രാജ്യത്ത് വര്‍ധിച്ചുവരുന്ന പൊലീസ് അതിക്രമങ്ങളിലും ജുഡീഷ്യല്‍ കൊലപാതകങ്ങളിലും വ്യാജ ഏറ്റുമുട്ടലുകളിലും ആശങ്ക പ്രകടിപ്പിച്ച് സുപ്രിംകോടതി ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍.കസ്റ്റഡി മരണങ്ങള് ഒരു പഴങ്കഥയാണെന്നാണ് കരുതിയിരുന്നത്. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യങ്ങള്‍ അത് തിരുത്തി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നുവെന്നും ഉജ്ജല്‍ ഭൂയാന്‍ പറഞ്ഞു. ന്യൂഡല്‍ഹിയില്‍ നടന്ന ഒരു സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.കേസ് അന്വേഷണത്തിനിടെ ഉണ്ടാകുന്ന ചില വീഴ്ചകള്‍ മറച്ചുവെക്കുന്നതിനായി ഇത്തരം വഴികള്‍ തേടുന്നതും സ്വീകരിക്കുന്നതും ഭരണഘടന അനുവദിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പൊലീസ് ഉയര്‍ത്തുന്ന സ്ഥിരം ന്യായീകരണങ്ങളെയും ജസ്റ്റിസ് വിമര്‍ശിച്ചു.’പുലര്‍ച്ചെ മൂന്ന് മണി, പ്രതികളെ ചോദ്യം ചെയ്യാന്‍ കൊണ്ടുപോകുന്ന സമയമാണിത്. ഈ സമയങ്ങളില്‍ എന്തിനാണ് ഒരു പ്രതിയെ കസ്റ്റഡിയില്‍ എടുക്കുന്നത്? സൂര്യന് ഉദിക്കുന്ന വരെയെങ്കിലും കാത്തിരിക്കാമല്ലോ. എന്താണ് ഇത്ര വലിയ അടിയന്തരാവസ്ഥ? ഇതൊന്നും കൂടാതെ റൈഫിള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചു, വാഹനം അപകടത്തില്‍പ്പെട്ടു തുടങ്ങിയ ന്യായീകരണങ്ങളും. രാത്രികാലങ്ങളില്‍ ഇത്തരം ഉദ്യോഗസ്ഥരുടെ കസ്റ്റഡിയില്‍ കഴിയുന്ന പ്രതികളുടെ സുരക്ഷയെ കുറിച്ച് ചിന്തിക്കുമ്പോള്‍ എനിക്ക് ഭയമാണ് തോന്നുന്നത്,’ എന്നും ജസ്റ്റിസ് ഭൂയാന്‍ പറഞ്ഞു.
ഭരണകൂടത്തെ വിമര്‍ശിക്കുന്നവരെയും പ്രതിഷേധക്കാരെയും ആക്രമിക്കുന്ന യുവ ഐപിഎസ് ഉദ്യോഗസ്ഥരുടെ നടപടിയെയും അദ്ദേഹം വിമര്‍ശിച്ചു. ഒരു പ്രൊഫഷണല്‍ ഉദ്യോഗസ്ഥനായ പൊലീസ് ഉദ്യോഗസ്ഥൻ എന്തിനാണ് പൊതുജനങ്ങളോട് പ്രകോപിതരാകുന്നതെന്നും ജസ്റ്റിസ് ഭൂയാന്‍ ചോദിച്ചു.സമീപ കാലങ്ങളില്‍ വലിയ രീതിയില്‍ ചര്‍ച്ചയാകുന്ന വിഷയത്തിലാണ് ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്റെ പ്രതികരണം. വ്യാജ ഏറ്റുമുട്ടലുകളിലും കസ്റ്റഡി മരണങ്ങളിലും സ്വതന്ത്രമായ അന്വേഷണം നടക്കണമെന്നാണ് സുപ്രിംകോടതിയുടെ നിലപാട്.
