ഡോക്ടർ എന്ന് വിളിക്കപ്പെടാൻ അർഹതയില്ല’: നാലുവയസ്സുകാരിക്ക് ചികിത്സ നിഷേധിച്ചവർക്കെതിരെ സുപ്രീംകോടതി

ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ബലാത്സംഗത്തിനിരയായ നാല് വയസ്സുകാരിക്ക് ചികിത്സ നിഷേധിച്ച രണ്ട് സ്വകാര്യ ആശുപത്രികൾക്കെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടിയായതിനാലാണ് ആശുപത്രികൾ ചികിത്സ നിഷേധിച്ചതെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.ചികിത്സ നൽകാൻ സൗകര്യമില്ലാത്ത സാഹചര്യമായിരുന്നെങ്കിൽ കുട്ടിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാനുള്ള സൗകര്യം മാനേജ്‌മെന്റ് നൽകിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ‘നിങ്ങളുടെ ചുമതലകൾ നിർവഹിക്കുന്നില്ലെങ്കിൽ പേരിനൊപ്പം ‘ഡോക്ടർ’ എന്ന് ചേർക്കാൻ നിങ്ങൾക്ക് അവകാശമില്ല’ എന്നും കോടതി പ്രതികരിച്ചു.കഴിഞ്ഞ മാർച്ച് 16-നാണ് ഗാസിയാബാദിൽ പെൺകുട്ടി പീഡനത്തിനിരയായത്. ചോക്ലേറ്റ് വാങ്ങി നൽകാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് അയൽവാസി കുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. പിന്നീട് രക്തത്തിൽ കുളിച്ച നിലയിൽ അബോധാവസ്ഥയിലാണ് കുട്ടിയെ മാതാപിതാക്കൾ കണ്ടെത്തിയത്. കുട്ടിയെ കുടുംബം രണ്ട് സ്വകാര്യ ആശുപത്രികളിൽ എത്തിച്ചെങ്കിലും അവർ കുട്ടിയെ പ്രവേശിപ്പിക്കാൻ തയ്യാറായില്ലെന്നാണ് പരാതി. തുടർന്ന് ഗാസിയാബാദ് ജില്ലാ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.കുട്ടിയെ കണ്ടെത്തിയതിന് ശേഷം ഏകദേശം രണ്ട് മണിക്കൂറോളം കുട്ടിക്ക് ജീവനുണ്ടായിരുന്നുവെന്നും കൃത്യസമയത്ത് ചികിത്സ ലഭിച്ചിരുന്നെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നുവെന്നും പിതാവ് കോടതിയിൽ പറഞ്ഞു. സുപ്രീം കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം ആശുപത്രികളുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥ ശരിവെക്കുകയും ചെയ്തു. വീഴ്ചവരുത്തിയ ആശുപത്രികളോട് കുട്ടിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു. ഇത് പാലിക്കാത്ത പക്ഷം വലിയ തുക പിഴയായി നൽകേണ്ടിവരുമെന്നും കോടതി മുന്നറിയിപ്പ് നൽകി.സംഭവത്തിൽ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ നിരുത്തരവാദപരമായ സമീപനത്തെയും കോടതി ചോദ്യം ചെയ്തു. കുട്ടിക്ക് നേരെ അക്രമം നടന്ന ഉടനെ വിവരം അറിയിച്ചെങ്കിലും പരാതി സ്വീകരിക്കുന്നതിന് പകരം കുടുംബത്തെ പോലീസ് ശാരീരികമായി ഉപദ്രവിച്ചതായി ആരോപണമുണ്ട്. ഇത്തരം വിഷയങ്ങളിൽ നിയമപാലകർ ഉത്തരവാദിത്വം ഉറപ്പാക്കേണ്ടതുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *