ദേശീയപാതകളിലെ വർധിച്ചുവരുന്ന അപകടങ്ങൾ തടയുന്നതിനായി നിർണ്ണായക ഉത്തരവ് പുറപ്പെടുവിച്ചു സുപ്രീം കോടതി . ദേശീയപാതകളിൽ ഭാരവാഹനങ്ങളും വാണിജ്യ വാഹനങ്ങളും പാർക്ക് ചെയ്യുന്നത് പൂർണ്ണമായും നിരോധിച്ചുകൊണ്ടാണ് കോടതി ഉത്തരവിട്ടത്. നയപരമായ ഇടപെടലുകളും അടിസ്ഥാന സൗകര്യ വികസനങ്ങളും നടന്നിട്ടും അപകടങ്ങൾ തുടരുന്ന പശ്ചാത്തലത്തിലാണ് ഈ നടപടി. എക്സ്പ്രസ് വേകളും ഹൈവേകളും “അപകട ഇടനാഴികളായി” മാറരുതെന്ന് കോടതി കർശന മുന്നറിയിപ്പ് നൽകി. ജസ്റ്റിസുമാരായ ജെ.കെ മഹേശ്വരി, അതുൽ എസ്. ചന്ദുർക്കർ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് സുപ്രധാന ഉത്തരവ്.ദേശീയപാതയുടെ പ്രധാന പാതയിലോ വശങ്ങളിലെ പേവ്മെന്റുകളിലോ ഭാരവാഹനങ്ങൾ നിർത്താനോ പാർക്ക് ചെയ്യാനോ പാടില്ല. ഹൈവേ സുരക്ഷയുമായി ബന്ധപ്പെട്ട് സമീപകാലത്ത് പുറപ്പെടുവിച്ച ഏറ്റവും കർശനമായ നിർദ്ദേശമാണിത്. ഔദ്യോഗികമായി നിശ്ചയിച്ചിട്ടുള്ള പാർക്കിങ് ബേകളിലോ ലേ-ബൈകളിലോ (Lay-bys) മാത്രമാണ് വാഹനങ്ങൾ നിർത്താൻ അനുവദിക്കുക. റോഡരികിലെ അനധികൃത പാർക്കിങ് പൂർണ്ണമായും ഒഴിവാക്കാൻ ഇതിലൂടെ സാധിക്കും.രാത്രികാലങ്ങളിൽ കാഴ്ച മങ്ങുന്ന സമയത്ത് റോഡരികിൽ പാർക്ക് ചെയ്തിരിക്കുന്ന ലോറികളിലും മറ്റും വാഹനങ്ങൾ വന്നിടിച്ചാണ് വലിയൊരു ശതമാനം അപകടങ്ങളും സംഭവിക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. ഉത്തരവ് കടലാസിൽ മാത്രം ഒതുങ്ങില്ലെന്ന് ഉറപ്പാക്കാൻ ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിക്കാൻ കോടതി നിർദ്ദേശിച്ചു. ഇതിനായി:അഡ്വാൻസ്ഡ് ട്രാഫിക് മാനേജ്‌മെന്റ് സിസ്റ്റംസ് (ATMS), ജിപിഎസ് അധിഷ്ഠിത ഫോട്ടോഗ്രാഫിക് തെളിവുകൾ, ഇ-ചെല്ലാൻ സംവിധാനം എന്നിവ നടപ്പിലാക്കും. മനുഷ്യ ഇടപെടലില്ലാതെ തന്നെ നിയമലംഘനങ്ങൾ കണ്ടെത്താനും പിഴ ഈടാക്കാനും ഇതിലൂടെ സാധിക്കും.ചുമതല റോഡ് ഗതാഗത-ഹൈവേ മന്ത്രാലയം, എൻഎച്ച്എഐ (NHAI), സംസ്ഥാന പൊലീസ്, ഗതാഗത വകുപ്പുകൾ എന്നിവർക്കാണ്. നിയമം പൂർണ്ണമായും നടപ്പിലാക്കാൻ 60 ദിവസത്തെ സമയപരിധിയാണ് കോടതി നൽകിയിരിക്കുന്നത്. ജില്ലാ മജിസ്‌ട്രേറ്റുമാർ പട്രോളിങ്ങും മറ്റ് നടപടിക്രമങ്ങളും നേരിട്ട് നിരീക്ഷിക്കണം
ദേശീയപാതകളിൽ പാർക്കിങ്ങിന് നിരോധനം; അനധികൃത കൈയേറ്റങ്ങൾ 60 ദിവസത്തിനകം നീക്കണം, ഉത്തരവുമായി സുപ്രീം കോടതി
