മുൻകൂർ ജാമ്യം തള്ളാം, വിചാരണക്കോടതിയിൽ കീഴടങ്ങാൻ ഉത്തരവിടാൻ ഹൈക്കോടതിക്ക് അധികാരമില്ല; സുപ്രീം കോടതി

ന്യൂഡൽഹി: മുൻകൂർ ജാമ്യാപേക്ഷകൾ കൈകാര്യം ചെയ്യുന്നതിൽ ഹൈക്കോടതികളുടെ അധികാരപരിധി വ്യക്തമാക്കി സുപ്രീം കോടതിയുടെ ഉത്തരവ്. മുൻകൂർ ജാമ്യാപേക്ഷ തള്ളിക്കഴിഞ്ഞാൽ പ്രതിയോട് കീഴ്ക്കോടതിയിൽ കീഴടങ്ങണമെന്ന് നിർദ്ദേശിക്കാൻ ഹൈക്കോടതികൾക്ക് അധികാരമില്ലെന്നും ഇത്തരത്തിലുള്ള ഉത്തരവുകൾ അധികാരപരിധിക്ക് പുറത്താണെന്നും കോടതി വ്യക്തമാക്കി.ജസ്റ്റിസ് ജെ.ബി.പർദിവാല, ജസ്റ്റിസ് ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിരീക്ഷണം. ബിഹാർ, ഝാർഖണ്ഡ് സംസ്ഥാനങ്ങളിലെ ഹൈക്കോടതികൾ സ്വകാര്യ പരാതികളിൽ മുൻകൂർ ജാമ്യം കൈകാര്യം ചെയ്യുന്ന രീതിയും കോടതി പരാമർശിച്ചു.ഝാർഖണ്ഡിലെ ഒരു ഭൂമി തർക്കവുമായി ബന്ധപ്പെട്ട കേസിൽ ഓം പ്രകാശ് എന്നയാൾ നൽകിയ ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. ഹരജിക്കാരന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയ ഝാർഖണ്ഡ് ഹൈക്കോടതി, കീഴ്ക്കോടതിയിൽ കീഴടങ്ങാൻ നിർദ്ദേശിച്ചിരുന്നു. ഇത് ചോദ്യം ചെയ്താണ് ഹരജിക്കാരൻ സുപ്രീം കോടതിയെ സമീപിച്ചത്.ഹൈക്കോടതിക്ക് മുൻകൂർ ജാമ്യാപേക്ഷ നിരസിക്കാം, എന്നാൽ അതിനുശേഷം ഹരജിക്കാരനോട് ഇന്ന രീതിയിൽ കീഴടങ്ങണമെന്നോ ജാമ്യം തേടണമെന്നോ നിർദ്ദേശിക്കാൻ അധികാരമില്ല. അത്തരം നിർദ്ദേശങ്ങൾ നിയമപരമായി നിലനിൽക്കില്ലെന്ന് കോടതി ഓർമ്മിപ്പിച്ചു.ഹൈക്കോടതികളുടെ ഇത്തരം തെറ്റായ നടപടിക്രമങ്ങൾ കാരണം സാധാരണക്കാർക്ക് സുപ്രീം കോടതി വരെ വരേണ്ടി വരുന്നത് ഗൗരവകരമാണെന്ന് കോടതി നിരീക്ഷിച്ചു. ഈ ഉത്തരവ് ബിഹാർ, ഝാർഖണ്ഡ് ഹൈക്കോടതി രജിസ്ട്രാർ ജനറൽമാർക്ക് കൈമാറാൻ സുപ്രീം കോടതി നിർദ്ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *