റോഡപകടങ്ങള്‍: വാഹനങ്ങളിലെ നിയമവിരുദ്ധ രൂപമാറ്റങ്ങള്‍ ഇ-ഡീറ്റൈല്‍ഡ് ആക്സിഡൻ്റ് പോര്‍ട്ടലില്‍ രേഖപ്പെടുത്തണമെന്ന് ഹൈക്കോടതി

അപകടങ്ങളില്‍പ്പെടുന്ന വാഹനങ്ങളിലെ നിയമവിരുദ്ധമായ രൂപമാറ്റങ്ങള്‍, കൃത്രിമത്വങ്ങള്‍ എന്നിവ സംബന്ധിച്ച വിശദവിവരങ്ങളും ചിത്രങ്ങളും വീഡിയോകളും ഇ-ഡീറ്റൈല്‍ഡ് ആക്സിഡൻ്റ് പോർട്ടലില്‍ നിർബന്ധമായും അപ്‌ലോഡ് ചെയ്യണമെന്ന് ഹൈക്കോടതി.സുരക്ഷാ മാനദണ്ഡങ്ങളുടെ ലംഘനം, അപകടത്തില്‍ പരിക്കുകളുടെ തീവ്രത കൂട്ടുന്ന തരത്തിലുള്ള ബോഡി വർക്കുകളിലെ മാറ്റങ്ങള്‍ എന്നിവ ഇതില്‍ വ്യക്തമായി രേഖപ്പെടുത്തണം.(ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ സുപ്രധാന നിർദേശം നല്‍കിയത്. ഇത്തരം നിയമലംഘനങ്ങള്‍ കൃത്യമായി പോർട്ടലില്‍ ഉള്‍പ്പെടുത്തുന്നുണ്ടെന്ന് ഉറപ്പാക്കാൻ സംസ്ഥാന ഗതാഗത കമ്മിഷണറോട് കോടതി ഉത്തരവിട്ടു. എൻജിൻ ശേഷി വർധിപ്പിക്കല്‍, ബ്രേക്കിങ് സംവിധാനത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ എന്നിവയും റിപ്പോർട്ടില്‍ ഉള്‍പ്പെടുത്തണം.അതേസമയം, പോർട്ടലില്‍ അപ്‌ലോഡ് ചെയ്യുന്ന ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ കാണാനാകുമെങ്കിലും അവ പ്രിൻ്റ് എടുക്കാൻ സാധിക്കുന്നില്ലെന്ന സാങ്കേതിക തടസ്സം ഗതാഗത കമ്മിഷണർ കോടതിയെ അറിയിച്ചു. വിഷയം നാഷണല്‍ ഇൻഫർമാറ്റിക്സ് സെൻ്ററിൻ്റെ (എൻഐസി) ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കിയതിനെ തുടർന്ന് കോടതി എൻഐസിയെ കേസില്‍ സ്വമേധയാ കക്ഷിചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *