പ്രത്യുത്പാദനശേഷിയുള്ളത് കോടതിപരിഗണിച്ചു, കൃത്രിമ ഗര്‍ഭധാരണത്തിന് അണ്ഡം സൂക്ഷിക്കാൻ തിരുവനന്തപുരം സ്വദേശിയായ ട്രാൻസ് പുരുഷന് അനുമതി

കൃത്രിമ ഗർഭധാരണത്തിനായി അണ്ഡം സൂക്ഷിക്കാൻ ട്രാൻസ്ജെൻഡർ പുരുഷന് ഹൈക്കോടതി അനുമതി നല്‍കി. ജന്മനാ സ്ത്രീയായിരുന്ന 28കാരന് ഇപ്പോഴും സ്ത്രീ എന്ന നിലയില്‍ പ്രത്യുത്പാദനശേഷിയുള്ളത് പരിഗണിച്ചാണ് ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ ഉത്തരവ് പുറപ്പെടുവിച്ചത്.അസിസ്റ്റഡ് റീപ്രൊഡക്ടീവ് ടെക്നോളജി (എആർടി) നിയമത്തിലും ചട്ടങ്ങളിലും ദമ്പതികള്‍ക്കും വിവാഹിതരല്ലാത്ത സ്ത്രീകള്‍ക്കും മാത്രമാണ് കൃത്രിമ ഗർഭധാരണത്തിനായി അണ്ഡം സൂക്ഷിക്കാൻ അനുമതിയുള്ളത്. ഹർജിക്കാരന് തന്റെ സ്വത്വം ട്രാൻസ്ജെൻഡർ പുരുഷനെന്നായി മാറ്റിയതിനെ തുടർന്ന് ട്രാൻസ്ജെൻഡർ പുരുഷൻ എന്ന സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നു.തുടർന്ന് ഹോർമോണ്‍ ചികിത്സ ആരംഭിക്കുകയും ശസ്ത്രക്രിയയിലൂടെ മാറിടം നീക്കുകയും ചെയ്തു. ഇതിന് ശേഷമാണ് അണ്ഡം സൂക്ഷിക്കുന്നതിനായി എആർടി ക്ലിനിക്കിനെ സമീപിച്ചത്. എന്നാല്‍ നിയമത്തിലെ വ്യവസ്ഥകള്‍ ചൂണ്ടിക്കാണിച്ച്‌ ക്ലിനിക്ക് അനുമതി നിഷേധിച്ചു. തുടർന്ന് തിരുവനന്തപുരം സ്വദേശിയായ ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കേന്ദ്ര സർക്കാർ ഹർജിയെ എതിർത്തു. എന്നാല്‍ ഹർജിക്കാരന് ഇപ്പോഴും ഗർഭപാത്രം ഉള്‍പ്പെടെ സ്ത്രീ എന്ന നിലയിലുള്ള എല്ലാ പ്രത്യുത്പാദന അവയവങ്ങളും നിലനില്‍ക്കുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാണിച്ചു. ജീവശാസ്ത്രപരമായ ലൈംഗികതയും (സെക്സ്) ലിംഗസ്വത്വവും (ജെൻഡർ) വ്യത്യസ്തമാണെന്നും എആർടി നിയമപ്രകാരം ജൈവശാസ്ത്രപരമായി സ്ത്രീ ആണോ എന്നത് മാത്രമാണ് പരിശോധിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി.സ്വന്തം ലിംഗസ്വത്വം ട്രാൻസ്ജെൻഡർ പുരുഷനായി തിരഞ്ഞെടുത്തതിന്റെ പേരില്‍ പ്രത്യുത്പാദനാവകാശം നിഷേധിക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. ലിംഗമാറ്റ ശസ്ത്രക്രിയ പൂർത്തിയായിട്ടില്ലെന്നും കോടതി ചൂണ്ടിക്കാണിച്ചു. തുടർന്നാണ് ഹർജിക്കാരന് അണ്ഡം സൂക്ഷിക്കാൻ അനുമതി നല്‍കിയത്. ഇതിനായി ഏതെങ്കിലും എആർടി ബാങ്കിനെ സമീപിക്കാനും കോടതി നിർദേശിച്ചു. അതേസമയം, എആർടി നിയമത്തിന്റെ ഭരണഘടനാസാധുത പരിശോധിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്നവരില്‍ അണ്ഡം സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടാകുന്ന തടസ്സങ്ങളെക്കുറിച്ച്‌ ബോധവത്കരണം അനിവാര്യമാണെന്നും കോടതി അഭിപ്രായപ്പെട്ടു. ഇതിനായി ആരോഗ്യവകുപ്പ് മാന്വല്‍ തയ്യാറാക്കുന്നതും പരിഗണിക്കണമെന്ന് കോടതി നിർദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *