കണ്ണൂർ എഡിഎമ്മായിരുന്ന നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കഴിഞ്ഞ ദിവസം കണ്ണൂർ ടൗണ്‍ പോലീസ് സമർപ്പിച്ച തുടരന്വേഷണ റിപ്പോർട്ട് തലശേരി അഡിഷണല്‍ ജില്ല സെഷൻസ് കോടതി (രണ്ട്) ജഡ്ജി എം.തുഷാർ ഇന്നലെ പരിഗണിച്ചു. കേസ് 27 ലേക്കു മാറ്റി.തുടരന്വേഷണ റിപ്പോർട്ടില്‍ പുതുതായി 13 സാക്ഷികളെ അന്വേഷണ സംഘം ഉള്‍പ്പെടുത്തിയിട്ടുണ്ട്.അഴിമതിയാരോപണം ഉന്നയിച്ച പ്രശാന്തന്റെ ബാങ്ക് ഇടപാടുകള്‍ അന്വേഷണത്തിന്റെ ഭാഗമായി പോലീസ് പരിശോധിച്ചിരുന്നു. കൊയ്യം സർവീസ് സഹകരണ ബാങ്കില്‍ സ്വർണം പണയം വച്ചതുമായി ബന്ധപ്പെട്ട രേഖകളും റിപ്പോർട്ടിനൊപ്പം ഉണ്ട് . നവീൻ ബാബുവിന്റെ ക്വാർട്ടേഴ്സിനു സമീപത്തെ സിസി ടിവി ദൃശ്യങ്ങളുടെ പൂർണരൂപവും ഹാജരാക്കിയിരുന്നു.കേസില്‍ ഒന്നാം പ്രതിയായ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യയുടെ 2024 ജനുവരി മുതല്‍ നവംബർ വരെയുള്ള ഫോണ്‍ വിവരങ്ങള്‍ കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, പോലീസ് സമർപ്പിച്ച റിപ്പോർട്ടില്‍ മാർച്ച് മുതല്‍ നവംബർ വരെയുള്ള ഫോണ്‍ വിവരങ്ങള്‍ മാത്രമാണുണ്ടായിരുന്നത്.ഇതേപ്പറ്റി ആരാഞ്ഞപ്പോള്‍, രണ്ടു വർഷം പിറകിലുള്ള ഫോണ്‍ കോള്‍ വിശദാംശങ്ങള്‍ മാത്രമേ ലഭ്യമാകൂ എന്നുള്ള ബിഎസ്എൻഎലിന്റെയും ട്രായിയുടേയും രേഖാമൂലമുള്ള മറുപടി ഹാജരാക്കി പബ്ലിക് പ്രോസിക്യൂട്ടർ കെ.അജിത് കുമാർ വിശദീകരണം നല്കി. ഇതോടെയാണ് കേസ് നടപടികള്‍ ഈ മാസം 27ലേക്ക് മാറ്റിയത്.പ്രോസിക്യൂഷന് വേണ്ടി അഡ്വ. കെ.അജിത് കുമാറും പ്രതിഭാഗത്തിനായി അഡ്വ. കെ. വിശ്വനും നവീൻ ബാബുവിന്റെ കുടുംബത്തിനായി അഡ്വ. സജിതയുമാണ് ഹാജരായത്.
എഡിഎം നവീൻ ബാബുവിന്റെ മരണം: തുടരന്വേഷണ റിപ്പോര്‍ട്ട് പരിഗണിച്ച കോടതി കേസ് 27ലേക്കു മാറ്റി
