പട്ടികജാതി വിഭാഗക്കാരുടെ കോളനികളില്‍ അടിസ്‌ഥാന സൗകര്യങ്ങള്‍ ഒരുക്കേണ്ടത്‌ തദ്ദേശ സ്‌ഥാപനങ്ങളുടെ ചുമതല: മനുഷ്യാവകാശ കമ്മീഷൻ

പട്ടികജാതി വിഭാഗങ്ങള്‍ക്ക്‌ അനുവദിച്ച കോളനികളിലും സമാന പ്രദേശങ്ങളിലും അടിസ്‌ഥാന സൗകര്യങ്ങള്‍ ഒരുക്കേണ്ടത്‌ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്‌ഥാപനങ്ങളുടെ നിയമാനുസൃത ബാധ്യതയാണെന്ന്‌ മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ.ബൈജുനാഥ്‌.വീടുകളുടെ മുന്നില്‍ തുറന്ന അഴുക്കുചാല്‍ നിലനില്‍ക്കുന്നത്‌ ആരോഗ്യപരമായ അന്തരീക്ഷത്തില്‍ ജീവിക്കാനുള്ള അവകാശത്തെ നിഷേധിക്കലാണെന്നും ഉത്തരവില്‍ പറഞ്ഞു. വടകര മുന്‍സിപ്പാലിറ്റി മൂന്നാം വാര്‍ഡില്‍ എറങ്കയില്‍ പാലോളിപാലത്തിന്‌ സമീപം താമസിക്കുന്ന ബിന്ദുവിന്റെ പരാതിയിലാണ്‌ നടപടി. തന്റെ വീടിനോട്‌ ചേര്‍ന്നുള്ള അഴുക്കുചാലില്‍ നിന്നും രൂക്ഷമായ ദുര്‍ഗന്ധം വമിക്കുകയാണെന്നും അഴുക്കുചാല്‍ കാരണം വീട്ടിലേക്ക്‌ പ്രവേശിക്കാന്‍ വഴിയില്ലെന്നും പരാതിക്കാരി ആരോപിച്ചു.കുറഞ്ഞത്‌ 5 വീടെങ്കിലും ഉണ്ടെങ്കില്‍ മാത്രമേ പട്ടികജാതി വിഭാഗത്തിലുള്ളവര്‍ക്ക്‌ വഴി നല്‍കാന്‍ ഫണ്ട്‌ അനുവദിക്കുകയുള്ളുവെന്ന്‌ അധിക്യതര്‍ അറിയിച്ചെന്നും പരാതിയില്‍ പറഞ്ഞു. താനടക്കം നാലു കുടുംബങ്ങള്‍ മാത്രമാണ്‌ തുറന്നുകിടക്കുന്ന അഴുക്കുചാലിന്‌ മറുവശത്ത്‌ താമസിക്കുന്നതെന്നും പരാതിയില്‍ പറയുന്നു.അഴുക്കുചാലിന്‌ സ്ലാബിട്ടാല്‍ വഴി ലഭിക്കുമെന്നും പരാതിയില്‍ പറയുന്നു. ഒരു പ്രത്യേക കേസായി പരിഗണിച്ച്‌ അഴുക്കുചാലിന്‌ സ്ലാബിടണമെന്നും ആവശ്യമായ അടിസ്‌ഥാന സൗകര്യങ്ങള്‍ നടപ്പു വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഉറപ്പാക്കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. നഗരസഭാ സെക്രട്ടറിക്കാണ്‌ കമ്മീഷന്‍ ഉത്തരവ്‌ നല്‍കിയത്‌.വടകര നഗരസഭാ സെക്രട്ടറിയെയും മേലടി പട്ടികജാതി വികസന ഓഫീസറെയും നേരില്‍ കേട്ടാണ്‌ കമ്മീഷന്‍ ഉത്തരവ്‌ പാസാക്കിയത്‌.

Leave a Reply

Your email address will not be published. Required fields are marked *