പണം മുഴുവൻ അടച്ചിട്ടും സമയബന്ധിതമായി വാഹനം നല്‍കിയില്ലെന്ന പരാതിയില്‍ പ്രമുഖ ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ‘ഒല’യ്ക്ക് തിരിച്ചടി.ആന്ധ്രാപ്രദേശിലെ ജില്ലാ ഉപഭോക്തൃ കമ്മീഷനാണ് ഉപഭോക്താവിന് നഷ്ടപരിഹാരം നല്കാൻ ഉത്തരവിട്ടിരിക്കുന്നത്. വാഹനത്തിന്റെ വിലയായ 1,34,161 രൂപയും ഒരു ലക്ഷം രൂപ പിഴയും ഉള്‍പ്പെടെ മൊത്തം രണ്ടേകാല്‍ ലക്ഷത്തിലധികം രൂപയാണ് കമ്പനി നല്‍കേണ്ടത്. ഒല റോഡ്സ്റ്റർ എക്സ് പ്ലസ് വാഹനം വാങ്ങാനായി ഒക്ടോബർ രണ്ടിന് തന്നെ ഉപഭോക്താവ് മുഴുവൻ തുകയും മുൻകൂറായി അടച്ചിരുന്നു.ഒക്ടോബർ 23-ന് ഡെലിവറി നല്‍കുമെന്നായിരുന്നു അറിയിച്ചിരുന്നതെങ്കിലും മാസങ്ങള്‍ കഴിഞ്ഞിട്ടും വാഹനം ലഭിച്ചില്ല. ഈ കാലയളവില്‍ കസ്റ്റമർ സപ്പോർട്ട് വഴിയും ദേശീയ ഉപഭോക്തൃ ഹെല്പ്പ്ലൈൻ വഴിയും നിരന്തരം ബന്ധപ്പെട്ടിട്ടും കമ്പനിയുടെ ഭാഗത്തുനിന്ന് അനുകൂല പ്രതികരണമുണ്ടായില്ല. വണ്ടി കിട്ടാതിരുന്നിട്ടും ഡിസംബർ 31-ന് ഒടിപി മുഖേന രജിസ്ട്രേഷൻ നടപടികള്‍ പൂർത്തിയായതായി കാണിച്ച് മെസ്സേജുകള്‍ എത്തിയെങ്കിലും വാഹനം കൈമാറാൻ കമ്പനി തയ്യാറായില്ല. തൊഴില്‍ കണ്ടെത്താൻ ഉയർന്ന പലിശയ്ക്ക് കടം വാങ്ങി വാഹനം വാങ്ങിയ തന്നെ കമ്പനി വഞ്ചിച്ചുവെന്ന് ഉപഭോക്താവ് കമ്മീഷന് മുമ്പില്‍ വ്യക്തമാക്കി.ഡെലിവറി തീയതി എന്നത് ഒരു സൂചന മാത്രമാണെന്നും പല നടപടിക്രമങ്ങളും പൂർത്തിയാക്കേണ്ടതുണ്ടെന്നുമുള്ള വിചിത്ര വാദമാണ് ഒല കമ്മീഷന് മുമ്പില്‍ ഉന്നയിച്ചത്. എന്നാല്‍ ഡെലിവറി വൈകിയതിന് കൃത്യമായ കാരണങ്ങളോ തെളിവുകളോ ഹാജരാക്കാൻ കമ്പനിക്ക് കഴിഞ്ഞില്ല. തുടർന്നാണ് ഉപഭോക്താവ് അടച്ച തുക 12 ശതമാനം പലിശ സഹിതം തിരികെ നല്‍കാനും, മാനസിക ബുദ്ധിമുട്ടുകള്‍ക്കും വീഴ്ചയ്ക്കും പരിഹാരമായി ഒരു ലക്ഷം രൂപ പിഴ ഈടാക്കാനും ഉപഭോക്തൃ കമ്മീഷൻ ഉത്തരവിട്ടത്.
