമാക്കി. രാജ്യത്തിന്റെ സുരക്ഷ എന്നത് സാങ്കേതികവും ശാസ്ത്രീയവുമായ കാര്യമാണ്.ഇതില്‍ മെഡിക്കല്‍ വിദഗ്ധർ എടുത്ത തീരുമാനത്തില്‍ ഇടപെടാൻ പരിമിതികളുണ്ടെന്ന് കോടതി നിരീക്ഷിച്ചു.ഒരു ശതമാനം അണുബാധയ്ക്കുള്ള സാധ്യത പോലും ആർക്കും ഉണ്ടാകാൻ പാടില്ലെന്നായിരുന്നു കോത്താരിയുടെ മറുപടി. ” ആര് രക്തം ദാനം ചെയ്താലും ആ രക്തം പരിശോധനകള്‍ക്ക് വിധേയമാക്കിയ ശേഷം മാത്രമേ ഉപയോഗിക്കാവൂ എന്നതാണ് പ്രധാന വിഷയം. വാസ്തവത്തില്‍, ഓരോ രക്തദാനത്തിന് ശേഷവും എച്ച്‌ഐവി പരിശോധനയും എൻ.എ.ടി പരിശോധനയും നടത്തുന്നുണ്ട്. കോത്താരി പറഞ്ഞു.അപകടകരമായ ലൈംഗിക പെരുമാറ്റത്തെയാണ് നിയന്ത്രിക്കേണ്ടത്, അല്ലാതെ ഒരു വ്യക്തിയുടെ ഐഡന്റിറ്റിയെയല്ല. അമേരിക്ക, കാനഡ, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങള്‍ ഇത്തരം വിലക്കുകള്‍ ഒഴിവാക്കിയിട്ടുണ്ടെന്നും ഹരജിക്കാർ ചൂണ്ടിക്കാട്ടി.സ്വവർഗ്ഗാനുരാഗികളായ പുരുഷന്മാർക്ക് രക്തം ദാനം ചെയ്യാൻ അനുവദിക്കുന്നതിനായി അമേരിക്ക, യുകെ, കാനഡ എന്നിവയുള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ അവരുടെ നിയമങ്ങളില്‍ മാറ്റം വരുത്തിയിട്ടുണ്ട്. 1980-കളിലെ കാലഹരണപ്പെട്ടതും പക്ഷപാതപരവുമായ വീക്ഷണങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ നിരോധനം. ഇതിനുശേഷം മെഡിക്കല്‍ സാങ്കേതികവിദ്യ, പ്രത്യേകിച്ച്‌ രക്തപരിശോധനയില്‍, വളരെയധികം മെച്ചപ്പെട്ടിട്ടുണ്ടെന്ന് ഹരജിക്കാർ പറയുന്നു.എല്‍ജിബിടിക്യു സമൂഹത്തില്‍ നിന്നുള്ള ആക്ടിവിസ്റ്റുകളാണ് കോടതിയെ സമീപിച്ചത്. കേസ് വിശദമായ വാദം കേള്‍ക്കുന്നതിനായി കോടതി പിന്നീട് പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *