ലോകായുക്ത ഉത്തരവിട്ടിട്ടും വസ്തു നികുതി സ്വീകരിച്ചില്ല; ഹർജി നൽകിയ ഉദ്യോഗസ്ഥർക്ക് പിഴ ചുമത്തി ഹൈക്കോടതി

കൊച്ചി ∙ സർക്കാർ ഉത്തരവ് ആധാരമാക്കി ലോകായുക്ത ഉത്തരവിട്ടിട്ടും വസ്തു നികുതി സ്വീകരിക്കാതെ ഹർജിയുമായി എത്തി ഭൂവുടമയെ ബുദ്ധിമുട്ടിച്ച റവന്യു ഉദ്യോഗസ്ഥർക്കു 30,000 രൂപ പിഴ ചുമത്തി ഹൈക്കോടതി. തിരുവനന്തപുരം ആർഡിഒ (സബ് കലക്ടർ), തഹസിൽദാർ (ലാൻഡ് റെക്കോർഡ്സ്), വഞ്ചിയൂർ വില്ലേജ് ഓഫിസർ എന്നിവർക്കാണു ജസ്റ്റിസ് ഡോ. എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് എ.കെ. പ്രീത എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് പിഴ ചുമത്തിയത്.വഞ്ചിയൂർ വില്ലേജിലെ പാളയം സ്വദേശിയും റിട്ട. അഡീഷനൽ സെക്രട്ടറിയുമായ എ. മൈതീൻപിള്ളയുടെ ഭൂമിയുടെ നികുതി സ്വീകരിക്കാതെയാണു ലോകായുക്തയുടെ ഇടക്കാല ഉത്തരവിനെതിരെ റവന്യു ഉദ്യോഗസ്ഥർ ഹൈക്കോടതിയെ സമീപിച്ചത്. ഹർജി തള്ളിയ ഡിവിഷൻ ബെഞ്ച്, ഉദ്യോഗസ്ഥരെ നിശിതമായി വിമർശിച്ചു.

ജനങ്ങൾക്ക് അനുകൂലമായി പുറപ്പെടുവിച്ച സർക്കാർ ഉത്തരവിനെ വകവയ്ക്കാതെ റവന്യു ഉദ്യോഗസ്ഥർ അവരെ ബന്ദികളാക്കരുതെന്നു കോടതി പറഞ്ഞു. മൈതീൻപിള്ള വഞ്ചിയൂർ വില്ലേജിലെ 4.151 സെന്റ് ഭൂമിക്ക് 2018 വരെ നികുതി അടച്ചിരുന്നു. എന്നാൽ റീ സർവേയിൽ ഭൂമിയുടെ അളവ് 3.53 സെന്റ് ആണെന്നു കണ്ടെത്തിയെന്നു കാരണം പറഞ്ഞു നികുതി സ്വീകരിക്കാൻ വില്ലേജ് ഓഫിസർ തയാറായില്ല. ഇതിനെതിരെ ഭൂവുടമ ലോകായുക്തയെ സമീപിച്ചു.

സർവേയിലെ തർക്കങ്ങൾ പരിഹരിക്കുന്നതു വരെ ഉടമ അവകാശപ്പെടുന്ന വിസ്തീർണത്തിനു നികുതി സ്വീകരിക്കണമെന്ന സർക്കാർ ഉത്തരവ് നിലനിൽക്കുന്നതിനാൽ, നികുതി സ്വീകരിക്കാൻ ലോകായുക്ത ഉത്തരവിട്ടു. ഇതിനെതിരെയാണ് ഉദ്യോഗസ്ഥർ ഹൈക്കോടതിൽ ഹർജി നൽകിയത്. മൈതീൻപിള്ളയ്ക്കു രണ്ടാഴ്ചയ്ക്കകം സർക്കാർ 30,000 രൂപ നൽകണമെന്നു കോടതി നിർദേശിച്ചു. പകരം 10,000 രൂപ വീതം മൂന്ന് ഉദ്യോഗസ്ഥരിൽ നിന്നായി ഈടാക്കണമെന്നും നിർദേശിച്ചു. സർക്കാർ ഉത്തരവ് മനഃപൂർവം ലംഘിച്ച ഇവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്ന കാര്യം പരിഗണിക്കാൻ നിർദേശിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *