ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ മീഡിയ ഭീമനായ മെറ്റയുടെ ഭാവി നിശ്ചയിക്കുന്ന നിയമയുദ്ധത്തിന് തുടക്കം.മെറ്റയ്ക്കെതിരായ യുഎസ് സംസ്ഥാനങ്ങളുടെ ഹർജികളിലാണ് ഫെഡറല്‍ കോടതിയില്‍ നടപടികള്‍ ആരംഭിച്ചത്. കുട്ടികളെ മനപ്പൂർവം ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും അടിമപ്പെടുത്താൻ ഫീച്ചറുകള്‍ ദുരുപയോഗം ചെയ്തെന്ന് ആരോപിച്ചാണ് സംസ്ഥാനങ്ങള്‍ കോടതിയെ സമീപിച്ചത്. മെറ്റ സിഇഒ മാർക്ക് സക്കർബർഗും ഇൻസ്റ്റഗ്രാം മേധാവി ആഡം മൊസേരിയും കോടതിയില്‍ ഹാജരാകും. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം വാട്സ്ആപ്പ് അടക്കം സമൂഹമാധ്യമങ്ങളുടെ നിലനില്‍പ്പ് കൂടി ഈ നിയമപോരാട്ടത്തില്‍ തീരുമാനിക്കപ്പെടും.മെറ്റയുടെ നിലനില്‍പ്പിനെയും സോഷ്യല്‍ മീഡിയ വ്യവസായത്തെയും സാരമായി ബാധിച്ചേക്കാവുന്ന നിയമപോരാട്ടത്തിനാണ് സാൻഫ്രാൻസിസ്കോയ്ക്ക് അടുത്തുള്ള ഫെഡറല്‍ കോടതിയില്‍ ഇന്ന് തുടക്കമാകുന്നത്. കാലിഫോർണിയ, കൊളറാഡോ, കെൻ്റക്കി, ന്യൂജഴ്സി തുടങ്ങിയ യുഎസ് സംസ്ഥാനങ്ങളിലെ അറ്റോർണി ജനറല്‍മാരാണ് മെറ്റയ്ക്കെതിരെ രംഗത്തുവന്നിരിക്കുന്നത്. ആകെ 29 സംസ്ഥാനങ്ങളാണ് കേസില്‍ കക്ഷിചേർന്നിരിക്കുന്നത്.കൂടുതല്‍ സമയം കുട്ടികളെ പ്ലാറ്റ്ഫോമുകളില്‍ പിടിച്ചുനിർത്താൻ ഫീച്ചറുകള്‍ മെറ്റ ബോധപൂർവം ഉപയോഗിച്ചുവെന്നാണ് ആരോപണം. ഇവ കുട്ടികള്‍ക്ക് ദോഷകരമാകുമെന്ന് അറിയാമായിരുന്നിട്ടും അത് അവഗണിച്ചു കുട്ടികളെ ഫേസ്ബുക്കിലും ഇൻസ്റ്റയിലും പിടിച്ചിരുത്താൻ ഫീച്ചറുകള്‍ ദുരുപയോഗം ചെയ്തെന്നാണ് സംസ്ഥാനങ്ങള്‍ കോടതിയില്‍ വാദം ഉന്നയിച്ചിരിക്കുന്നത്. കേസില്‍ ഇന്നലെ ജൂറി തെരഞ്ഞെടുപ്പ് നടന്നു. വിചാരണ ഓഗസ്റ്റ് 18ന് ആരംഭിക്കും.സാധാരണ ഉപയോക്താക്കള്‍ പോസ്റ്റ് ചെയ്യുന്ന ഉള്ളടക്കത്തിൻ്റെ പേരിലുള്ള നിയമനടപടികളില്‍നിന്ന് പൊതുവേ സോഷ്യല്‍ മീഡിയ കമ്പനികള്‍ക്ക് നിയമപരിരക്ഷ ലഭിക്കാറുണ്ട്. എന്നാല്‍ ഇപ്പോഴത്തെ കേസ്, സോഷ്യല്‍ മീഡിയ ആസക്തി വർധിപ്പിക്കാൻ ആല്‍ഗൊരിതം, ഫീച്ചർ ഡിസൈനുകളില്‍ കമ്പനി മനപ്പൂർവം ഇടപെടലുകള്‍ നടത്തിയെന്ന ഹർജികളെ തുടർന്നായതിനാല്‍ സോഷ്യല്‍ മീഡിയ കമ്പനികള്‍ക്ക് ലഭിക്കുന്ന നിയമപരിരക്ഷ പുനർവിചിന്തനം ചെയ്യപ്പെട്ടേക്കാം. അതേസമയം ആരോപണള്‍ മെറ്റ നിഷേധിച്ചു. യുവാക്കളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ചെയ്ത നടപടികളുടെ തെളിവുകള്‍ പക്കലുണ്ടെന്നും തെറ്റൊന്നും ചെയ്തിട്ടില്ലെന്നും മെറ്റ് പറയുന്നു. കേസില്‍ പരാജയപ്പെട്ടാല്‍ നഷ്ടപരിഹാരം 1.4 ട്രില്യണ്‍ ഡോളർ വരെ ഉയരാമെന്നാണ് മെറ്റയുടെ കണക്കുകൂട്ടല്‍. ഇത് കമ്പനിയുടെ വിപണി മൂല്യത്തിന് തുല്യമാണ്.
‘മെറ്റ’ക്കെതിരെ നിയമയുദ്ധം; കോടതി കയറാൻ സക്കര്‍ബര്‍ഗ്; കേസില്‍ തോറ്റാല്‍ 1.4 ട്രില്യണ്‍ ഡോളര്‍ വരെ നഷ്ടപരിഹാരം
