നിയമത്തിന് മുന്നിൽ മുഖ്യമന്ത്രിയും ഡി.ജി.പിയും തുല്യർ’; തച്ചങ്കരിയുടെ ഹർജിയിൽ ഹൈക്കോടതി

എറണാകുളം: അനധികൃത സ്വത്ത് സമ്പാദന കേസിൽ തടവുശിക്ഷ റദ്ദാക്കണമെന്ന മുൻ ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരിയുടെ ഹർജിയിൽ മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ സർക്കാരിന് ഹൈക്കോടതിയുടെ നിർദേശം. ശിക്ഷ മരവിപ്പിക്കണമെന്ന തച്ചങ്കരിയുടെ ആവശ്യത്തെ സർക്കാർ ശക്തമായി എതിർത്തു. നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണെന്നും ഡി.ജി.പിമാർക്കും മുഖ്യമന്ത്രിമാർക്കും ചീഫ് സെക്രട്ടറിമാർക്കും നിയമപുസ്തകത്തിൽ യാതൊരുവിധ വിവേചനവുമില്ലെന്ന പാഠമാണ് ഈ ഉത്തരവ് നൽകുന്നതെന്നും ഹൈക്കോടതി വാക്കാൽ പരാമർശിച്ചു. ജസ്റ്റിസ് എ. ബദറുദ്ദീൻ്റെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.വിജിലൻസ് കോടതി വിധികഴിഞ്ഞയാഴ്ചയാണ് കോട്ടയം വിജിലൻസ് കോടതി ടോമിൻ ജെ. തച്ചങ്കരിക്ക് നാല് വർഷം കഠിനതടവും മുപ്പത് ലക്ഷത്തിലധികം രൂപ പിഴയും വിധിച്ചത്. 2003 ജനുവരി ഒന്ന് മുതൽ 2007 ജൂലായ് ഏഴ് വരെയുള്ള കാലയളവിൽ വരവിൽ കവിഞ്ഞ 64 ലക്ഷം രൂപയുടെ സ്വത്ത് സമ്പാദിച്ചുവെന്നാണ് കേസ്. കെ.ബി.പി.എസ് എം.ഡിയായിരുന്ന കാലയളവിലാണ് അനധികൃത സ്വത്ത് സമ്പാദനം നടന്നതെന്ന് വിജിലൻസ് കണ്ടെത്തിയിരുന്നു.കൂടാതെ, സ്ഥലം വാങ്ങിയ വകയിൽ സ്റ്റാംപ് ഡ്യൂട്ടി അടയ്ക്കാതെ സർക്കാരിന് നഷ്ടം വരുത്തിയെന്ന കണ്ടെത്തലും വിജിലൻസ് കോടതി ശരിവച്ചിരുന്നു. ഈ ഉത്തരവ് റദ്ദാക്കണമെന്നും അപ്പീലിൽ അന്തിമ തീർപ്പാകുന്നതുവരെ ശിക്ഷ നടപ്പാക്കുന്നത് മരവിപ്പിച്ച് ഇടക്കാല ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് തച്ചങ്കരി ഹൈക്കോടതിയെ സമീപിച്ചത്.സർക്കാരിൻ്റെ എതിർപ്പ്ഉന്നത പദവിയിലിരുന്ന ഉദ്യോഗസ്ഥനായതിനാൽ ഇതൊരു അസാധാരണ കേസായി പരിഗണിക്കണമെന്നും ശിക്ഷ മരവിപ്പിക്കുന്നതിനെതിരെ രേഖാമൂലം എതിർപ്പ് അറിയിക്കാൻ സമയം വേണമെന്നും സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടു. സമൂഹത്തിന് തെറ്റായ സന്ദേശം നൽകുന്നതാണ് ഇത്തരം കുറ്റകൃത്യങ്ങളെന്നും പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ, പത്ത് വർഷത്തിൽ താഴെ ശിക്ഷ ലഭിച്ച കേസുകളിൽ എതിർപ്പ് സത്യവാങ്മൂലമായി നൽകാൻ സർക്കാരിന് പൂർണ അവകാശമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. എങ്കിലും കേസിൻ്റെ ഗൗരവം കണക്കിലെടുത്ത് വിശദമായ മറുപടി നൽകാൻ കോടതി സർക്കാരിന് സമയം അനുവദിക്കുകയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *