ജോലി ചെയ്യുന്ന ഭാര്യയിൽ നിന്നും ജീവനാംശം ആവശ്യപ്പെട്ട അഭിഭാഷകനെതിരെ ശക്തമായ നടപടി സ്വീകരിച്ച് അലഹബാദ് ഹൈക്കോടതി. ഭാര്യയുടെ ശമ്പളം കാണിച്ച് വായ്പയെടുത്ത 24 ലക്ഷം രൂപ ദുരുപയോഗം ചെയ്ത് അവരെ പീഡിപ്പിച്ചതിന് ഭർത്താവായ അഭിഭാഷകൻ 15 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകണമെന്ന് കോടതി ഉത്തരവിട്ടു. വസ്തുതകൾ മറച്ചുവെച്ച് ഈ അഭിഭാഷകൻ കോടതിയിൽ വ്യാജ സത്യവാങ്മൂലം ആണ് സമർപ്പിച്ചതെന്നും കോടതി കണ്ടെത്തി.നിലവിൽ വേർപിരിഞ്ഞു കഴിയുന്ന ഈ ദമ്പതികളുടെ വിവാഹമോചന കേസ് കോടതിയുടെ പരിഗണനയിലാണ്. ജസ്റ്റിസ് വിനോദ് ദിവാകറുടെ സിംഗിൾ ബെഞ്ചാണ് ജീവനാംശം ആവശ്യപ്പെട്ടുള്ള ഭർത്താവിന്റെ ഹർജിയിൽ ഏപ്രിൽ 23ന് ഈ ഉത്തരവ് പുറപ്പെടുവിച്ചത്.ഭാര്യയുടെ വരുമാനത്തിൽ കണ്ണുവെക്കുന്നതിന് പകരം മാന്യമായ ഒരു തൊഴിൽ ജീവിതം നയിക്കാൻ കോടതി പലതവണ ഭർത്താവിനോട് ആവശ്യപ്പെട്ടിരുന്നു എന്ന് കോടതി ഉത്തരവ് പുറപ്പെടുവിച്ചുകൊണ്ട് പറഞ്ഞു. എന്നാൽ, ആരോഗ്യവാനും അഭിഭാഷകനുമായ ഇയാൾ അധ്വാനിക്കാൻ താല്പര്യമില്ലാത്ത ‘ലജ്ജയില്ലാത്ത യുവാവാണെന്ന്’ കോടതി ചൂണ്ടിക്കാണിച്ചു.ഭാര്യയുടെ ശരീരഭാഷയിൽ നിന്നും പെരുമാറ്റത്തിൽ നിന്നും അവർ ശാരീരിക പീഡനത്തിന് ഇരയായിട്ടുണ്ടെന്നും മാനസികമായി പൂർണ്ണമായും തളർന്ന നിലയിലാണെന്നും വ്യക്തമാണ്. എന്നാൽ ഹർജിക്കാരനായ ഭർത്താവാകട്ടെ ആരോഗ്യവാനും കഠിനാധ്വാനത്തോടും ആത്മാർത്ഥതയോടും യാതൊരു ബഹുമാനവുമില്ലാത്ത ലജ്ജയില്ലാത്ത ഒരു യുവാവുമാണ്. മുൻപ് പാർലമെന്റ് അംഗമായിരുന്ന അമ്മാവനും ഗ്രാമത്തിലെ മുൻ പ്രധാനായിരുന്ന അമ്മയുമുള്ള താരതമ്യേന സാമ്പത്തിക ഭദ്രതയുള്ള കുടുംബത്തിൽ നിന്നാണ് ഹർജിക്കാരൻ വരുന്നത് എന്നാണ് മനസിലാക്കാനാവുന്നത്,” കോടതി നിരീക്ഷിച്ചു.”ഭാര്യ ഒരു സാധാരണ മധ്യവർഗ കുടുംബത്തിൽ നിന്നുള്ള ആളാണെന്നും അവരുടെ പിതാവ് പോലീസ് സർവീസിൽ നിന്ന് വിരമിച്ചയാളാണെന്നും മാതാവ് ആരോഗ്യവകുപ്പിൽ ഗ്രൂപ്പ് ഡി ജീവനക്കാരിയായി സേവനമനുഷ്ഠിച്ചിരുന്ന ആളാണെന്നും കോടതി കൂട്ടിച്ചേർത്തു. 2019ൽ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ആയി ഭാര്യയ്ക്ക് സർക്കാർ ജോലി ലഭിച്ചെന്നും പരീക്ഷാ ഫലം വന്ന് തൊട്ടുപിന്നാലെയാണ് ഹർജിക്കാരനുമായുള്ള വിവാഹം നടന്നതെന്നും കോടതി നിരീക്ഷിച്ചു.”
ഭാര്യയോട് ജീവനാംശം ചോദിച്ച ഭർത്താവ് 15 ലക്ഷം രൂപ നൽകണം; ഹൈക്കോടതി
