ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ട് കോടതി

ജോലി വാഗ്ദാനം ചെയ്ത് ദളിത് യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ പാലക്കാട് നഗരസഭയിലെ കോണ്‍ഗ്രസ് കൗണ്‍സിലർ പ്രശോഭിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.മണ്ണാർക്കാട് എസ്‍സി/എസ്ടി കോടതിയാണ് രണ്ടു ദിവസത്തേക്കാണ് പ്രശോഭിനെ കസ്റ്റഡിയില്‍ വിട്ടത്. പ്രശോഭിൻ്റെ വീട്, പീഡനം നടന്ന കാർ എന്നിവിടങ്ങളില്‍ ഇന്ന് തന്നെ തെളിപ്പെടുപ്പ് നടത്തും. രണ്ട് മാസമായി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് പൊലീസില്‍ കീഴടങ്ങിയത്.ഇക്കഴിഞ്ഞ മാർച്ച്‌ 27നാണ് ദളിത് യുവതി പ്രശോഭ് സി. വത്സനെതിരെ ലൈംഗിക പീഡന പരാതി ഉയർത്തിയത്. ജോലി വാഗ്ദാനം ചെയ്ത് താമസസ്ഥലത്തെത്തി പീഡിപ്പിച്ചുവെന്നും ഉന്നത കോണ്‍ഗ്രസ് നേതാക്കളുമായുള്ള ബന്ധം ചൂണ്ടിക്കാട്ടി ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതിയില്‍ ആരോപിക്കുന്നത്. ബലാത്സംഗം, എസ്‌സി-എസ്ടി പീഡന നിരോധന നിയമം എന്നീ ഗുരുതരമായ വകുപ്പുകള്‍ ചുമത്തിയാണ് പ്രശോഭിനെതിരെ കേസെടുത്തത്. ഷാഫി പറമ്പില്‍, രാഹുല്‍ മാങ്കൂട്ടത്തില്‍ തുടങ്ങിയ ഉന്നത നേതാക്കളുമായുള്ള തന്റെ അടുത്ത ബന്ധം പറഞ്ഞ് പ്രശോഭ് തന്നെ ഭീഷണിപ്പെടുത്തിയിരുന്നതായി യുവതിയുടെ പരാതിയില്‍ പറയുന്നു. സംഭവം രാഷ്ട്രീയ വിവാദമായതോടെ ഡിസിസി നേതൃത്വം ഇടപെട്ട് പ്രശോഭിനെ പാർട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *