മുസ്ലിം പള്ളികളില്‍ സ്ത്രീകളുടെ പ്രവേശനത്തിന് വിലക്കില്ലെന്ന് അഖിലേന്ത്യാ മുസ്ലിം വ്യക്തി നിയമ ബോർഡ് സുപ്രീംകോടതിയില്‍ വ്യക്തമാക്കി.പള്ളികളില്‍ വരുന്നതില്‍ നിന്ന് സ്ത്രീകളെ തടയരുതെന്ന് പ്രവാചകൻ പറഞ്ഞിട്ടുണ്ട്. സ്ത്രീകള്‍ക്ക് നിസ്കരിക്കുന്നതിന് യാതൊരു നിയന്ത്രണവുമില്ല. എന്നാല്‍ സ്ത്രീകള്‍ പള്ളിയില്‍ തന്നെ നിസ്കരിക്കണമെന്ന് നിർബന്ധമില്ലെന്നും ബോർഡ് വാദിച്ചപ. നിസ്ക്കരിക്കുന്നതിന് സ്ത്രീകള്‍ക്ക് പ്രാർത്ഥന കൂട്ടായ്മകളുടെ ഭാഗമാകേണ്ട കാര്യമില്ല. വീട്ടിലിരുന്ന് പ്രാർത്ഥിക്കാവുന്നതേയുള്ളു. പള്ളിയില്‍ വന്നു പ്രാർത്ഥിക്കണമെങ്കില്‍ അതാകാമെന്നും അഖിലേന്ത്യാ മുസ്ലിം വ്യക്തി നിയമ ബോർഡിന്റെ അഭിഭാഷകൻ എം.ആർ. ഷംസാഹദ് അറിയിച്ചു. പള്ളികളില്‍ ശ്രീകോവില്‍ സങ്കല്പമില്ല. എന്നാല്‍, ദർഗകളിലുണ്ടെന്നും കൂട്ടിച്ചേർത്തു. എല്ലാവരും പള്ളിയിലേക്ക് പോയാല്‍ കുട്ടികളെ ആരു നോക്കുമെന്നതാണോ സ്ത്രീകള്‍ വീട്ടില്‍ പ്രാർത്ഥിച്ചാല്‍ മതിയെന്നതിന് കാരണമെന്ന് ബെഞ്ചിലെ ജസ്റ്റിസ് അഹ്സാനുദ്ദിൻ അമാനുള്ള ചോദിച്ചു. സുപ്രിംകോടതി ചൊവ്വാഴ്ച വീണ്ടും വാദം കേള്‍ക്കും.ശബരിമല യുവതീപ്രവേശന വിഷയത്തിനൊപ്പം, ദാവൂദി ബോറ സമുദായത്തിലെ ചേലാകർമ്മവും മുസ്ലീം പള്ളികളില്‍ പ്രവേശിക്കുന്നതിനുള്ള വിലക്കും ചോദ്യംചെയ്ത ഹർജികളും ലിസ്റ്റ് ചെയ്തിരുന്നു. അതിലാണ് ഒൻപതംഗ അംഗ ഭരണഘടനാ ബെഞ്ച് മുമ്ബാകെ ബോർഡിന്റെ അഭിഭാഷകൻ നിലപാടറിയിച്ചത്.
പള്ളികളില്‍ സ്ത്രീ പ്രവേശനത്തിന് വിലക്കില്ല, സുപ്രീംകോടതിയില്‍ നിലപാട് വ്യക്തമാക്കി മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്
