ന്യൂഡൽഹി: യമുനാ നദി ശുചീകരിക്കുന്നതിനായി വൻതുക ചെലവഴിച്ചിട്ടും നദിയിലെ മലിനീകരണം വർധിക്കുകയാണുണ്ടായതെന്ന് സുപ്രീം കോടതി. നദീതീരത്തുള്ള നഗരഭരണ സംവിധാനങ്ങളുടെ പരാജയമാണ് ഇത് വ്യക്തമാക്കുന്നതെന്നും കോടതി നിരീക്ഷിച്ചു
ജസ്റ്റിസ് മനോജ് മിശ്ര, ജസ്റ്റിസ് മൻമോഹൻ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിരീക്ഷണം. ‘നദീതീരത്തുള്ള പട്ടണങ്ങൾ, നഗരങ്ങൾ, ഗ്രാമങ്ങൾ എന്നിവിടങ്ങളിലെ ഭരണ സംവിധാനങ്ങളിലുള്ള എല്ലാ പോരായ്മകളും, നദിയുടെ ശോചനീയാവസ്ഥയിലും യമുനയിലേക്ക് മലിനജലം ഒഴുക്കുന്ന 520 ഓടകളിലും പ്രതിഫലിക്കുന്നുണ്ട്’ കോടതി വ്യക്തമാക്കി. അതുകൊണ്ടാണ്, നദി ശുചീകരിക്കാൻ വൻതുക ചെലവഴിച്ചിട്ടും യമുനയിലെ മലിനീകരണം വർധിച്ചതെന്നും ബെഞ്ച് കൂട്ടിച്ചേർത്തു.വിവിധ സംസ്ഥാനങ്ങൾ, കേന്ദ്രഭരണ പ്രദേശങ്ങൾ, ജില്ലകൾ എന്നിവയുടെ അതിർത്തികളിലും യമുനാ നദി പ്രവേശിക്കുന്നതും പുറത്തുപോകുന്നതുമായ ഇടങ്ങളിലും പ്രധാന ഓടകൾ നദിയിൽ ചേരുന്ന ഇടങ്ങളിലും ജലത്തിന്റെ ഗുണനിലവാരം നിരീക്ഷിക്കാൻ സെൻട്രൽ പൊല്യൂഷൻ കൺട്രോൾ ബോർഡിനോട് കോടതി നിർദേശിക്കുകയും ചെയ്തു.ഒരു സംസ്ഥാനം, കേന്ദ്രഭരണ പ്രദേശം അല്ലെങ്കിൽ ജില്ല എന്നിവയിലൂടെ കടന്നുപോകുമ്പോൾ ജലത്തിന്റെ ഗുണനിലവാരം മോശമായാൽ, അതിന് ഉത്തരവാദികളായ അധികാരികൾ കണക്കുബോധിപ്പിക്കേണ്ടി വരുമെന്നും അവർക്കെതിരെ പിഴ ചുമത്തുമെന്നും കോടതി വ്യക്തമാക്കി. മലിനീകരണം ഉണ്ടാക്കുന്നവരിൽ നിന്നും, കൃത്യവിലോപം കാണിക്കുന്ന ഉദ്യോഗസ്ഥരിൽ നിന്നും നഷ്ടപരിഹാരം ഈടാക്കുന്നതിനുള്ള ഒരു ഫോർമുല നിർദ്ദേശിക്കാൻ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിനോട് കോടതി ആവശ്യപ്പെട്ടു. അന്വേഷണത്തിനുശേഷം, ബന്ധപ്പെട്ട സംസ്ഥാനങ്ങൾക്കോ കേന്ദ്രഭരണ പ്രദേശങ്ങൾക്കോ ഇത്തരക്കാരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കാവുന്നതാണ്.’ഒരു സംസ്ഥാനം, കേന്ദ്രഭരണ പ്രദേശം അല്ലെങ്കിൽ അതിനുള്ളിലെ ഏതെങ്കിലും ജില്ല എന്നിവയിലൂടെ കടന്നുപോകുമ്പോഴോ, അവിടെ നിന്ന് പുറത്തേക്ക് ഒഴുകുമ്പോഴോ ജലത്തിന്റെ ഗുണനിലവാരത്തിൽ ഏതെങ്കിലും തരത്തിലുള്ള കുറവ് സംഭവിച്ചാൽ, ആ സംസ്ഥാനം, കേന്ദ്രഭരണ പ്രദേശം അല്ലെങ്കിൽ ജില്ല അതിന് ഉത്തരവാദിയായിരിക്കും, കൂടാതെ അവർക്കെതിരെ പിഴയും ചുമത്തപ്പെടും’ കോടതി പറഞ്ഞു.നദി ശുദ്ധീകരിക്കുന്നതിന് കൂടുതൽ മലിനജല സംസ്കരണ പ്ലാന്റുകൾ സ്ഥാപിക്കുന്നതുമാത്രം പോരാ, വ്യാവസായിക മലിനീകരണവും സംസ്കരിക്കാത്ത മലിനജലവും അവ ഉത്ഭവിക്കുന്നിടത്തുതന്നെ തടയണമെന്നും കോടതി നിരീക്ഷിച്ചു. ഡൽഹിയിലെ ‘സോൺ O’-യിലുള്ള 35 ജലാശയങ്ങളിലും തണ്ണീർത്തടങ്ങളിലും കൈയേറ്റങ്ങളില്ലെന്ന് ‘യമുന ആക്ഷൻ പ്ലാൻ’ അവകാശപ്പെടുന്നുണ്ടെങ്കിലും, ഡൽഹി സർക്കാരിന്റെ തന്നെ അനുബന്ധ രേഖയിൽ ഈ 35 ഇടങ്ങളും കൈയേറ്റപ്പെട്ടവയാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ടെന്ന വൈരുധ്യവും കോടതി ചൂണ്ടിക്കാട്ടി. കൂടാതെ, ഡൽഹിയിലുള്ള 37 മലിനജല സംസ്കരണ പ്ലാന്റുകളിൽ ഒന്നുപോലും നിശ്ചിത മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.
