വ്യക്തികളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പരിശോധിക്കാൻ ഇനി കോടതിയുടെ അനുമതി ആവശ്യമില്ല. പോലീസിന് പരിശോധിക്കാൻ അനുമതി നല്‍കുന്ന ബാങ്കേഴ്‌സ് ബുക്ക് എവിഡൻസ് ബില്‍ പ്രതിപക്ഷ പ്രതിഷേധത്തിനിടെ ശബ്ദവോട്ടോടെ ലോക്‌സഭ പാസാക്കി.അന്വേഷണത്തിന്റെ ഭാഗമായി എസ്.പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന് നേരിട്ട് ബാങ്കില്‍ നിന്ന് രേഖകള്‍ പരിശോധിക്കാം. സർക്കാർ ചുമതലപ്പെടുത്തുന്ന മറ്റ് അന്വേഷണ ഉദ്യോഗസ്ഥർക്കും അതിന് കഴിയും.നിലവിലെ നിയമപ്രകാരം കോടതി ഉത്തരവിലൂടെ മാത്രമേ അന്വേഷണ ഉദ്യോഗസ്ഥർക്ക് ബാങ്ക് രേഖകള്‍ ലഭിക്കൂ. നീണ്ട കോടതി നടപടികള്‍ക്കായി കാത്തിരിക്കേണ്ടതില്ല എന്നതാണ് നേട്ടം. ബാങ്ക് രേഖകള്‍ പരിശോധിക്കാനോ അവയുടെ പകർപ്പുകള്‍ ആവശ്യപ്പെടാനോ പോലീസിന് കഴിയും.ദുരുപയോഗം ചെയ്യാനുള്ള സാധ്യത ചൂണ്ടിക്കാട്ടിയാണ് ബില്ലിനെതിരെ വിമർശനമുയർന്നത്. ബാങ്ക് രേഖകള്‍ കോടതിയുടെ അനുമതിയില്ലാതെ പരിശോധിക്കുന്നത് സ്വകാര്യതയുടെ ലംഘനമാണെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.ബാങ്ക് സ്‌റ്റേറ്റുമെന്റ് വഴി വ്യക്തിയുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എളുപ്പത്തില്‍ അറിയാം.ചികിത്സാ രേഖകള്‍: ആശുപത്രിച്ചലവുകളിലൂടെ രോഗവിവരങ്ങള്‍ അറിയാം.രാഷ്ട്രീയവും സംഘടനപരവുമായ ബന്ധങ്ങള്‍: രാഷ്ട്രീയ പാർട്ടികള്‍ക്കോ യൂണിയനുകള്‍ക്കോ നല്‍കുന്ന വിഹിതം.മതപരമായ താത്പര്യങ്ങള്‍: ആരാധനാലയങ്ങളിലേക്കുള്ള സംഭാവനകള്‍.ജീവിതശൈലിയും ബന്ധങ്ങളും: യാത്രകള്‍, സബ്സ്‌ക്രിപ്ഷനുകള്‍, മറ്റ് സാമ്പത്തികച്ചെലവുകള്‍.പുതിയ നിർവചനപ്രകാരം താഴെ പറയുന്നവ ‘ബാങ്കേഴ്സ് ബുക്ക്സി’ന്റെ പരിധിയില്‍ വരും:പരമ്പരാഗത രീതിയിലുള്ള ലെഡ്ജറുകള്‍, ഡേ-ബുക്കുകള്‍, ക്യാഷ് ബുക്കുകള്‍, അക്കൗണ്ട് പുസ്തകങ്ങള്‍.ഇലക്‌ട്രോണിക് അല്ലെങ്കില്‍ ഡിജിറ്റല്‍ രൂപത്തില്‍ സൂക്ഷിച്ചിട്ടുള്ള എല്ലാ ഡാറ്റാ ശേഖരങ്ങളും.ഓണ്‍സൈറ്റ് (Onsite) രേഖകള്‍ക്ക് പുറമെ, ഓഫ്സൈറ്റ് (Offsite), വെർച്വല്‍ (Virtual) അല്ലെങ്കില്‍ ക്ലൗഡ് (Cloud) ലൊക്കേഷനുകളില്‍ സൂക്ഷിച്ചിട്ടുള്ള വിവരങ്ങള്‍.ബാക്കപ്പ് (Back-up) അല്ലെങ്കില്‍ ഡിസാസ്റ്റർ റിക്കവറി സൈറ്റുകളില്‍ (Disaster recovery site) സൂക്ഷിച്ചിട്ടുള്ള രേഖകള്‍.ഡിജിറ്റല്‍ രേഖകള്‍ കോടതിയില്‍ തെളിവായി സ്വീകരിക്കണമെങ്കില്‍ ആധികാരികതയും സുരക്ഷിതത്വവും ഉറപ്പാക്കേണ്ടതുണ്ട്. അതിനായി കർശന നിബന്ധനകളും ബില്‍ മുന്നോട്ട് വെക്കുന്നുണ്ട്.പഴയ നിയമയത്തിലെ പരിമിതികള്‍ നീക്കം ചെയ്ത് ഡിജിറ്റല്‍ കാലഘട്ടത്തിന് അനുയോജ്യമായ മാറ്റങ്ങള്‍ കൊണ്ടുവരുകയാണ് ചെയ്തിട്ടുള്ളത്. അതോടൊപ്പം കോടതിക്ക് തുല്യമായ പരിശോധനാധികാരം അന്വേഷണ ഉദ്യോഗസ്ഥർക്ക് നല്‍കാനുള്ള വ്യവസ്ഥയാണ് പ്രതിഷേധത്തിന് കാരണമായത്.
കോടതി ഉത്തരവില്ലാതെ വ്യക്തികളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പോലീസിന് പരിശോധിക്കാം
