ജന്തർമന്തറിലേ CJP പ്രതിഷേധത്തിൽ പങ്കെടുത്ത പ്രൊഫസറെ പിരിച്ചുവിട്ട നടപടി റദ്ദാക്കി അലഹാബാദ് ഹൈക്കോടതി

ന്യൂഡൽഹി: ജന്തർമന്ദറിലെ സി.ജെ.പി. പ്രതിഷേധത്തിൽ പങ്കെടുത്ത കോളേജ് പ്രൊഫസറെ സർവീസിൽനിന്ന് പിരിച്ചുവിട്ട നടപടി അലഹാബാദ് ഹൈക്കോടതി റദ്ദാക്കി. ബറേലിയിലെ സർക്കാർ എയ്‌ഡഡ്‌ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ മോഹിത് ഭരദ്വാജിനെ പുറത്താക്കിയ നടപടിയാണ് കോടതി റദ്ദാക്കിയത്. നടപടിക്രമങ്ങൾ പാലിക്കാതെയാണ് പുറത്താക്കിയതെന്നും ഇത് കോളേജ് അച്ചടക്ക സമിതി പുനഃപരിശോധിക്കണമെന്നും കോടതി നിർദേശിച്ചു.ജൂലായ് 22-ന് ബറേലിലയിലെ ഗന്ന ഉത്പാദക് മഹാ വിദ്യാലയം എന്ന സർക്കാർ എയ്‌ഡഡ്‌ കോളേജ് പുറത്തിറക്കിയ പിരിച്ചുവിടൽ ഉത്തരവാണ് റദ്ദാക്കിയത്. ജന്തർമന്ദറിലെ സമരത്തിൽ പങ്കെടുത്തതിന് ഭരദ്വാജിന് കോളേജ് കാരണംകാണിക്കൽ നോട്ടീസ് നൽകിയിരുന്നു. നോട്ടീസിന് ഭരദ്വാജ് മറുപടി നൽകുകയും ചെയ്തിരുന്നു. എന്നാൽ, മറുപടിയിൽ ഉന്നയിച്ച കാര്യങ്ങൾ പിരിച്ചുവിടൽ ഉത്തരവ് പുറപ്പെടുവിക്കുന്നതിനുമുൻപ് അച്ചടക്ക സമിതി വേണ്ടവിധം പരിഗണിച്ചില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.അച്ചടക്കസമിതിക്ക് മുന്നിൽ ഹാജരായി വിശദമായ വിശദീകരണം നൽകാൻ ഹർജിക്കാരന് അവസരം നൽകണമെന്ന് കോടതി നിർദേശിച്ചു. മറുപടിയും രേഖകളിലുള്ള പ്രസക്തമായ വിവരങ്ങളും പരിഗണിച്ചശേഷം നിയമത്തിനും സ്വാഭാവിക നീതിയുടെ തത്വങ്ങൾക്കും അനുസൃതമായി കാരണം വ്യക്തമാക്കുന്ന ഉത്തരവ് പുറപ്പെടുവിക്കണം. പരമാവധി രണ്ടു മാസത്തിനുള്ളിൽ നടപടി പൂർത്തിയാക്കണമെന്നും കോടതി നിർദേശിച്ചു.ജൂലായ് എട്ടിന് ഡൽഹിയിലെ ജന്തർമന്ദറിൽ നടന്ന വിദ്യാർഥി പ്രതിഷേധത്തിൽ പങ്കെടുത്തതിനാണ് തന്നെ ജോലിയിൽനിന്ന് നീക്കിയതെന്ന് ഭരദ്വാജ് ഹൈക്കോടതിയിൽ ഫയൽചെയ്ത ഹർജിയിൽ ആരോപിച്ചിട്ടുണ്ട്. പ്രതിഷേധത്തെത്തുടർന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതായും അദ്ദേഹം ഹർജിയിൽ ചൂണ്ടിക്കാട്ടി. ഡൽഹിയിൽനിന്ന് തിരിച്ചെത്തിയതിന് പിന്നാലെയാണ് കോളേജ് അദ്ദേഹത്തിനെതിരേ നടപടി ആരംഭിച്ചത്. തുടർന്ന്, ഉടൻ പ്രാബല്യത്തിൽ വരുംവിധം സർവീസിൽനിന്ന് നീക്കംചെയ്യുകയായിരുന്നുവന്നാണ് മോഹിത് ഭരദ്വാജിന്റെ വാദം.

Leave a Reply

Your email address will not be published. Required fields are marked *