ന്യൂഡൽഹി:ഡല്ഹിസെൻട്രൽ പാർക്ക് അടച്ചുപൂട്ടിയതുമായി ബന്ധപ്പെട്ട് അടിയന്തര വാദം കേൾക്കണമെന്ന സിജെപിയുടെ ആവശ്യം തള്ളി സുപ്രീം കോടതി. സിജെപിയുടെ തിരംഗ മാർച്ചിന് മുന്നോടിയായി, കൊണാട്ട് പ്ലേസിലെ സെൻട്രൽ പാർക്ക് അടച്ചിടാൻ പുറപ്പെടുവിച്ച ഉത്തരവിനെതിരായ ഹർജിയാണ് അടിയന്തരമായി പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചത്.ഒരാൾക്ക് പ്രതിഷേധിക്കണം, മറ്റൊരാൾക്ക് നിലക്കടല വിൽക്കണം, വേറൊരാൾക്ക് ക്രമസമാധാനം നിലനിർത്തണം. ഇവയെല്ലാം പരസ്പരം ബന്ധപ്പെട്ട കാര്യങ്ങളാണ്,” എന്ന് സുപ്രീം കോടതി വാക്കാൽ അഭിപ്രായപ്പെട്ടു. ബന്ധപ്പെട്ട എല്ലാവരിലും വിവേകപൂർണമായ ചിന്താഗതി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ബെഞ്ച് പറഞ്ഞു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് ഈ ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ചത്.ഒക്ടോബർ 16, 17 തീയതികളിലാണ് ഭരണപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി സെൻട്രൽ പാർക്ക് അടച്ചിടാൻ എൻഡിഎംസി ഉത്തരവിട്ടത്. പ്രതിഷേധിക്കാനുള്ള അവകാശം, ക്രമസമാധാനം, വ്യാപാരം എന്നിവയെല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി നിരീക്ഷിച്ചു. മുഴുവൻ കുടുംബങ്ങളും ആ ദിവസം നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകളും പ്രയാസങ്ങളും മനസിലാകും. പാർക്കുകൾ അടച്ചിടുന്നത് ആ ദിവസങ്ങളിൽ ഉപജീവനത്തിനായി ബിസിനസ്സിനെ ആശ്രയിക്കുന്ന ചെറുകിട കച്ചവടക്കാരെയും അവരുടെ കുടുംബങ്ങളെയും സാരമായി ബാധിക്കുമെന്ന് കോടതി ആശങ്ക പ്രകടിപ്പിച്ചു.കച്ചവട നഷ്ടം ഉണ്ടാകുകയാണെങ്കിൽ, ഭരണഘടനാപരമായ അധികാരങ്ങൾ ഉപയോഗിച്ച് ഞങ്ങൾ ഇടപെടും. സ്വീകരിച്ച നടപടികൾ ആനുപാതികമല്ലെന്ന് കണ്ടാൽ പൊതുനിയമവും നഷ്ടപരിഹാര നിയമവും ഉൾപ്പെടെയുള്ള വ്യവസ്ഥകൾ പ്രകാരം ഇടപെടാൻ കോടതിക്ക് പൂർണ അധികാരമുണ്ടെന്നും ബെഞ്ച് വ്യക്തമാക്കി. ഈ വിഷയത്തിൽ ഹ്രസ്വമായ വാദം കേട്ട ശേഷം, ഹർജി ഒക്ടോബർ 26-നോ 27-നോ പരിഗണനയ്ക്കായി ലിസ്റ്റ് ചെയ്തേക്കാമെന്ന് ബെഞ്ച് സൂചിപ്പിച്ചു. സെൻട്രൽ പാർക്ക് അടച്ചിടാൻ വ്യാഴാഴ്ച രാത്രി വൈകിയാണ് എൻഡിഎംസി നിർദേശം നൽകിയതെന്നും ഇത് കച്ചവടത്തെ തടസപ്പെടുത്തുന്നതാണെന്നും ഹർജിക്കാരൻ്റെ അഭിഭാഷകൻ വാദിച്ചു.സിജെപിയുടെ തിരംഗ മാർച്ച്രാജ്യതലസ്ഥാനത്ത് പ്രതിഷേധങ്ങൾ ശക്തമാകുന്നതിനിടെയാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് സിജെപി ഇന്ന് തിരംഗ മാർച്ച് സംഘടിപ്പിക്കുന്നത്. വൈകിട്ട് അഞ്ച് മണിക്ക് കൊണാട്ട് പ്ലേസിലെ സെൻട്രൽ പാർക്കിൽ ദേശീയ പതാകയുമായി എത്തിച്ചേരാനാണ് ആഹ്വാനം. എന്നാൽ മാർച്ചിന് ഡൽഹി പൊലീസ് അനുമതി നിഷേധിക്കുകയായിരുന്നു.
ഡല്ഹി പ്രതിഷേധത്തിന് അനുമതി തേടിയുള്ള സിജെപിയുടെ ഹര്ജി; അടിയന്തരമായി പരിഗണിക്കാതെ സുപ്രീം കോടതി
