ഇന്ത്യൻ വംശജനായ മുസ്ലിം യുവാവിന്റെ ഹര്‍ജി തള്ളി യുഎസ് കോടതി; നാടുകടത്തല്‍ തടയാനാവില്ലെന്ന് വിധി

വാഷിംഗ്ടണ്‍: ഇന്ത്യയില്‍ താൻ നേരിട്ട ആക്രമണം ക്രൂരമായ പീഡനത്തിന്റെ പരിധിയില്‍ വരില്ലെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യൻ വംശജനായ മുസ്‌ലിം യുവാവ് നല്‍കിയ അഭയഹർജി അമേരിക്കൻ ഫെഡറല്‍ അപ്പീല്‍ കോടതി തള്ളി.സനാഉല്ല ഖാൻ മുഹമ്മദ് എന്ന യുവാവിനെ നാടുകടത്തുന്നത് തടയാൻ കഴിയില്ലെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് കോർട്ട് ഓഫ് അപ്പീല്‍സ് ഫോർ ദി സെവൻത് സർക്യൂട്ട് വ്യക്തമാക്കി.2016 ജൂണില്‍ സന്ദർശക വിസയില്‍ അമേരിക്കയിലെത്തിയ ഖാൻ മുഹമ്മദ്, വിസാ കാലാവധി കഴിഞ്ഞിട്ടും അവിടെ തുടരുകയായിരുന്നു. തുടർന്ന് 2019-ലാണ് അദ്ദേഹം രാഷ്ട്രീയ അഭയത്തിനായി അപേക്ഷ നല്‍കിയത്. ഇന്ത്യയില്‍ കന്നുകാലി കശാപ്പുമായി ബന്ധപ്പെട്ട ബിസിനസ് നടത്തിയിരുന്ന തന്റെ കുടുംബത്തിന് നേരെ ചില ഹിന്ദു സംഘടനകളില്‍ നിന്നും ഭീഷണി ഉണ്ടായതായും 2016-ല്‍ നടന്ന ആക്രമണത്തില്‍ തനിക്ക് പരിക്കേറ്റതായും അദ്ദേഹം വാദിച്ചു.എന്നാല്‍, ഈ വാദങ്ങള്‍ കോടതി തള്ളി. ഖാൻ മുഹമ്മദിന് ആ സംഭവത്തില്‍ ഉണ്ടായ നിസാര പരിക്കുകള്‍ പീഡനമായി കണക്കാക്കാൻ കഴിയില്ലെന്ന് മൂന്നംഗ ജഡ്ജിമാരുടെ പാനല്‍ നിരീക്ഷിച്ചു. ആക്രമണം നടന്ന സമയത്ത് പ്രാദേശിക പോലീസ് ഇടപെട്ട് അക്രമികളെ തുരത്തിയതായും, അതിനാല്‍ ഇന്ത്യൻ ഭരണകൂടം അക്രമികള്‍ക്ക് കൂട്ടുനില്‍ക്കുന്നു എന്ന വാദം നിലനില്‍ക്കില്ലെന്നും കോടതി വ്യക്തമാക്കി.കൂടാതെ, ഇന്ത്യയെപ്പോലൊരു വലിയ രാജ്യത്ത് ഇത്തരം ഭീഷണികളില്ലാത്ത മറ്റൊരു സ്ഥലത്തേക്ക് മാറി താമസിക്കാൻ ഇയാള്‍ക്ക് സാധിക്കുമായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. നിലവില്‍ ആ കശാപ്പുശാല പ്രവർത്തിക്കുന്നില്ലാത്തതിനാല്‍ ഭാവിയില്‍ അദ്ദേഹത്തിന് ഇന്ത്യയില്‍ ഭീഷണിയുണ്ടാകാൻ സാധ്യതയില്ലെന്നും കോടതി വിലയിരുത്തി. യുഎസ് ഇമിഗ്രേഷൻ നിയമപ്രകാരം നിശ്ചിത സമയപരിധി കഴിഞ്ഞാണ് അഭയഹർജി നല്‍കിയതെന്നും കോടതി നിരീക്ഷിച്ചു. ഇതോടെ ഖാൻ മുഹമ്മദിനെ ഇന്ത്യയിലേക്ക് നാടുകടത്താനുള്ള നടപടികള്‍ക്ക് വഴിയൊരുങ്ങി.

Leave a Reply

Your email address will not be published. Required fields are marked *