കേസുകള്‍ നിയമത്തിനനുസൃതമായാണ് ജഡ്ജിമാർ തീരുമാനിക്കുന്നതെന്നും എന്നാല്‍ വിധിയുടെ ഗുണഭോക്താക്കള്‍ മാത്രമാണ് കോടതിയെ പുകഴ്ത്തുന്നതെന്നും സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് രാജേഷ് ബിന്ദല്‍.ഹൈ സ്റ്റേക്ക് കേസുകളില്‍ വിധി തങ്ങള്‍ക്ക് അനുകൂലമല്ലെങ്കില്‍ കോടതിയെ വിമർശിക്കുന്ന പ്രവണത വർദ്ധിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. സുപ്രീം കോടതി ബാർ അസോസിയേഷൻ സംഘടിപ്പിച്ച തന്റെ യാത്രയയപ്പ് ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.മുൻ ജഡ്ജി അജയ് രസ്തോഗിയുടെ വാക്കുകള്‍ കടമെടുത്തായിരുന്നു അദ്ദേഹത്തിന്റെ നിരീക്ഷണം. സർക്കാരിനെതിരെ വിധി പ്രസ്താവിക്കുമ്പോള്‍ മാത്രമാണ് ജഡ്ജിമാർ സ്വതന്ത്രരാണെന്ന് പൊതുസമൂഹം കരുതുന്നതെന്ന നിലപാട് തിരുത്തപ്പെടേണ്ടതാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.അഭിഭാഷകരുടെ കടമ അഭിഭാഷകർ കേസ് ജയിക്കുന്നതിനേക്കാള്‍ ഉപരിയായി, ശരിയായ നിയമപരമായ നിഗമനത്തിലെത്താൻ കോടതിയെ സഹായിക്കുന്നതിനാണ് മുൻഗണന നല്‍കേണ്ടത്. തെറ്റായ നിയമം വ്യാഖ്യാനിക്കപ്പെടുന്നത് വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും.നീതിന്യായ വ്യവസ്ഥയിലെ പോരായ്മകള്‍ പൊതുമധ്യത്തില്‍ ചർച്ച ചെയ്യുന്നതിന് പകരം സ്ഥാപനത്തിനുള്ളില്‍ തന്നെ പരിഹരിക്കണം. ചീഫ് ജസ്റ്റിസുമാർ എപ്പോഴും ഇത്തരം പരാതികള്‍ കേള്‍ക്കാൻ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് (AI) നിയമമേഖലയില്‍ ഉപകരിക്കുമെങ്കിലും അത് ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നും ജാഗ്രതയോടെ കൈകാര്യം ചെയ്യണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.തന്റെ സേവനകാലത്ത് നടപ്പിലാക്കിയ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടുകളുടെ ഡിജിറ്റൈസേഷൻ, ഫോറൻസിക് ലാബുകളുടെ സംയോജനം തുടങ്ങിയ നടപടികള്‍ നടപടിക്രമങ്ങളിലെ താമസം ഒഴിവാക്കാൻ സഹായിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി.പഞ്ചാബ്-ഹരിയാന, ജമ്മു കശ്മീർ-ലഡാക്ക്, കല്‍ക്കട്ട, അലഹബാദ് ഹൈക്കോടതികളിലും സുപ്രീം കോടതിയിലുമായി നീണ്ട ഔദ്യോഗിക ജീവിതം പൂർത്തിയാക്കിയ സംതൃപ്തിയോടെയാണ് താൻ പടിയിറങ്ങുന്നതെന്ന് ജസ്റ്റിസ് ബിന്ദല്‍ പറഞ്ഞു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഉള്‍പ്പെടെയുള്ള പ്രമുഖർ ചടങ്ങില്‍ സംബന്ധിച്ചു.
സര്‍ക്കാരിനെതിരെ വിധിച്ചാല്‍ മാത്രം സ്വതന്ത്രരാകില്ല’; വിരമിക്കല്‍ പ്രസംഗത്തില്‍ വിമര്‍ശനങ്ങളോട് പ്രതികരിച്ച് ജസ്റ്റിസ് രാജേഷ് ബിന്ദല്‍
