ന്യൂഡൽഹി: ജന്തർ മന്തറിലെ പ്രതിഷേധത്തിനിടെ പൊലീസും റാപിഡ് ആക്ഷൻ ഫോഴ്സും ചേര്‍ന്ന് വിദ്യാര്‍ഥികൾക്കെതിരെ നടത്തിയ ആക്രമണത്തിൽ ഉപയോഗിച്ച വെടിയുണ്ടകളുടെയും ആയുധങ്ങളുടെയും ലോഗ് ബുക്ക് സുരക്ഷിതമായി സൂക്ഷിക്കാൻ കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു.ഡൽഹിയിൽ നടന്ന പ്രതിഷേധത്തിനിടെ മാരകമായ പെല്ലറ്റ് തോക്കുകൾ ഉപയോഗിച്ച് വെടിവെച്ചതിനാൽ വിദ്യാര്‍ഥികൾക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. പൊലീസും കേന്ദ്ര സര്‍ക്കാരും തുടക്കത്തിൽ ഇത് നിഷേധിച്ചു. എന്നാൽ പരിക്കേറ്റവര്‍ രംഗത്ത് എത്തിയതോടെ ക്രൂരത മറച്ചു വെക്കാനുള്ള ശ്രമം പരാജയപ്പട്ടു.ഈ സാഹചര്യത്തിൽ , ക്രമസമാധാന പാലനത്തിന് മെറ്റാലിക് പെല്ലറ്റ് തോക്കുകൾ ഉപയോഗിക്കുന്നത് പൂർണ്ണമായി നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവേയാണ് കോടതിയുടെ നിര്‍ദ്ദേശങ്ങൾ. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്,ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി,ജസ്റ്റിസ് വി മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.പെല്ലറ്റ് തോക്കുകളുടെ അമിതവും അനിയന്ത്രിതവുമായ ഉപയോഗത്തിനെതിരെ കൃത്യമായ പ്രോട്ടോക്കോൾ രൂപീകരിക്കുന്ന കാര്യം പരിശോധിക്കാമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.മുൻ സെൻട്രൽ ഇൻഫർമേഷൻ കമ്മീഷണറും റിട്ടയേർഡ് ഐ പി എസ് ഉദ്യോഗസ്ഥനുമായ യശോവർദ്ധൻ ആസാദ്,പെല്ലറ്റ് തോക്കുകളുടെ ആക്രമണത്തിൽ പരിക്കേറ്റ രണ്ട് വിദ്യാര്‍ഥികൾ എന്നിവരാണ് സുപ്രീം കോടതിയെ സമീപിച്ചത്.ജനക്കൂട്ടത്തെ പിരിച്ചുവിടാൻ എന്ന പേരിൽ പമ്പ്-ആക്ഷൻ അല്ലെങ്കിൽ പ്രൊജക്റ്റൈൽ ആക്ഷൻ തോക്കുകളിൽ നിന്നുള്ള ലോഹ/ഭാഗിക ലോഹ പെല്ലറ്റ് വെടിയുണ്ടകൾ ഉപയോഗിക്കുന്നത് രാജ്യവ്യാപകമായി നിരോധിക്കണം എന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം.ഇത്തരം ആയുധങ്ങൾ ഭരണഘടനാ മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു.ജൂലൈ 20-ന് നടന്ന പ്രതിഷേധത്തിനിടെ പെല്ലറ്റ് ആക്രമണത്തിന് ഇരയായവർക്ക് മാതൃകാപരമായ നഷ്ടപരിഹാരം നൽകാനും അവർക്ക് ആവശ്യമായ പൂർണ്ണ വൈദ്യസഹായവും പുനരധിവാസവും ഉറപ്പാക്കാനും ഹർജിയിൽ ആവശ്യപ്പെടുന്നു.പ്രതിഷേധത്തിനിടെ പെല്ലറ്റ് ആക്രമണത്തിൽ പരിക്കേറ്റവർക്ക് ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കാനും ഡൽഹി സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു
വിദ്യാര്‍ഥികൾക്ക് നേരെ പെല്ലറ്റ് തോക്ക് പ്രയോഗിച്ചു; ആയുധങ്ങളുടെ വിവരങ്ങൾ രേഖപ്പെടുത്താൻ സുപ്രീം കോടതി നിര്‍ദ്ദേശം
