‘അത് പ്രായോഗികമല്ല’, മതാചാരങ്ങളിലെ സര്‍ക്കാര്‍ ഇടപെടലിന് പൊതു മാര്‍ഗ്ഗനിര്‍ദേശം പുറപ്പെടുവിക്കാനാകില്ലെന്ന് സുപ്രീം കോടതി

മതാചാരങ്ങളിലെ സർക്കാര്‍ ഇടപെടലിന് പൊതു മാർഗ്ഗനിർദേശം പുറപ്പെടുവിക്കാനാകില്ലെന്ന് സുപ്രീം കോടതി. ശബരിമല യുവതി പ്രവേശനവിധി പുനഃപരിശോധന കേസിലെ വാദം കേള്‍ക്കലിനിടെയാണ് ഭരണഘടനാ ബെഞ്ചിന്‍റെ നിരീക്ഷണം.സാമൂഹിക പരിഷ്കരണത്തിന്റെ പേരില്‍ ആചാരങ്ങളില്‍ സർക്കാരിന് എപ്പോള്‍ ഇടപെടാമെന്നതില്‍ മുൻകൂട്ടി കോടതികള്‍ നിർദ്ദേശങ്ങളുണ്ടാക്കുന്നത് പ്രായോഗികമല്ലെന്നും പ്രയാസമാണെന്നും ഭരണഘടന ബെഞ്ച് വ്യക്തമാക്കി. ഓരോ കേസിന്റെയും സാഹചര്യം പരിഗണിച്ചേ ഇത്തരം കേസുകളില്‍ തീരുമാനമെടുക്കാനാകു എന്നും ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. സർക്കാരിന്റെ ഭരണഘടനാപരമായ കടമകള്‍ പ്രധാനമാണ് എന്നതുപോലെ വ്യക്തികളുടെ മതസ്വാതന്ത്ര്യവും നിർണ്ണായകമാണെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ഗോപാല്‍ സുബ്രഹ്മണ്യം വാദിച്ചു. യുവതി പ്രവേശനവിധി പുനഃപരിശോധന കേസിലെ ഹർജികളില്‍ നാളെയും വാദം തുടരും.

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട ഹർജികളില്‍ 9 അംഗ ഭരണഘടന ബെഞ്ചാണ് വാദം കേള്‍ക്കുന്നത്. മൗലികാവകാശവും മത സ്വാതന്ത്യവും ഉള്‍പ്പെടെ പ്രധാനപ്പെട്ട വിഷയങ്ങളാണ് ബെഞ്ച് വാദം കേള്‍ക്കുന്നത്. ചീഫ് ജസ്റ്റിസ്‌ സൂര്യകാന്ത് നേതൃത്വം നല്‍കുന്ന ഭരണഘടന ബഞ്ചില്‍ ജഡ്ജിമാരായ എം എം സുന്ദരേഷ്, എ അമാനുള്ള, ആരവിന്ദ് കുമാർ, എ ജെ മസീഹ്, പി ബി വരാലെ, ആർ മഹാദേവൻ, ജോയ്മാല ബാഗ്ചി, ജസ്റ്റിസ്‌ ബി വി നാഗരത്ന എന്നുവരാണുള്ളത്. ശബരിമലയില്‍ യുവതികളെ എന്നതില്‍ കൃതൃമായ നിലപാട് പറയാതെയാണ് നേരത്തെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. യുവതിപ്രവേശനത്തിന് അനൂകൂലമായി സ്വീകരിച്ച നയം വിഴുങ്ങിയായിരുന്നു സംസ്ഥാനം നല്‍കിയ പുതിയ സത്യവാങ്മൂലമെന്നതും വലിയ ശ്രദ്ധ നേടിയിരുന്നു. 2018 ലെ ശബരിമല യുവതി പ്രവേശന വിധിയെ എതിർക്കുന്നവരുടെ വിഭാഗത്തിലായിരുന്നു സംസ്ഥാനത്തെ ആദ്യം ഉള്‍പ്പെടുത്തിയിരുന്നത്. ഈ നിലപാട് മാറ്റിക്കൊണ്ട് പുനപരിശോധനയെ അനുകൂലിക്കുന്ന വിഭാഗത്തിലേക്ക് തങ്ങളെ മാറ്റണമെന്ന നിലപാടാണ് വിശദവാദം തുടങ്ങും മുന്നേ സർക്കാർ കോടതിയെ അറിയിച്ചത്. യുവതിപ്രവേശനത്തില്‍ മതപണ്ഡിതരുടെയും സാമൂഹികനേതാക്കളുടെ സമിതി രൂപീകരിച്ച്‌ അഭിപ്രായം തേടണമെന്നും സംസ്ഥാന സർക്കാർ നിർദ്ദേശിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *