ന്യൂഡൽഹി: രാജ്യത്തെ സ്കൂളുകളിലെ പ്രഭാത അസംബ്ലിയിൽ ദിവസവും ഭരണഘടനയുടെ ആമുഖം ചൊല്ലുന്നത് നിർബന്ധമാക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജി സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ വിക്രം നാഥ്, സഞ്ജയ്? [തിരുത്തൽ: സന്ദീപ് മേത്ത], ഓഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.ഭരണഘടനയുടെ ആമുഖം രാജ്യത്തെ സ്കൂളുകളിലെ പാഠ്യപദ്ധതിയുടെ ഭാഗമാണെന്നും ആറാം ക്ലാസ് മുതൽ വിദ്യാർഥികൾ അത് പഠിക്കുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹർജി പരിഗണിക്കാൻ വിസമ്മതിച്ച് തള്ളിയത്.വിദ്യാഭ്യാസത്തിനുള്ള മൗലികാവകാശം ഉറപ്പാക്കുന്ന ഭരണഘടനയുടെ 21എ അനുച്ഛേദവും, ഭരണഘടനയെയും ദേശീയ ചിഹ്നങ്ങളെയും ബഹുമാനിക്കാനുള്ള പൗരന്മാരുടെ മൗലിക കടമ വ്യക്തമാക്കുന്ന 51എ(എ) അനുച്ഛേദവും ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. സ്കൂൾ അസംബ്ലിയിൽ ആമുഖം കൂട്ടായി ചൊല്ലുന്നത് വിദ്യാർഥികളിൽ ഭരണഘടനാ മൂല്യങ്ങളും പൗരബോധവും വളർത്താൻ സഹായിക്കുമെന്നായിരുന്നു ഹർജിക്കാരന്റെ വാദം.രാജ്യത്തെ സ്കൂളുകളിൽ ഭരണഘടനയുടെ ആമുഖം ഇതിനകം തന്നെ പഠിപ്പിക്കുന്ന സാഹചര്യത്തിൽ, എല്ലാ സ്കൂളുകളിലും ദിവസേനയുള്ള പ്രഭാത അസംബ്ലിയിൽ ഇത് നിർബന്ധമാക്കാൻ ദേശീയ നയം രൂപീകരിക്കണമെന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്.രാജസ്ഥാൻ, മഹാരാഷ്ട്ര, കർണാടക സർക്കാരുകൾ സർക്കാർ, സർക്കാർ അംഗീകൃത സ്കൂളുകളിലെ പ്രഭാത അസംബ്ലിയിൽ ഭരണഘടനയുടെ ആമുഖം ചൊല്ലുന്നതുമായി ബന്ധപ്പെട്ട് നേരത്തെ നിർദേശങ്ങൾ നൽകിയിരുന്നതും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. 2025 മെയ് മാസത്തിലെ സിബിഎസ്ഇ സർക്കുലറും ഹർജിക്കാരൻ പരാമർശിച്ചിരുന്നു.എന്നാൽ, ഇത്തരം നിർദേശം രാജ്യത്തെ മുഴുവൻ സ്കൂളുകൾക്കും ബാധകമാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ ഇടപെടാൻ കോടതി തയ്യാറായില്ല. ഇതോടെ സ്കൂൾ അസംബ്ലിയിൽ ഭരണഘടനാ ആമുഖം ദിവസേന ചൊല്ലുന്നത് ദേശീയതലത്തിൽ നിർബന്ധമാക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി.
സ്കൂൾ അസംബ്ലിയിൽ ഭരണഘടനാ ആമുഖം ചൊല്ലണമെന്ന ഹർജി തള്ളി സുപ്രീം കോടതി
