‘വിവരാവകാശ നിയമത്തിന്റെ അന്തസ്സ് തകര്‍ക്കും’; വിജിലൻസ് ടി സെക്ഷൻ വിവരങ്ങള്‍ രഹസ്യമാക്കിയ സര്‍ക്കാര്‍ നടപടിക്കെതിരെ ഹര്‍ജി

വിജിലൻസിന്റെ രഹസ്യവിഭാഗങ്ങളെ (ടി സെക്ഷൻ – ടോപ്പ് സീക്രട്ട് സെക്ഷൻ) വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയ സംസ്ഥാന സർക്കാർ നടപടിക്കെതിരെ പൊതുതാല്‍പര്യ ഹർജി.വിജിലൻസ് മുൻ ലീഗല്‍ അഡ്വൈസർ അഡ്വ. പി കെ മുരളീകൃഷ്ണൻ ആണ് ഹൈക്കോടതിയില്‍ ഹർജി നല്‍കിയത്. ഉത്തരവ് വിവരാവകാശ നിയമത്തിന്റെ അന്തസ്സ് തകർക്കുമെന്ന് ഹർജിയില്‍ പറയുന്നു. ഉത്തരവില്‍ അടിയന്തര സ്റ്റേ വേണമെന്നാണ് ആവശ്യം. ആർടിഐ കേരള ഫെഡറേഷൻ എന്ന സംഘടനയും ഹർജി നല്‍കിയിട്ടുണ്ട്.ഈ മാസം ഒക്ടോബർ 22നാണ് സംസ്ഥാന സർക്കാർ വിജിലൻസിൻ്റെ ടി1, ടി2 സെക്ഷനുകളെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കി ഗസ്റ്റ് വിജ്ഞാപനം പുറപ്പെടുവിച്ചത്. നിലവില്‍ കേസുകളില്‍ ഇരയാക്കപ്പെടുന്നവർക്ക് ടി സെക്ഷനുകളിലെ വിവരങ്ങള്‍ വിവരാവകാശ നിയമപ്രകാരം ലഭ്യമായിരുന്നു. ഇത് തടയുന്നതാണ് പുതിയ ഉത്തരവ്. ഇതിനെതിരെ വിമർശനങ്ങള്‍ ഉയർന്നതിനിടെയാണ് ഹൈക്കോടതിയില്‍ ഹർജികളും എത്തിയിരിക്കുന്നത്.സർക്കാർ നടപടി വിവരാവകാശ നിയമത്തില്‍ അനാവശ്യ നിയന്ത്രണം കൊണ്ടുവരുന്നതാണെന്ന് ഹർജിക്കാരനായ പി കെ മുരളീകൃഷ്ണൻ ഹർജിയില്‍ പറയുന്നു. വിജിലൻസ് ഒരു സുരക്ഷ ഏജൻസി അല്ലെന്നും അഴിമതി അന്വേഷിക്കുന്ന ഏജൻസി മാത്രമാണെന്നും ഹർജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരം വിവരങ്ങള്‍ തടഞ്ഞുവെക്കുന്നത് ആർടിഐ നിയമത്തിന്റെ അടിസ്ഥാനതത്വം തകർക്കുമെന്നും ഹർജിയില്‍ വ്യക്തമാക്കി. ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *