നെടുമ്പാശ്ശേരി മിനികൂപ്പര്‍ അപകടം: സുഹൈലിനൊപ്പം കാറിലുണ്ടായിരുന്ന 3 പേര്‍ക്കെതിരെയും പ്രേരണാകുറ്റത്തിന് കേസ്

മൂന്ന് പേരുടെ മരണത്തിനിടയാക്കിയ നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടക്കേസില്‍ പ്രതിയായ സുഹൈല്‍ സജീവിനൊപ്പം കാറിലുണ്ടായിരുന്ന മറ്റ് മൂന്ന് പേർക്കെതിരെയും പൊലീസ് കേസെടുത്തു.നിനവ്, അമീർ, ജോയല്‍ എന്നിവർക്കെതിരെയാണ് പ്രേരണാകുറ്റം ചുമത്തിയിരിക്കുന്നത്.മദ്യലഹരിയില്‍ സുഹൈലിനെ വാഹനം ഓടിക്കാൻ അനുവദിക്കുകയും, അമിതവേഗത്തിലും അപകടകരമായ രീതിയിലും വണ്ടിയോടിക്കുന്നത് അറിഞ്ഞിട്ടും തടയാതിരിക്കുകയും ചെയ്തു എന്ന കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. അപകടത്തിന് ശേഷം സ്ഥലത്തുനിന്ന് രക്ഷപ്പെടാൻ ഇവർ ഉപയോഗിച്ച വാഹനത്തെക്കുറിച്ചും പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.പ്രധാന പ്രതിയായ സുഹൈല്‍ നിലവില്‍ റിമാൻഡിലാണ്. അപകടത്തിന്റെ പൊലീസ് റിപ്പോർട്ട് ലഭിച്ചാലുടൻ സുഹൈലിന്റെ ലൈസൻസ് സ്ഥിരമായി റദ്ദാക്കാനുള്ള നടപടികള്‍ മോട്ടോർ വാഹന വകുപ്പ് (MVD) ആരംഭിച്ചു കഴിഞ്ഞു. അമിതവേഗത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. കാറിന്റെ കൃത്യമായ വേഗത, ബ്രേക്ക് ചെയ്തിരുന്നോ, ആക്‌സിലറേറ്റർ പെഡല്‍ എത്രത്തോളം അമർത്തിയിരുന്നു തുടങ്ങിയ നിർണായക വിവരങ്ങള്‍ കണ്ടെത്താൻ ബി.എം.ഡബ്ല്യു (BMW) കമ്പനിയില്‍ നിന്ന് മെക്കാനിക്കുകളെ എത്തിച്ച്‌ ഇവന്റ് ഡാറ്റാ റെക്കോർഡർ (EDR) പരിശോധിക്കും.

Leave a Reply

Your email address will not be published. Required fields are marked *