ഹണിമൂൺ കൊലപാതകം: മുഖ്യപ്രതിക്ക് ജാമ്യം അനുവദിച്ച ഹൈക്കോടതി ഉത്തരവിനെതിരെ സർക്കാർ സുപ്രീം കോടതിയിൽ

ന്യൂഡൽഹി : കോളിളക്കം സൃഷ്ടിച്ച മേഘാലയ ഹണിമൂൺ കൊലപാതകക്കേസിൽ മുഖ്യപ്രതി സോനം രഘുവംശിക്ക് ജാമ്യം അനുവദിച്ചതിനെതിരെ മേഘാലയ സർക്കാർ സുപ്രീം കോടതിയിൽ. 2025-മേഘാലയയിൽ വച്ച് ഹണിമൂണിനിടെ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിലാണ് സോനം രഘുവംശിക്ക് ജാമ്യം നൽകിയത്. കേസിലെ പ്രധാന പ്രതിക്ക് ജാമ്യം അനുവദിച്ചതിൽ ഹൈക്കോടതിക്ക് തെറ്റുപറ്റിയെന്നും ഹർജി അടിയന്തരമായി പരിഗണിക്കണമെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത, ജസ്റ്റിസുമാരായ എം എം സുന്ദരേഷ്, ഷീൽ നാഗു എന്നിവരടങ്ങിയ ബെഞ്ചിന് മുമ്പാകെ അറിയിച്ചു.അറസ്റ്റ് ചെയ്യാനുള്ള കാരണങ്ങൾ അറസ്റ്റ് സമയത്ത് പൂർണ്ണമായി വ്യക്തമാക്കിയില്ലെന്ന കാരണം പറഞ്ഞാണ് ജാമ്യം അനുവദിച്ചതെന്ന് മേത്ത സുപ്രീംകോടതിയിൽ വ്യക്തമാക്കി. ജാമ്യം നൽകിയാൽ മുഖ്യപ്രതി രക്ഷപെടാൻ സാധ്യതയുണ്ടെന്നും സുപ്രീംകോടതിയിൽ മേത്ത വ്യക്തമാക്കി. കേസിൽ സുപ്രീംകോടതി വെള്ളിയാഴ്ച വാദം കേൾക്കും.കഴിഞ്ഞ വർഷം മെയ് 23ന് മേഘാലയയിലെ സൊഹ്‌റ പ്രദേശത്ത് അവധിക്കാലം ആഘോഷിക്കുന്നതിനിടെയാണ് ഇൻഡോർ സ്വദേശികളായ രാജ രഘുവംശിയെയും ഭാര്യ സോനത്തെയും കാണാതായത്. ജൂൺ 2 ന് രാജയുടെ മൃതദേഹം മലയിടുക്കിൽ നിന്ന് കണ്ടെത്തി. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് സോനം വാടക കൊലയാളികളുടെ സഹായത്തോടെ രാജയെ കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയത്. രാജ് കുശ്വാഹ എന്നയാളുമായി സോനം പ്രണയത്തിലായിരുന്നുവെന്നും ഇരുവരും ചേർന്നാണ് രാജയെ കൊലപ്പെടുത്തിയതെന്നും പൊലീസ് വ്യക്തമാക്കി. സോനത്തെയും കൂട്ടാളികളെയും പിന്നീട് അറസ്റ്റ് ചെയ്തു. ജയിലിലായ സോനത്തിന് ഏപ്രിൽ 27 ന് വിചാരണ കോടതി ജാമ്യം അനുവദിച്ചു. ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സമർപ്പിച്ച ക്രിമിനൽ ഹർജി ഹൈക്കോടതി തള്ളിയിരുന്നു

Leave a Reply

Your email address will not be published. Required fields are marked *