മൈക്രോ ഫിനാൻസ് കേസ്: അഡീഷണല്‍ ചീഫ് സെക്രട്ടറി ഹാജരാകാത്തതില്‍ ഹൈക്കോടതിക്ക് കടുത്ത അതൃപ്തി; നാളെ ഹാജരാകാൻ നിര്‍ദ്ദേശം

എസ് .എൻ.ഡി.പി മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസില്‍ പ്രോസിക്യൂഷൻ അനുമതി നല്‍കുന്നതിലെ തീരുമാനം നേരിട്ട് അറിയിക്കാൻ അഡീഷണല്‍ ചീഫ് സെക്രട്ടറി ഹാജരാകാത്തതില്‍ ഹൈക്കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി.അഡീഷണല്‍ ചീഫ് സെക്രട്ടറിയോട് നാളെ നേരിട്ട് ഹാജരാകാൻ കോടതി കർശന നിർദ്ദേശം നല്‍കി.വിഷയത്തില്‍ രണ്ടാഴ്ചത്തെ സാവകാശം ചോദിച്ചെങ്കിലും ഹൈക്കോടതി ഇത് അനുവദിച്ചില്ല. അന്വേഷണം പൂർത്തിയാക്കിയ 8 കേസുകളില്‍ പ്രതികളായിട്ടുള്ളത് പിന്നാക്ക വിഭാഗത്തില്‍പ്പെട്ട ഉദ്യോഗസ്ഥർ കൂടിയായതിനാലാണ് പ്രോസിക്യൂഷൻ അനുമതി നല്‍കേണ്ട ചുമതല പിന്നാക്ക വിഭാഗ വികസന വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് വന്നത്.പ്രോസിക്യൂഷൻ അനുമതി വൈകുന്നതിനുള്ള വ്യക്തമായ കാരണം നേരിട്ടെത്തി ബോധിപ്പിക്കാനായിരുന്നു അഡീഷണല്‍ ചീഫ് സെക്രട്ടറിയോട് കോടതി നിർദ്ദേശിച്ചിരുന്നത്. എന്നാല്‍ ഉദ്യോഗസ്ഥൻ ഹാജരാകാതിരുന്നതാണ് കോടതിയുടെ അമർഷത്തിന് കാരണമായത്. കേസിന്റെ പ്രത്യേക അന്വേഷണ സംഘ തലവനായ (SIT) എസ്.പി ശശിധരൻ കോടതിയില്‍ നേരിട്ട് ഹാജരായി പുരോഗതി റിപ്പോർട്ട് സമർപ്പിച്ചു. ആകെ 124 കേസുകളില്‍ എട്ടെണ്ണത്തില്‍ അന്വേഷണം പൂർത്തിയാക്കി പ്രോസിക്യൂഷൻ അനുമതിക്കായി സമർപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം കോടതിയെ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *